Thursday, July 31, 2025
Mantis Partners Sydney
Home » 41 രാജ്യങ്ങളിലെ പൗരന്മാർക്ക് വിലക്കേർപ്പെടുത്താൻ യു എസ്; പട്ടികയിൽ പാക്കിസ്ഥാനും.
41 രാജ്യങ്ങളിലെ പൗരന്മാർക്ക് വിലക്കേർപ്പെടുത്താൻ യു എസ്; പട്ടികയിൽ പാക്കിസ്ഥാനും.

41 രാജ്യങ്ങളിലെ പൗരന്മാർക്ക് വിലക്കേർപ്പെടുത്താൻ യു എസ്; പട്ടികയിൽ പാക്കിസ്ഥാനും.

by Editor

വാഷിംഗ്ടൺ: 41 രാജ്യങ്ങളിലെ പൗരന്മാർക്ക് വ്യാപകമായ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി അമേരിക്ക. കരട് പട്ടികയിൽ ഉൾപ്പെട്ട രാജ്യങ്ങളെ മൂന്ന് വ്യത്യസ്ത ​ഗ്രൂപ്പുകളായാണ് തിരിച്ചിരിക്കുന്നത്. 10 രാജ്യങ്ങൾ അടങ്ങുന്ന ആദ്യ ഗ്രൂപ്പിന് പൂർണ്ണമായ വിസ സസ്പെൻഷൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. അഫ്ഗാനിസ്ഥാൻ, ഇറാൻ, സിറിയ, ലിബിയ, ക്യൂബ, ഉത്തരകൊറിയ, സൊമാലിയ, സുഡാൻ, വെനസ്വേല, യെമൻ എന്നീ രാജ്യങ്ങൾ ആണ് ആദ്യ ​ഗ്രൂപ്പിൽ.

രണ്ടാമത്തെ ഓറഞ്ച് ഗ്രൂപ്പിൽ എറിത്രിയ, ഹെയ്തി, ലാവോസ്, മ്യാൻമർ, ദക്ഷിണ സുഡാൻ എന്നീ അഞ്ച് രാജ്യങ്ങളാണുള്ളത്. ‌ഈ രാജ്യങ്ങളിൽ നിന്നുള്ള ബിസിനസുകാർക്ക് യുഎസ് വീസ അനുവദിക്കും. എന്നാൽ ടൂറിസം, വിദ്യാഭ്യാസം എന്നിവയ്ക്ക് എത്തുന്നവർക്കു നിയന്ത്രണം ഏർപ്പെടുത്തും.

യെലോ വിഭാഗത്തിലുള്ള 26 രാജ്യങ്ങളാണ് മൂന്നാമത്തെ പട്ടികയിലുള്ളത്. അംഗോള, ആൻ്റിഗ്വ ആൻഡ് ബാർബുഡ, ബെലാറുസ്, ഭൂട്ടാൻ, ബെനിൻ, ബുർക്കിന ഫാസോ, കംബോഡിയ, കാമറൂൺ, കേപ് വെർഡെ, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഡിആർ കോംഗോ, ഡൊമിനിക്ക, ഇക്വറ്റോറിയൽ ഗിനിയ, ഗാംബിയ, ലൈബീരിയ, മലാവി, പാക്കിസ്ഥാൻ, മൗറിറ്റാനിയ, സെന്റ് കിറ്റ്സ് ആൻഡ് നെവിസ്, സെൻ്റ് ലൂസിയ, സാവോ ടോം ആൻഡ് പ്രിൻസിപ്പെ, സിയേറ ലിവോണി, ഈസ്‌റ്റ് തിമൂർ, തുർക്ക്മെനിസ്ഥാൻ, വാനവാട്ടു എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ രാജ്യങ്ങൾ 60 ദിവസത്തിനകം സുരക്ഷ നടപടികൾ പൂർത്തിയാക്കിയില്ലെങ്കിൽ വിലക്ക് ഏർപ്പെടുത്തും.

പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്താൻ പോകുന്ന യാത്രാവിലക്ക് യുഎസിൽ പഠനം നടത്താൻ ആഗ്രഹിക്കുന്ന വിദ്യാർഥികളെയും ദോഷകരമായി ബാധിക്കും. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അടക്കമുള്ള അധികൃതരുടെ അനുമതി ലഭിച്ചെങ്കിൽ മാത്രമേ കരട് റിപ്പോർട്ട് പ്രാബല്യത്തിൽ വരൂ. പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന രാജ്യങ്ങളുടെ എണ്ണത്തിലും പേരുകളിലും മാറ്റം വന്നേക്കാമെന്നും വിവരമുണ്ട്.

Send your news and Advertisements

You may also like

error: Content is protected !!