Friday, October 31, 2025
Mantis Partners Sydney
Home » സുഡാനിൽ മെറ്റേണിറ്റി ആശുപത്രിയിൽ ചികിത്സയിലിരുന്ന 460 രോ​ഗികളെ കൂട്ടക്കൊല ചെയ്തു
സുഡാനിൽ ആർഎസ്എഎഫ് ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന 460 രോ​ഗികളെ കൂട്ടക്കൊല ചെയ്തു

സുഡാനിൽ മെറ്റേണിറ്റി ആശുപത്രിയിൽ ചികിത്സയിലിരുന്ന 460 രോ​ഗികളെ കൂട്ടക്കൊല ചെയ്തു

by Editor

എൽ ഫാഷർ: സുഡാനിൽ കലാപം രൂക്ഷം. വിമത സേനയായ ആർ‌എസ്‌എഫ് (റാപ്പിഡ് സപ്പോർട്ട് ഫോഴ്സ്) പിടിച്ചടക്കിയ പടിഞ്ഞാറൻ ഡാർഫർ മേഖലയിലെ ആശുപത്രിയിൽ 460 ൽ അധികം ആളുകളെ കൂട്ടക്കൊല ചെയ്തതായി ലോകാരോഗ്യ സംഘടനയും സുഡാൻ ഡോക്ടർമാരുടെ ശൃംഖലയും അറിയിച്ചു. യുഎൻ ആരോഗ്യ ഏജൻസിയാണ് വിവരം പുറത്തുവിട്ടത്. അൽ-ഫാഷറിലെ സൗദി മെറ്റേണിറ്റി ആശുപത്രിയിൽ 460 രോഗികളെയും കൂട്ടിരിപ്പുകാരെയും കൊലപ്പെടുത്തിയതായി റിപ്പോർട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്സിൽ കുറിച്ചു.

അടിയന്തര വധശിക്ഷകൾ, സാധാരണക്കാർക്കെതിരായ ആക്രമണങ്ങൾ, വീടുതോറുമുള്ള റെയ്ഡുകൾ എന്നിവ കാരണം സുഡാനിലെ ജനം ഭീതിയിലാണെന്ന് യുഎൻ സംഘം ഒരു പ്രസ്താവനയിൽ പറഞ്ഞു. നഗരത്തിൽ പുരുഷന്മാരെയും സ്ത്രീകളെയും വേർതിരിച്ച് നിർത്തി, പുരുഷന്മാരെ കൂട്ടത്തോടെ വെടിവെച്ച് കൊലപ്പെടുത്തിയെന്നും പറയുന്നു. മധ്യ സുഡാനിലും ഡാർഫറിലും ആർ‌എസ്‌എഫിന്റെ ആക്രമണങ്ങൾ കാരണം നൂറുകണക്കിന് സിവിലിയന്മാർ കൊല്ലപ്പെട്ടതായി ആക്ടിവിസ്റ്റുകളും മനുഷ്യാവകാശ ഗ്രൂപ്പുകളും ആരോപിക്കുന്നു. നോർത്ത് ഡാർഫറിലെ സുഡാനീസ് സായുധ സേനയുടെ (SAF) അവസാന ശക്തികേന്ദ്രമായിരുന്നു ഡാർഫർ ന​ഗരം.

മൃതദേഹങ്ങൾ കൂട്ടിയിട്ട നിലയിലും രക്തം തളം കെട്ടിയ നിലയിലുമാണ് കാണപ്പെടുന്നതെന്ന് യേൽ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിന്റെ ഹ്യുമാനിറ്റേറിയൻ റിസർച്ച് ലാബിന്റെ (എച്ച്ആർഎൽ) റിപ്പോർട്ട് പറയുന്നു. സെപ്റ്റംബറിൽ ആർ‌എസ്‌എഫ് ഡ്രോൺ ആക്രമണത്തിൽ 78 പേർ കൊല്ലപ്പെട്ടിരുന്നു. ബലാത്സംഗവും കൊലപാതകവും ഉൾപ്പെടുന്ന ക്രൂരമായ ആക്രമണങ്ങളിലൂടെ കുപ്രസിദ്ധിയാർജിച്ച സായുധ സംഘടനയാണ് ആർഎസ്എഫ്. മസാലിത് പോലുള്ള അറബ് ഇതര സമൂഹങ്ങളെ ലക്ഷ്യം വച്ചാണ് ആർ‌എസ്‌എഫ് അതിക്രമങ്ങൾ നടത്തിയത്. ബലാത്സംഗത്തെ ആയുധമായി ഉപയോഗിക്കുകയും അറബ് ഇതര വംശങ്ങളിൽ അറബ് കുഞ്ഞുങ്ങളെ ഉണ്ടാക്കുകയാണെന്നും ആർഎസ്എഫ് പറയുന്നു. ആർ‌എസ്‌എഫ് നടപടികളെ വംശഹത്യയായിട്ടാണ് യുഎസ് കണക്കാക്കുന്നത്. ഡാർഫറിൽ മാത്രം 150,000-ത്തിലധികം പേർ കൊല്ലപ്പെടുകയും 12 ദശലക്ഷം പേർ കുടിയിറക്കപ്പെടുകയും ചെയ്തു.

ഒക്ടോബർ 27-ന് എൽ-ഫാഷറിന്റെ പതനത്തോടെ ആർഎസ്എഫ് ശക്തിയാർജിച്ചു. 2023 ഏപ്രിലിലാണ് സുഡാനിൽ സൈന്യമായ എസ്എസ്എഫും വിമത സേനയായ ആര്‍എസ്എഫും തമ്മിലുള്ള കലാപത്തിന് തുടക്കമാകുന്നത്. ആയിരങ്ങളാണ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. എൽ-ഫാഷറിന്റെ പ്രധാന സൈനിക കേന്ദ്രങ്ങൾ, എസ്‌എ‌എഫ് ആറാം ഡിവിഷൻ ആസ്ഥാനം, 157-ാമത് ആർട്ടിലറി ബ്രിഗേഡ് എന്നിവ ആർ‌എസ്‌എഫ് പിടിച്ചെടുത്തതായി സ്ഥിരീകരിച്ചു. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ 5,000-ത്തിലധികം ആളുകൾ പലായനം ചെയ്തതായും, അപകടസാധ്യതകൾ വകവയ്ക്കാതെ ആർ‌എസ്‌എഫ് നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലേക്ക് പോയതായും റിപ്പോർട്ടുണ്ട്. ഇരുവിഭാഗത്തിനെതിരെയും യുദ്ധക്കുറ്റങ്ങൾ ആരോപിച്ച് ഐക്യരാഷ്ട്രസഭ രംഗത്തെത്തി. 2000-കളിലെ ഡാർഫർ വംശഹത്യയിലെ കുപ്രസിദ്ധമായ ജാൻജാവീദ് മിലിഷ്യകളിൽ നിന്ന് പരിണമിച്ചാണ് ആർ‌എസ്‌എഫ് രൂപം കൊണ്ടത്. ഡാർഫറിലെ സ്വർണ ഖനികൾ ആർ‌എസ്‌എഫ് നിയന്ത്രിക്കുന്നു. യുഎഇയിലേക്കാണ് സ്വർണം കടത്തുന്നതെന്ന് പറയുന്നു.

Send your news and Advertisements

You may also like

error: Content is protected !!