കാൻബറ: 2020 -ന് ശേഷം ആദ്യമായി റിസർവ് ബാങ്ക് ഓഫ് ഓസ്ട്രേലിയ പലിശ നിരക്കുകൾ കുറച്ചു. പലിശ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് 4.35 ശതമാനത്തിൽ നിന്ന് 4.10 ശതമാനമാക്കി. ഏപ്രിലിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് പലിശ നിരക്ക് കുറച്ചിരിക്കുന്നത്. ലേബർ പാർട്ടിയുടെ സാമ്പത്തിക നയങ്ങൾ ഫലപ്രദമാണെന്നതിന്റെ തെളിവാണ് റിസർവ് ബാങ്കിനെ ഈ തീരുമാനത്തിലേക്ക് എത്തിച്ചത് എന്ന് ട്രഷറർ ജിം ചാൽമേഴ്‌സ് അഭിപ്രായപ്പെട്ടു.
പ്രഖ്യാപനം വന്ന ഉടൻ തന്നെ ഓസ്‌ട്രേലിയയിലെ പ്രമുഖ നാല് വലിയ ബാങ്കുകളും ഈ ഇളവ് പൂർണ്ണമായും വേരിയബിൾ ഹോം ലോൺ ഉപഭോക്താക്കൾക്ക് കൈമാറുമെന്ന് പ്രഖ്യാപിച്ചു. ഫെബ്രുവരി 28 മുതൽ കോമൺവെൽത്ത് ബാങ്ക് (Commonwealth Bank), എഎൻസെഡ് (ANZ), എൻഎബി (NAB) എന്നിവ വേരിയബിൾ ഭവനവായ്പ നിരക്കുകൾ കുറയ്ക്കും. എന്നാൽ വെസ്റ്റ്പാക് (Westpac) മാർച്ച് 4 മുതൽ ആയിരിക്കും കുറവ് പ്രാബല്യത്തിൽ കൊണ്ടുവരുന്നത്.
പലിശയിൽ 0.25 ശതമാനം ഇളവ് വരുന്നതുമൂലം ശരാശരി $600,000 ഭവനവായ്പയുള്ള ഒരാൾക്ക് പ്രതിമാസം തിരിച്ചടവിൽ $92 കുറയും, $750,000 ഭവനവായ്പയുള്ള ഒരാൾക്ക് പ്രതിമാസം 115 ഡോളറും കുറവും വരും.



