നേപ്പാൾ ടിബറ്റൻ അതിർത്തിയിലെ ഭൂചലനം മരണസംഖ്യ 126 ആയി. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒരു മണിക്കൂറിനിടെ ആറ് തുടർചലനങ്ങളാണ് റിപ്പോർട്ട് ചെയ്തത്. നേപ്പാൾ ടിബറ്റ് അതിർത്തിയിൽ 7.1 തീവ്രതയുള്ള ഭൂചലനമാണ് റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയത്. നിരവധി കെട്ടിടങ്ങൾ തകർന്നു. കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിന് സമീപം നിരവധി കെട്ടിടങ്ങൾ തകർന്നുവീണതായും ഭൂകമ്പത്തിൽ ആകെ 200-ഓളം പേർക്ക് പരിക്കേറ്റതായും റിപോർട്ടുകൾ സൂചിപ്പിക്കുന്നു. ആയിരത്തിലധികം വീടുകളും കെട്ടിടങ്ങളും തകർന്നതായിട്ടാണ് ചൈനയുടെ സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിരവധി വളർത്തുമൃഗങ്ങളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്.
നേപ്പാളിലെ നോബുഷെയിൽ നിന്ന് 93 കിലോമീറ്റർ വടക്ക് കിഴക്കാണ് ഭൂചലനമുണ്ടായത്. ഷിഗാറ്റ്‌സെ നഗരത്തിലെ ടിൻഗ്രി കൗണ്ടിയിലാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം. ടിബറ്റിൻ്റെ തലസ്ഥാനമായ ലാസയിൽ നിന്ന് 400 കിലോമീറ്റർ തെക്കുപടിഞ്ഞാറായി നേപ്പാളിൻ്റെ അതിർത്തിയിലാണ് ടിംഗ്രി. ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടു. ദില്ലി-എൻസിആറിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ബീഹാറിൻ്റെ തലസ്ഥാനമായ പട്‌നയിലും വടക്കൻ മേഖലയിലെ ഒന്നിലധികം സ്ഥലങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു. പശ്ചിമ ബംഗാളിലും അസം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.
ദുരന്തത്തിൽ ദലൈലാമ ദു:ഖം രേഖപ്പെടുത്തി. മരണപ്പെട്ടവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നതായും പരിക്കേറ്റവർ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.