ഒട്ടാവ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 25% തീരുവ ഏർപ്പെടുത്തിയതിനെ തുടർന്ന്, യുഎസുമായുള്ള എഫ്-35 ഫൈറ്റർ ജെറ്റ് കരാർ റദ്ദാക്കാൻ കാനഡ ഒരുങ്ങുന്നു. അമേരിക്കൻ എഫ്-35 സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകൾക്കായുള്ള ഓർഡർ പിൻവലിക്കാനാണ് കാനഡയിലെ പുതിയ ഭരണകൂടം ചിന്തിക്കുന്നത്. കനേഡിയൻ വ്യോമസേന യുഎസ് ഫൈറ്ററുകൾ സ്വീകരിക്കണമെന്ന് ശുപാർശ ചെയ്തിരുന്നെങ്കിലും, മറ്റ് ഓപ്ഷനുകളും പരിഗണിക്കുമെന്ന് പ്രതിരോധ മന്ത്രി ബിൽ ബ്ലെയർ വ്യക്തമാക്കി.
2023-ലാണ് കാനഡ യുഎസുമായുള്ള എഫ്-35 ഫൈറ്റർ ജെറ്റ് കരാർ അന്തിമമാക്കിയത്. ആ വർഷം ജൂണിൽ, 88 ജെറ്റുകൾക്കായി ലോക്ക്ഹീഡ് മാർട്ടിനുമായി 19 ബില്യൺ ഡോളറിന്റെ കരാറിൽ കാനഡ ഒപ്പുവച്ചു. ഈ ഇടപാട് മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഭരണകാലത്താണ് നടന്നത്.
2026-ഓടെ കാനഡയ്ക്ക് എഫ്-35 യുദ്ധവിമാനങ്ങളുടെ ആദ്യ സെറ്റ് ലഭിക്കേണ്ടതുണ്ട്. 16 ജെറ്റുകൾക്കുള്ള പണമടയ്ക്കൽ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. ആദ്യ ബാച്ച് സ്വീകരിക്കാമെന്നും ശേഷിക്കുന്നവയ്ക്കായി സ്വീഡിഷ് നിർമ്മിത സാബ് ഗ്രിപെൻ പോലുള്ള യൂറോപ്യൻ നിർമ്മാതാക്കളെ ആശ്രയിക്കാമെന്നും പ്രതിരോധ മന്ത്രി ബിൽ ബ്ലെയർ വ്യക്തമാക്കി.
അടുത്തിടെ, എഫ്-35 കരാർ ഉപേക്ഷിക്കാനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ പോർച്ചുഗലുമായി ബന്ധപ്പെട്ടും വന്നിരുന്നു. ഇതിന് പിന്നാലെയാണ് സമാനമായ നീക്കവുമായി കാനഡയും രംഗത്തെത്തുന്നത്.