വാഷിങ്ടൺ: അമേരിക്കയുടെ 47-ാമത് പ്രസിഡൻ്റായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുൻപായി ബന്ദികളെ വിട്ടയക്കണമെന്ന് ഹമാസിന് മുന്നറിയിപ്പ് നൽകി ഡൊണാള്‍ഡ് ട്രംപ്. ജനുവരി 20-ന് മുൻപ് ഇസ്രയേലി ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ഹമാസിനെ മുച്ചൂടും മുടിക്കുമെന്നാണ് ട്രംമ്പിന്റെ ഭീഷണി. ഫ്ലോറിഡയിലെ മാർ അ ലാഗോയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു ട്രംപ്. അമേരിക്കൻ ബന്ദികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഹമാസുമായുള്ള ചർച്ചകളുടെ സ്ഥിതിയെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘‘ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ പൂർണമായും നശിപ്പിക്കും. നിങ്ങളുടെ അനുരഞ്ജനശ്രമങ്ങളിൽ ഇടപെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ അധികാരത്തിൽ കയറുന്നതിനുമുൻപു ബന്ദികളെ തിരിച്ചെത്തിച്ചില്ലെങ്കിൽ മധ്യപൂർവേഷ്യയിൽ തീമഴ പെയ്യും. ഇതു ഹമാസിനു ഗുണം ചെയ്യില്ല. ആർക്കും ഗുണം ചെയ്യില്ല. ഇതിൽക്കൂടുതൽ ഞാൻ പറയുന്നില്ല. ബന്ദികളെ നേരത്തേതന്നെ വിട്ടയയ്ക്കേണ്ടതായിരുന്നു. അവരെ ബന്ദികളാക്കാനേ പാടില്ലായിരുന്നു. ഒക്ടോബർ ഏഴിന് ആക്രമണം നടത്താനേ പാടില്ലായിരുന്നു” എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനും ഉന്നത ദേശീയ സുരക്ഷാ സഹായികളും മാസങ്ങളായി ബന്ദികളെ വിട്ടയക്കുന്നതിനായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഹമാസ് സന്ധി ധാരണകൾ നിരസിച്ചതായാണ് റിപ്പോർട്ട്. ട്രംപ് രണ്ടാമത്തെ വട്ടമാണ് ‘കർശന’ മുന്നറിയിപ്പ് നൽകുന്നത്. നേരത്തെ ഇത് സംബന്ധിച്ച് ട്രംപ് ട്രൂത്ത് സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. പോസ്റ്റിൽ ബൈഡന്റെ ഭരണകൂടത്തിൻ്റെ കഴിവില്ലായ്മയെ ട്രംപ് പരിഹസിച്ചിരുന്നു.