മുംബൈ: 2026 ലെ ടി-20 ലോകകപ്പിന്റെ ഔദ്യോഗിക ഷെഡ്യൂൾ ഐസിസി പ്രഖ്യാപിച്ചു. 2016-ന് ശേഷം ഇതാദ്യമായാണ് ടി20 ലോകകപ്പ് ഇന്ത്യയിലെത്തുന്നത്. അഞ്ച് ടീമുകളുള്ള നാല് ഗ്രൂപ്പുകളിലായി 20 ടീമുകളാണ് ഇത്തവണ ടി20 ലോകകപ്പിൽ മത്സരിക്കുന്നത്. ഇന്ത്യയെ കൂടാതെ ശ്രീലങ്കയും ലോകകപ്പിന് വേദിയാണ്. ടൂർണമെന്റ് 2026 ഫെബ്രുവരി 7-ന് ആരംഭിക്കും. കൊളംബോയിൽ പാക്കിസ്ഥാനും നെതർലാൻഡ്‌സും തമ്മിലുള്ള മത്സരത്തോടെയാണ് 2026 ടി20 ലോകകപ്പ് ആരംഭിക്കുന്നത്. ഫൈനൽ മാർച്ച് 8-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കും. അതേസമയം, പാകിസ്ഥാൻ ഫൈനലിൽ എത്തിയാൽ കൊളംബോയിലായിരിക്കും ഫൈനൽ നടക്കുക.
ആതിഥേയരും, നിലവിലെ ചാമ്പ്യന്മാരുമായ ഇന്ത്യ ഗ്രൂപ്പ് എയിൽ ആണുള്ളത്. പാക്കിസ്ഥാൻ, നമീബിയ, യുഎസ്എ, നെതർലാൻഡ്‌സ് എന്നിവരാണ് ഇന്ത്യക്കൊപ്പം എ ഗ്രൂപ്പിലുള്ളത്. ആരാധകർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടം ഫെബ്രുവരി 15-ന് കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കും. കൊളംബോയിൽ വെച്ച് ഒരു ലോകകപ്പിൽ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുന്നത് ഇത് രണ്ടാം തവണയാണ്. ഇതിന് മുൻപ് വനിതാ ഏകദിന ലോകകപ്പിൽ ഇതേ വേദിയിൽ ഇന്ത്യ-പാക്കിസ്ഥാൻ മത്സരം നടന്നിരുന്നു.
2026 ലെ ഐസിസി പുരുഷ ടി20 ലോകകപ്പിന് യോഗ്യത നേടിയ ടീമുകൾ
ഇന്ത്യ, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ഓസ്ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, യുണൈറ്റഡ് സ്റ്റേറ്റ്സ്, വെസ്റ്റ് ഇൻഡീസ്, അയർലൻഡ്, ന്യൂസിലാൻഡ്, പാക്കിസ്ഥാൻ, കാനഡ, നെതർലാൻഡ്‌സ്, ഇറ്റലി, സിംബാബ്‌വെ, നമീബിയ, നേപ്പാൾ, ഒമാൻ, യുഎഇ.
ഗ്രൂപ്പ് എ: ഇന്ത്യ, യുഎസ്എ, നമീബിയ, നെതർലൻഡ്‌സ്, പാക്കിസ്ഥാൻ.
ഗ്രൂപ്പ് ബി: ഓസ്ട്രേലിയ, ശ്രീലങ്ക, സിംബാബ്‌വെ, അയർലൻഡ്, ഒമാൻ.
ഗ്രൂപ്പ് സി: ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ്, ഇറ്റലി, നേപ്പാൾ.
ഗ്രൂപ്പ് ഡി: ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്, അഫ്ഗാനിസ്ഥാൻ, കാനഡ, യുഎഇ.



