കുർബാന തർക്കം സംഘർഷത്തിലേക്ക് വരെ എത്തിച്ച എറണാകുളം – അങ്കമാലി അതിരൂപതയിൽ ഭരണമാറ്റം. തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാപ്ലാനിക്ക് പുതിയ ചുമതല നല്‍കി. മേജർ ആർച്ച് ബിഷപ്പിന്റെ വികാരിയായി എറണാകുളം അങ്കമാലി അതിരൂപതയിൽ ഭരണം നടത്തും. അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ പദവി അവസാനിപ്പിക്കുകയും ഈ പദവിയിലുണ്ടായിരുന്ന മാർ ബോസ്കോ പുത്തൂരിന്റെ രാജി ഫ്രാൻസിസ് മാർപ്പാപ്പ സ്വീകരിക്കുകയും ചെയ്തു. ജനുവരി 6 മുതൽ 11 വരെ നടന്ന 33–ാമത് സിനഡിന്റെ ഒന്നാം സമ്മേളനത്തിലാണ് ജോസഫ് മാർ പാംപ്ലാനിയെ മേജർ ആർച്ച് ബിഷപ്പിന്റെ വികാരിയായി തിരഞ്ഞെടുത്തത്. തലശേരി രൂപത ബിഷപ്പ് പദവിക്കു പുറമെയാണ് പുതിയ പദവി.
എറണാകുളം അങ്കമാലി അതിരൂപതയിൽ ബിഷപ്പ് ഹൗസിന് മുന്നിൽ സംഘർഷം രൂക്ഷമാകുകയാണ്. കുർബാന തർക്കത്തിൽ സിനഡ് തീരുമാനത്തിനെതിരെ നിലകൊള്ളുന്ന വിഭാഗവും പൊലീസും തമ്മിൽ പല തവണ ഏറ്റുമുട്ടി. സമരം ചെയ്ത വൈദികർക്കെതിരെ സിനഡ് നിർദ്ദേശപ്രകാരം അച്ചടക്ക നടപടി എടുത്തു. ആറ് വൈദികരെ സസ്പെൻഡ് ചെയ്തു. പ്രതിഷേധിക്കുന്ന മുഴുവൻ വൈദികരും അറസ്റ്റ് വരിക്കാനുള്ള നീക്കത്തിലാണെന്ന് വിമത വിഭാഗം പറഞ്ഞു. അങ്ങനെയെങ്കിൽ ഇന്ന് പള്ളികളിൽ കുർബാനയടക്കം നടക്കുന്നതിൽ പ്രതിസന്ധിയുണ്ടാകുമെന്നും പ്രശ്നം പരിഹരിക്കാൻ സിനഡ് ഇടപെടുന്നില്ലെന്നും വിമതർ ആരോപിച്ചു.
അതിനിടെ എറണാകുളം അങ്കമാലി അതിരൂപതയിലെ മേജർ അർച്ച് ബിഷപ്പിന്റെ വികാരിയായി മാർ പാംപ്ലാനിയുടെ നിയമനം എറണാകുളം അതിരൂപത അൽമായ മുന്നേറ്റം സ്വാഗതം ചെയ്തു. നിറഞ്ഞ സ്നേഹത്തോടെ പാപ്ലാനിയെ സ്വാഗതം ചെയ്യുന്നുവെന്ന് അല്മായ മുന്നേറ്റം പ്രസ്താവനയിലൂടെ അറിയിച്ചു. എറണാകുളം അതിരൂപത വൈദീകരും വിശ്വാസികളും സിനഡുമായി ഉണ്ടാക്കിയ സമവായത്തിന് നേതൃത്വം നൽകിയത് മാർ ജോസഫ് പാംപ്ലാനിയാണ് എന്നുള്ളത് ഏറെ പ്രതീക്ഷ നൽകുന്നതാണ്. ഏറെ കാലമായി കലാപ അന്തരീക്ഷത്തിലൂടെ കടന്നു പോകുന്ന അതിരൂപതയിൽ സമാധാനം സ്ഥാപിക്കാൻ സാധിക്കുന്ന വ്യക്തിയെ തന്നെ സിനഡ് കണ്ടെത്തി എന്നുള്ളത് ഏറെ സന്തോഷം നൽകിന്നതാണെന്ന് അല്മായ മുന്നേറ്റം പ്രസിഡന്റ് ഷൈജു ആന്റണിയും, വക്താവ് റിജു കാഞ്ഞൂക്കാരനും പ്രഖ്യാപിച്ചു. മാർ ബോസ്കോ കഴിഞ്ഞ സെപ്റ്റംബറിൽ രാജി വച്ചതാണെന്നും, മാർപ്പാപ്പ നവംബർ മാസത്തിൽ രാജി സ്വീകരിച്ചിരുന്നു എന്നും സിനഡ് സർക്കുലറിൽ നിന്ന് മനസിലാക്കുന്നു. ഇത് സത്യം ആണെങ്കിൽ നവംബർ മാസത്തിനു ശേഷം മാർ ബോസ്കോ പുറപ്പെടുവിച്ച കൽപ്പനകളും നിയമനങ്ങളും അസാധു ആണെന്ന് അൽമായ മുന്നേറ്റം അഭിപ്രായപ്പെട്ടു. ഈ നിയമനങ്ങൾ പിൻവലിച്ചു വിശ്വാസകളോട് മാപ്പ് പറയണമെന്ന് അൽമായ മുന്നേറ്റം ആവശ്യപ്പെട്ടു.
2023 ഡിസംബര്‍ ഏഴിനാണ് മാർ ബോസ്കോ പുത്തൂർ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ സ്ഥാനം ഏറ്റെടുത്തത്. 2024 സെപ്റ്റംബറിൽ ആരോഗ്യകാരണങ്ങളാൽ അദ്ദേഹം തന്റെ രാജി സമർപ്പിച്ചിരുന്നു. ഇതാണ് മാർപ്പാപ്പ അംഗീകരിച്ചത്.
സിറോ മലബാർ കത്തോലിക്കാ സഭ, അങ്കമാലി അതിരൂപത ആസ്ഥാനത്ത് പൊലീസ് നടപടി.