ശ്രീനഗർ: ജമ്മു കശ്‌മീരിലെ നൗഗാം പോലീസ് സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ 9 പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രിയാണ് സ്‌ഫോടനം ഉണ്ടായത്. മുപ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. സ്‌ഫോടക വസ്തുക്കള്‍ പരിശോധിക്കുന്നതിനിടെയാണ് പൊട്ടിത്തെറി എന്നാണ് വിവരം. പൊലീസ്, ഫോറന്‍സിക് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടവരില്‍ ഏറെയും. ശ്രീനഗറില്‍ നിന്നുള്ള തഹസില്‍ദാര്‍ അടക്കം രണ്ട് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടെന്നാണ് വിവരം.
ഡൽഹി ഭീകരാക്രമണക്കേസിലെ പ്രതികളിലൊരാളായ മുസമിൽ ഷക്കീലിന്റെ ഫരീദാബാദിലെ വാടക വീട്ടിൽനിന്ന് പിടിച്ചെടുത്ത 360 കിലോ സ്ഫോടകവസ്തുക്കൾ പരിശോധിക്കുന്നതിനിടെയാണ് സ്ഫോടനം. പരിക്കേറ്റവരെ ഇന്ത്യന്‍ ആര്‍മിയുടെ 92 ബേസ് ആശുപത്രിയിലും സ്‌കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്‌ഫോടനം നടത്തിയ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്. പ്രദേശം പൂര്‍ണ്ണമായും സുരക്ഷാസേന വളഞ്ഞു. സ്റ്റേഷനും വാഹനങ്ങളും പൂര്‍ണ്ണമായും കത്തിയമര്‍ന്നു.
മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ അമോണിയം നൈട്രേറ്റ് സീല്‍ ചെയ്യുന്നതിനിടെ തീ പിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്റ്റേഷന്‍ വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു കാറില്‍ ഐഇഡി ഘടിപ്പിച്ച് സ്‌ഫോടനം നടത്തിയാതാകാനുള്ള സാധ്യതയും തള്ളിക്കളഞ്ഞിട്ടില്ല.
ഫരീദാബാദ് കേന്ദ്രീകരിച്ച് വൈറ്റ് കോളർ തീവ്രവാദ മൊഡ്യൂളിനെതിരെ തുടങ്ങിയ അന്വേഷണത്തിലാണ് സ്ഫോടക വസ്‌തുക്കൾ പിടികൂടിയത്. ഈ സംഘത്തിൻ്റെ ഭാഗമായിരുന്ന ഡോക്ടർ ഉമർ ഉൻ നബിയാണ് ഡൽഹിയിൽ സ്ഫോടനം നടത്തിയതെന്ന് സ്ഥരീകരിച്ചിരുന്നു. ഒക്ടോബർ പകുതിയോടെ നൗഗാമിൽ ഭീഷണി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് ആരംഭിച്ച അന്വേഷണമാണ് ഈ തീവ്രവാദ മൊഡ്യൂളിലേക്ക് എത്തിയത്. ഈ കേസിൽ ഇതുവരെ എട്ട് പേരെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ഇതിൽ മൗലവി ഇർഫാൻ അഹമ്മദ്, ഡോക്‌ടർമാരായ മുസമ്മിൽ ഷക്കീൽ, ഷഹീൻ സയീദ് എന്നിവരുമുൾപ്പെട്ടിട്ടുണ്ട്.



