കോട്ടയം: പാലാ നഗരസഭയിൽ പുളിക്കകണ്ടം കുടുംബത്തിൻ്റെ പിന്തുണ യുഡിഎഫിന്. ചെയർപേഴ്സൺ സ്ഥാനം രണ്ടര വർഷം വീതം പങ്കിടും. ആദ്യ ടേമിൽ ദിയ ബിനു നഗരസഭാ അധ്യക്ഷയാകും. ഇതോടെ 21 കാരിയായ ദിയ ബിനു ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്‌സണാകും. കോണ്‍ഗ്രസ് റിബല്‍ മായ രാഹുൽ ആണ് വൈസ് ചെയർപേഴ്‌സൺ. 26 അംഗ ഭരണസമിതിയില്‍ എല്‍ഡിഎഫ് 12, യുഡിഎഫ് 10 എന്നതാണ് കക്ഷിനില. നാല് പേര്‍ സ്വതന്ത്ര അംഗങ്ങളാണ്. പാല നഗരസഭയിൽ ഇതാദ്യമായി കോൺഗ്രസ് എം പ്രതിപക്ഷ സ്ഥാനത്താകും.
രണ്ടാം ടേമിൽ സ്വതന്ത്ര അംഗമായി വിജയിച്ച മായ രാഹുൽ ചെയർപേഴ്‌സൺ ആകും.
പാലാ നഗരസഭയിൽ ബിനു പുളിക്കകണ്ടം, ബിനുവിൻ്റെ സഹോദരൻ ബിജു പുളിക്കകണ്ടം, ബിനുവിൻ്റെ മകൾ ദിയ എന്നിവരാണ് സ്വതന്ത്രരായി വിജയിച്ചത്. പാലാ നഗരസഭയിലെ 13, 14, 15 വാർഡുകളിലാണ് ഇവർ മത്സരിച്ചത്. 20 വർഷമായി കൗൺസിലറായ ബിനു ഒരു തവണ ബിജെപി സ്ഥാനാർഥിയായും ഒരു തവണ സിപിഎം സ്ഥാനാർഥിയായും രണ്ട് തവണ സ്വതന്ത്രനായുമാണ് ജയിച്ചത്. ഇപ്പോഴത്തെ നഗരസഭയിൽ സിപിഎം ചിഹ്നത്തിൽ മത്സരിച്ചു ജയിച്ച ഏകയാളായിരുന്നു ബിനു.
കേരള കോൺഗ്രസ് (എം) മായുള്ള തർക്കങ്ങൾക്കൊടുവിൽ ബിനുവിനെ സിപിഎം പുറത്താക്കിയിരുന്നു. അതേസമയം കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കൊപ്പം സജീവമായി പ്രവർത്തിച്ചയാളാണ് ബിജു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ വോട്ട് ചെയ്‌തിരുന്നു. കന്നി മത്സരത്തിനിറങ്ങിയ ദിയ മദ്രാസ് ക്രിസ്ത്യൻ കോളജിൽ നിന്ന് ബിഎ പഠനശേഷം എംബിഎ പഠനത്തിനുള്ള ഒരുക്കത്തിലാണ്. 40 വർഷം കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന പി.വി സുകുമാരൻ നായർ പുളിക്കക്കണ്ടത്തിൻ്റെ മക്കളാണ് ബിനുവും ബിജുവും.
ഏതെങ്കിലും മുന്നണിക്കൊപ്പം നിന്നാല്‍ വനിതാ സംവരണമായ നഗരസഭ അധ്യക്ഷസ്ഥാനം ദിയയ്ക്ക് നല്‍കണമെന്ന ആവശ്യമായിരുന്നു ബിനു ഉയര്‍ത്തിയത്. തനിക്കോ സഹോദരനോ ഉപാധ്യക്ഷസ്ഥാനവും ബിനു മുന്നോട്ട് വെച്ചിരുന്നു. മന്ത്രി വി എന്‍ വാസവനും സിപിഐഎം ജില്ലാ സെക്രട്ടറി ടി ആര്‍ രഘുനാഥനും ഒന്നിച്ചെത്തി ബിനുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ യുഡിഎഫിനൊപ്പമാണെന്ന തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് പുളിക്കക്കണ്ടം കുടുംബം.



