ലോസ് ഏഞ്ചൽസ്: കാലിഫോര്‍ണിയയിലെ ലോസ് ആഞ്ജലിസിൽ കാട്ടുതീ പടരുന്നു. കാട്ടുതീ വ്യാപകമായതിനെ തുടര്‍ന്ന് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മുപ്പതിനായിരത്തോളം പേര്‍ പ്രദേശത്ത് നിന്ന് വീടൊഴിഞ്ഞുപോയി. പസിഫിക് പാലിസേഡ്സിൽ നിന്നാരംഭിച്ച കാട്ടുതീ ലോസ് ഏഞ്ചൽസിൽ പടരുകയാണ്. ഏകദേശം 2,900-ത്തോളം ഏക്കറിലാണ് കാട്ടുതീ പടർന്ന് പിടിച്ചത്. സാന്റാ മോണിക്കയ്ക്കും മാലിബുവിനും നടുവിലായി സ്ഥിതി ചെയ്യുന്ന പസഫിക് പാലിസേഡ്സിലാണ് കനത്ത നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തത്. പ്രദേശത്തെ നിരവധി കെട്ടിടങ്ങള്‍ നശിച്ചതിനൊപ്പം 3,000 ഏക്കറോളം ഭൂമി കത്തിനശിക്കുകയും ചെയ്തു.
നിരവധി ചലച്ചിത്രതാരങ്ങളുടെ വീട് സ്ഥിതി ചെയ്യുന്ന മേഖല കൂടിയാണിത്. രക്ഷപ്പെട്ടവരുടെ കാറുകളെ കൊണ്ട് റോഡുകള്‍ നിറഞ്ഞിരിക്കുന്ന സ്ഥിതിയാണ്. ആയിരത്തോളം വീടുകൾ കത്തിയെരിഞ്ഞെന്നാണ് പ്രാഥമിക വിവരം. ലോസ് ഏഞ്ചൽസിലെ രണ്ട് ലക്ഷത്തിലധികം വീടുകളിൽ വൈദ്യുതിയുമില്ല. കാട്ടുതീ ലോസ് ഏഞ്ചൽസിലെ വിമാന സർവീസുകളെയും ബാധിച്ചു.