ന്യൂഡൽഹി: ഇന്ത്യൻ വ്യോമ സേനയുടെ തകർന്നു വീണ സുഖോയ് 30 എം.കെ 1 യുദ്ധവിമാനത്തിലെ രണ്ട് പൈലറ്റുമാർക്ക് വീരമൃത്യു. സ്ക്വാഡ്രൺ ലീഡർ അനുജ്, ഫ്ളൈറ്റ് ലെഫ്റ്റനൻ്റ് പുർവേഷ് ദുരാക്കർ എന്നിവരാണ് മരണമടഞ്ഞത്. ഇന്ത്യൻ വ്യോമസേന നടത്തിയ രക്ഷാ ദൗത്യത്തിന് പിന്നാലെയാണ് മരണം സ്ഥിരീകരിച്ചത്.
പതിവ് പരിശീലന പറക്കലിനിടെ അസമിലെ ജോർഹാട്ടിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള കർബി ആംഗ്ലോങ് (Karbi Anglong) ജില്ലയിലെ മലനിരകളിലാണ് വിമാനം ഇന്നലെ രാത്രി ഏഴേമുക്കാലോടെ അപകടത്തിൽപെട്ടത്. ഇന്നലെ വൈകുന്നേരം ജോർഹട്ടിൽ നിന്ന് പറന്നുയർന്നതിന് പിന്നാലെ വിമാനത്തിന് റഡാറിൽ നിന്ന് ബന്ധം നഷ്ടമായിരുന്നു. പിന്നീട് വ്യോമസേന നടത്തിയ പരിശോധനയിലാണ് വിമാനം തകർന്നതായി സ്ഥിരീകരിച്ചത്.
റഷ്യൻ വിമാന നിർമാതാക്കളായ സുഖോയ് വികസിപ്പിച്ചെടുത്ത രണ്ട് സീറ്റുള്ള മൾട്ടിറോൾ ലോങ് റേഞ്ച് യുദ്ധവിമാനമാണ് സുഖോയ് 30 എം.കെ 1. ഇന്ത്യൻ വ്യോമസേനയ്ക്ക് വേണ്ടി എച്ച്എഎൽ ലൈസൻസിന് കീഴിലാണ് വിമാനം നിർമിച്ചിരിക്കുന്നത്. വ്യോമസേനയ്ക്ക് നിലവിൽ 260 ലധികം സുഖോയ് വിമാനങ്ങളാണുള്ളത്. 1997 മുതൽ വ്യോമസേനയിൽ ഉൾപ്പെടുത്തിയ സുഖോയ് 30 എം.കെ 1 ഏറ്റവും മികവുള്ള മുൻനിര യുദ്ധ വിമാനങ്ങളിൽ ഒന്നാണ്. അപകടകാരണം കണ്ടെത്താൻ വ്യോമസേന കോർട്ട് ഓഫ് ഇൻക്വയറിക്ക് ഉത്തരവിട്ടു.


