പത്തനംതിട്ട: മകരസംക്രമ സന്ധ്യയിൽ അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങൾ ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്ന് ഘോഷയാത്രയായി ശബരിമലയിലേക്ക് കൊണ്ടുപോകും. വലിയകോയിക്കൽ ക്ഷേത്രത്തിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ജനുവരി 14 -നാണ് മകരവിളക്ക്. ഇന്ന് ഉച്ചയ്ക്ക് 12 മണി വരെ പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ തിരുവാഭരണ ദർശനമുണ്ടാകും. തുടർന്ന് പ്രത്യേക പൂജകൾക്ക് ശേഷം ഘോയാത്ര പുറപ്പെടും. പന്തളം കൊട്ടാര പ്രതിനിധി തൃക്കേട്ടനാൾ രാജരാജവർമ്മ ഘോഷയാത്രയെ പല്ലക്കിൽ അനുഗമിക്കും. ക്ഷേത്രത്തിലെ ആചാരപരമായ ചടങ്ങുകൾ പൂർത്തിയാക്കി ഉച്ചയോടെ രാജപ്രതിനിധിക്ക് ഉടവാൾ കൈമാറിയ ശേഷം ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം ആഭരണപേടകങ്ങൾ ശിരസിലേറ്റി ഘോഷയാത്രയായി യാത്ര തുടങ്ങും. തിരുമുഖം അടങ്ങുന്ന പ്രധാനപേടകം ഗുരുസ്വാമിയും വെള്ളിയാഭരണങ്ങൾ അടങ്ങുന്ന കലശപ്പെട്ടി മരുതമന ശിവൻപിള്ളയും കൊടിയും ജീവിതയുമടങ്ങുന്ന കൊടിപ്പെട്ടി കിഴക്കേത്തോട്ടത്തിൽ ബി പ്രതാപചന്ദ്രൻ നായരുമാണ് ശിരസിലേറ്റുക.
പരമ്പരാഗത പാതയിലൂടെ വിവിധ ക്ഷേത്രങ്ങളും കടന്ന് ഘോഷയാത്ര 14 -ന് ഉച്ചയ്ക്ക് ചെറിയാനവട്ടത്ത് എത്തും. തുടർന്ന് നീലിമല താണ്ടി വൈകീട്ട് അഞ്ച് മണിയ്ക്ക് ശരംകുത്തിയിൽ എത്തിച്ചേരും. അവിടെ ഘോഷയാത്രയെ ദേവസ്വം പ്രതിനിധികൾ ചേർന്ന് ആചാരപരമായി സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. തുടർന്ന് തിരുവാഭരണം ചാർത്തി ദീപാരാധന. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയ്ക്കു ശേഷം ശബരിമല നട തുറക്കുന്നതോടെ പൊന്നമ്പലമേട്ടിൽ മകര ജ്യോതിയും ആകാശത്ത് മകര നക്ഷത്രവും തെളിയും.