Mantis Partners Sydney
Wednesday, February 11, 2026
Mantis Partners Sydney
Home » യേശു ക്രിസ്‌തുവിൻ്റെ കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന പാത രണ്ടായിരം വർഷങ്ങൾക്ക് ശേഷം തീർത്ഥാടകകർക്കായി തുറന്നു
യേശു ക്രിസ്‌തുവിൻ്റെ കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന പാത രണ്ടായിരം വർഷങ്ങൾക്ക് ശേഷം തീർത്ഥാടകകർക്കായി തുറന്നു

യേശു ക്രിസ്‌തുവിൻ്റെ കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന പാത രണ്ടായിരം വർഷങ്ങൾക്ക് ശേഷം തീർത്ഥാടകകർക്കായി തുറന്നു

by Editor

ജറുസലേം: യേശു ക്രിസ്‌തുവിൻ്റെ കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന പാത രണ്ടായിരം വർഷങ്ങൾക്ക് ശേഷം തീർത്ഥാടകകർക്കായി തുറന്നു കൊടുത്തു. ജെറുസലേമിലെ തീർത്ഥാടകർ ഉപയോഗിച്ചിരുന്ന അതിപുരാതനമായ പാതയാണ് വിനോദ സഞ്ചാരികൾക്കും വിശ്വാസികൾക്കുമായി തുറന്നു കൊടുത്തത്. ജറുസലേമിലെ സീലോഹ കുളത്തിൽ നിന്ന് ആരംഭിച്ച് വിശുദ്ധമായ മോറിയാ മലയിലെ യഹൂദ ദേവാലയത്തിലേക്കാണ് ഈ പാത നീളുന്നത്. ‘തീർത്ഥാടക പാത’ (Pilgrimage Road) അല്ലെങ്കിൽ ‘സ്റ്റെപ്പ്ഡ് സ്ട്രീറ്റ്’ (Stepped Street) എന്നാണ് ഇതറിയപ്പെടുന്നത്.

എഡി 70 ൽ റോമാക്കാർ ജറുസലേം നഗരം ആക്രമിച്ചു നശിപ്പിച്ചപ്പോഴാണ് ഈ ചരിത്രപ്രധാനമായ പാത മണ്ണിനടിയിലായത്. എന്നാൽ നൂറ്റാണ്ടുകളോളം മണ്ണു മൂടിക്കിടന്നത് പാതയ്ക്ക് ഒരു സുരക്ഷാ കവചമായി മാറുകയും കാര്യമായ കേടുപാടുകൾ കൂടാതെ പാത സംരക്ഷിക്കപ്പെടാൻ സഹായിക്കുകയും ചെയ്തു. ഒന്നാം നൂറ്റാണ്ടിൽ റോമൻ ഗവർണറായിരുന്ന പൊന്തിയോസ് പീലാത്തോസിൻ്റെ കാലത്താണ് ഈ പാത നിർമ്മിക്കപ്പെട്ടതെന്ന് കരുതപ്പെടുന്നു. യേശു ക്രിസ്തുവും അക്കാലത്തെ ലക്ഷക്കണക്കിന് തീർത്ഥാടകരും ഈ വഴിയിലൂടെ സഞ്ചരിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു.

ഏകദേശം 20 വർഷത്തോളം നീണ്ട ശാസ്ത്രീയമായ ഖനനത്തിലൂടെയാണ് ഈ ചരിത്രസ്‌മാരകം വീണ്ടെടുത്തത്. പാതയോടൊപ്പം തന്നെ ചരിത്രപ്രധാനമായ നിരവധി പുരാവസ്‌തുക്കളും ഖനനത്തിനിടയിൽ ലഭിച്ചു. തീർത്ഥാടകർ ദേവാലയത്തിൽ പ്രവേശിക്കുന്നതിന് മുൻപ് ശുദ്ധി വരുത്തിയിരുന്ന കുളം, പൊതു അറിയിപ്പുകൾ നൽകുന്നതിനും വേദപാരായണത്തിനുമായി ഉപയോഗിച്ചിരുന്ന സ്റ്റേജ് എന്നിവ ഇതിൽ പ്രധാനപ്പെട്ടവയാണ്.

പുരാതന യഹൂദ തീർത്ഥാടകർ തങ്ങളുടെ ശുദ്ധീകരണ കർമ്മങ്ങൾക്ക് ശേഷം ദേവാലയത്തിലേക്ക് പ്രവേശിക്കാൻ ഉപയോഗിച്ചിരുന്ന പ്രധാന വീഥിയാണിത്. സ്വന്തം ചരിത്രവേരുകളുമായി ബന്ധപ്പെടാൻ ആഗ്രഹിക്കുന്ന യഹൂദ വിശ്വാസികൾക്കും ക്രിസ്തു നടന്ന പാതയിലൂടെ സഞ്ചരിക്കാൻ ആഗ്രഹിക്കുന്ന ക്രൈസ്തവർക്കും ഒരുപോലെ പ്രധാനപ്പെട്ട ഇടമായി ഈ പാത മാറും.

ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട പുരാവസ്‌തു കണ്ടെത്തലുകളിലൊന്നായി ഇതിനെ ഗവേഷകർ വിലയിരുത്തുന്നു. 2026 ജനുവരി 20-ഓടെ ഈ പാത ഔദ്യോഗികമായി പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. സന്ദർശകർക്ക് ഇപ്പോൾ സിറ്റി ഓഫ് ഡേവിഡ് വെബ്സൈറ്റ് വഴി ടൂറുകൾ ബുക്ക് ചെയ്ത് ഈ ചരിത്രപാതയിലൂടെ നടക്കാവുന്നതാണ്. വരും ദിവസങ്ങളിൽ ജറുസലേമിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായി ഈ പാത മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Send your news and Advertisements

You may also like

error: Content is protected !!