പത്തനംതിട്ടയില്‍ കായികതാരമായ ദളിത് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അടിയന്തരമായി നല്‍കാന്‍ പത്തനംതിട്ട എസ്.പിയോട് വനിത കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി ആവശ്യപ്പെട്ടു.
പത്തനംതിട്ട പീഡന കേസിൽ ഇതുവരെ 20 പേർ അറസ്റ്റിലായി. അറസ്റ്റിലായവരില്‍ നവവരനും പ്ലസ് ടു വിദ്യാര്‍ഥിയും സഹോദരങ്ങളുമടക്കമുണ്ട്. പ്രതികള്‍ക്കെതിരെ പട്ടികജാതി പീഡന നിരോധന നിയമവും ചുമത്തി. അടുത്തദിവസം വിവാഹനിശ്ചയം തീരുമാനിക്കപ്പെട്ട ഒരു യുവാവടക്കം മൊത്തം 20 പേരുടെ അറസ്റ്റാണ് ഇതുവരെ രേഖപ്പെടുത്തിയതെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.
റാന്നിയിൽ നിന്നുള്ള ആറു പേരുടെ അറസ്റ്റ് ആണ് അവസാനം പൊലീസ് രേഖപ്പെടുത്തിയത്. അരവിന്ദ്, അനന്ദു പ്രദീപ്, വിഷ്ണു, ദീപു പി. സുരേഷ്, ബിനു കെ. ജോസഫ്, അഭിലാഷ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ മൂന്നുപേർ ഓട്ടോറിക്ഷ തൊഴിലാളികളാണ്. മൊത്തം എഫ്ഐആറുകളുടെ എണ്ണം 7 ആയിട്ടുണ്ട്. പെൺകുട്ടിയെ ആദ്യം ലൈംഗികമായി പീഡിപ്പിച്ചത് ഇന്നലെ അറസ്റ്റിലായ സുബിനാണെന്നും പൊലീസ് അറിയിച്ചു. അന്ന് പെൺകുട്ടിക്ക് 13 വയസാണ് ഉണ്ടായിരുന്നത്. റബ്ബർ തോട്ടത്തിൽ വച്ച് നടന്ന പീഡനത്തിന്‍റെ ദൃശ്യങ്ങൾ സുബിൻ മൊബൈൽ ഫോണിൽ പകർത്തി പ്രചരിപ്പിച്ചു. സുബിൻ പെൺകുട്ടിയെ സുഹൃത്തുക്കൾക്ക് കാഴ്ചവെച്ചതായും പൊലീസ് വിവരിച്ചു.
സുബിൻ (24), വി കെ വിനീത് (30), കെ അനന്ദു (21), എസ് സന്ദീപ് (30), ശ്രീനി എന്ന എസ് സുധി (24), അച്ചുആനന്ദ് (21) എന്നിവരാണ് ഇലവുംതിട്ട സ്റ്റേഷനിൽ രജിസ്റ്റർ ചെയത ഒരു കേസിലെ പ്രതികൾ. ആദ്യത്തെ കേസിൽ അഞ്ചാം പ്രതി സുധി പത്തനംതിട്ട പോലീസ് നേരത്തെ രജിസ്റ്റർ ചെയ്ത മറ്റൊരു പോക്സോ കേസിൽ നിലവിൽ ജയിലിലാണ്. പത്തനംതിട്ട സ്റ്റേഷനിൽ സംഭവത്തിൽ രജിസ്റ്റർ ചെയ്തത് മൂന്ന് കേസുകളാണ്. ഷംനാദ് ( 20) ആണ് ആദ്യ കേസിൽ അറസ്റ്റിലായത്. അടുത്ത കേസിൽ 6 പ്രതികളാണ് പിടിയിലായത്, ഇതിൽ ഒരാൾ 17 കാരനാണ്. അഫ്സൽ (21), ഇയാളുടെ സഹോദരൻ ആഷിക്ക് (20), നിധിൻ പ്രസാദ് (21), അഭിനവ് (18), കാർത്തിക്ക് (18) എന്നിവരാണ് പിടിയിലായ പ്രതികൾ. മറ്റൊരു കേസിൽ കണ്ണപ്പൻ എന്ന സുധീഷ് (27), നിഷാദ് എന്ന് വിളിക്കുന്ന അപ്പു (31) എന്നിവരാണ് അറസ്റ്റിലായത്. പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ 2022 -ൽ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിലെ മൂന്നാം പ്രതിയാണ് സുധീഷ്. പത്തനംതിട്ട, കോന്നി പോലീസ് സ്റ്റേഷനുകളിൽ 2014 ലെ രണ്ട് മോഷണകേസുകളിൽ ഉൾപ്പെട്ടയാളാണ് അപ്പു. മെഡിക്കൽ പരിശോധന ഉൾപ്പെടെയുള്ള നടപടികൾക്ക് ശേഷം പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.
പഠിക്കുന്ന സ്ഥാപനത്തിൽ നടത്തിയ കൗൺസിലിംഗിൽ തനിക്കുണ്ടായ ക്രൂരമായ ലൈംഗിക പീഡനങ്ങൾ കൗൺസിലർമാരെ കുട്ടി അറിയിക്കുകയായിരുന്നു. സ്ഥാപനഅധികൃതർ ഇടപെട്ട് കോന്നി നിർഭയ ഹെൻട്രി ഹോമിൽ കഴിഞ്ഞ ഡിസംബർ 6 മുതൽ പാർപ്പിച്ചുവരികയാണ്. എട്ടിനും 13 -നും സി ഡബ്ല്യു സി കൗൺസിലിങ്ങിന് വിധേയയാക്കി. നിരവധി ആളുകൾ പീഡിപ്പിച്ചതായുള്ള വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കുട്ടിയുടെ മൊഴികൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ നിർദേശപ്രകാരം പത്തനംതിട്ട വനിതാ പോലീസ് ആണ് കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുന്നത്.