ഇസ്ലാമാബാദ്: ഖൈബർ പഖ്തൂൺഖ്വയിലെ വടക്കൻ വസീറിസ്ഥാൻ ജില്ലയിൽ പാക്കിസ്ഥാൻ സൈനികർക്ക് നേരെയുണ്ടായ ചാവേർ കാർബോംബാക്രമണത്തിൽ 13 സൈനികർ കൊല്ലപ്പെട്ടു, 24 പേർക്ക് പരിക്കേറ്റു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം സൈനികരുടെ വാഹന വ്യൂഹത്തിലേക്ക് ഇടിച്ച് കയറ്റിയാണ് ആക്രമണം നടത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചാവേർ ബോംബാക്രമണത്തിന് പിന്നിൽ ഇന്ത്യയാണെന്ന് പാകിസ്ഥാൻ ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് കുറ്റപ്പെടുത്തി. എന്നാൽ ഇന്ത്യയെ കുറ്റപ്പെടുത്താൻ ശ്രമിക്കുന്ന പ്രസ്താവന തെറ്റാണെന്നും ഇത് അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.
ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാനി താലിബാന്‍ ഏറ്റെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. പാക്കിസ്ഥാന്‍ താലിബാന്റെ ഹാഫിസ് ഗുല്‍ ബഹാദൂര്‍ വിഭാഗമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചതിന് പിന്നാലെ മേഖലയോട് ചേര്‍ന്ന് കിടക്കുന്ന ഖൈബര്‍ പഷ്തൂണ്‍ഖ്വ മേഖലയില്‍ അക്രമങ്ങള്‍ വര്‍ധിച്ചിരുന്നു. താലിബാന്റെ പിന്തുണയോടെ ആണ് ഇത്തരം സംഭവങ്ങളെന്ന് പാക്കിസ്ഥാന്‍ ആരോപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ താലിബാന്‍ ഇക്കാര്യം നിഷേധിക്കുകയും ചെയ്തിരുന്നു. ഈ വര്‍ഷം ഇതുവരെ ഖൈബര്‍ പഷ്തൂണ്‍ഖ്വ ബലൂചിസ്ഥാന്‍ മേഖലയില്‍ ഉണ്ടായ അക്രമങ്ങളില്‍ 290 പെരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍. ഇതില്‍ ഭൂരിഭാഗവും സൈനികരാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.