കൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. സ്ത്രീകൾക്ക് നേരെ അശ്ലീല പരാമർശം നടത്തുക, അവ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുക തുടങ്ങിയ കുറ്റങ്ങളാണ് ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയിട്ടുള്ളത്. ഭാരതീയ ന്യായസംഹിതയിലെ 75-ാം വകുപ്പ്, ഐ.ടി. ആക്ടിലെ 67 വകുപ്പ് എന്നിവ പ്രകാരമാണ് ബോബി ചെമ്മണ്ണൂരിനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനിലെത്തിച്ചതിന് പിന്നാലെയാണ് പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ബോബിയെ ഇന്ന് ഓപ്പണ്‍ കോര്‍ട്ടില്‍ ഹാജരാക്കും. കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനുള്ള അനുമതി പൊലീസ് തേടിയേക്കും. ബോബി ചെമ്മണ്ണൂര്‍ ജാമ്യാപേക്ഷ നല്‍കിയേക്കും എന്നാണ് വിവരം. സംസ്ഥാനത്തെ പ്രമുഖ അഭിഭാഷകരുടെ സംഘം തന്നെ ബോബിക്കു വേണ്ടി രംഗത്തുണ്ട്.
വയനാട്ടിൽ നിന്ന് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ബോബി ചെമ്മണ്ണൂരിനെ അതീവ രഹസ്യമായ നീക്കത്തിലൂടെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിൽ എടുക്കാൻ ഇന്നലെ രാവിലെ നാല് മണി മുതൽ തന്നെ പൊലീസ് വയനാട്ടിലെ ബോബിയുടെ ഫാം ഹൗസിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ബോബി ചെമ്മണ്ണൂർ ഒളിവിൽ പോകുന്നത് മുൻകൂട്ടി കണ്ടുകൊണ്ടും കൂടിയായിരുന്നു ഈ നീക്കം. റിസോർട്ടിൽ നിന്ന് ബോബി ചെമ്മണ്ണൂർ പുറത്തുപോകാൻ തയ്യാറെടുക്കുമ്പോൾ പൊലീസ് കാർ വളഞ്ഞ് പിടികൂടുകയായിരുന്നു. എറണാകുളം സെൻട്രൽ പൊലീസും വയനാട് എസ്പി തപോഷ് ബസുമതാരിയുടെ സ്‌ക്വാഡും ചേർന്ന് നടത്തിയ നീക്കം ലോക്കൽ പൊലീസിനെപ്പോലും അറിയിച്ചിരുന്നില്ല.