കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ അപകടത്തിൽ രണ്ട് ഇന്ത്യൻ വനിതകൾ കൊല്ലപ്പെട്ടു. ഇരുവരും തെലങ്കാന സ്വദേശികളും ഉറ്റസുഹൃത്തുക്കളുമാണ്. ശനിയാഴ്ച വൈകുന്നേരം നടന്ന അപകടത്തിൽ ഗാർല മണ്ഡലിൽ താമസിക്കുന്ന 25 കാരിയായ പുല്ലഖണ്ഡം മേഘന റാണി, മഹബൂബാബാദ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന മുൽക്കനൂർ ഗ്രാമത്തിൽ നിന്നുള്ള 24 കാരിയായ കഡിയാല ഭാവന എന്നിവരാണ് കൊല്ലപ്പെട്ടത്. ഉന്നത പഠനത്തിന് ശേഷം ഇന്ത്യയിൽ നിന്ന് ജോലി തേടി അമേരിക്കയിൽ എത്തിയതായിരുന്നു ഇരുവരും.
ഇരുവരുടെയും കുടുംബങ്ങൾ തെലങ്കാന സർക്കാരിനോടും വിദേശകാര്യ മന്ത്രാലയത്തോടും അടിയന്തര സഹായം അഭ്യർത്ഥിച്ചു. നടപടിക്രമങ്ങൾ വേഗത്തിലാക്കാനും, അന്ത്യകർമങ്ങൾക്കായി മൃതദേഹം എത്രയും വേഗം ഇന്ത്യയിലേക്ക് കൊണ്ടുവരാനുമുള്ള നടപടികൾ സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റുമായി ഏകോപിപ്പിക്കുന്നതിന് അവർ സഹായം അഭ്യർത്ഥിച്ചു.
അപകടത്തെ കുറിച്ച് കാലിഫോർണിയയിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇരുവരുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വലിയ തുക ആവശ്യമാകുന്നതിനാൽ ഗോഫണ്ട്മി എന്ന പേജിലൂടെ ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്.



