Friday, October 31, 2025
Mantis Partners Sydney
Home » ഗാസയിൽ ഇസ്രയേൽ ആക്രമണം, 104-പേർ കൊല്ലപ്പെട്ടു; കരാർ ലംഘനമുണ്ടായാൽ ശക്‌തമായി പ്രതികരിക്കുമെന്നു ഇസ്രയേൽ സൈന്യം.
സൈനികനീക്കം ശക്തമാക്കി ഇസ്രയേൽ

ഗാസയിൽ ഇസ്രയേൽ ആക്രമണം, 104-പേർ കൊല്ലപ്പെട്ടു; കരാർ ലംഘനമുണ്ടായാൽ ശക്‌തമായി പ്രതികരിക്കുമെന്നു ഇസ്രയേൽ സൈന്യം.

by Editor

ടെൽ അവീവ്: ഹമാസ് കരാർ ലംഘനം നടത്തിയെന്ന് ആരോപിച്ച് ഗാസയിൽ ഇസ്രയേലിന്റെ ശക്‌തമായ ആക്രമണം. ചൊവ്വാഴ്‌ച ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 46 കുട്ടികളും 20 സ്ത്രീകളുമുൾപ്പെടെ 104 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചതിനെ തുടർന്ന് ഡസൻ കണക്കിന് ഭീകരകേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്നാണ് ഇസ്രയേൽ വ്യക്തമാക്കിയിരിക്കുന്നത്. ​ഗാസയിൽ ഒരു ഇസ്രയേൽ സൈനികനെ ഹമാസ് ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് ഇസ്രയേൽ പ്രതിരോധ മന്ത്രി ആരോപിക്കുന്നത്. എന്നാൽ ആക്രമണവുമായി യാതൊരു ബന്ധവും ഇല്ലെന്നും വെടിനിർത്തൽ കരാറിനോട് പൂർണ്ണമായും പ്രതിബദ്ധതയുണ്ടെന്നും ഹമാസ് വ്യക്തമാക്കി.

അതേസമയം വെടിനിർത്തൽ കരാർ പാലിക്കാൻ‌ പ്രതിജ്‌ഞാബദ്ധമാണെന്നും, കരാർ ലംഘനമുണ്ടായാൽ ശക്‌തമായി പ്രതികരിക്കുമെന്നും ഇസ്രയേൽ സൈന്യം വ്യക്‌തമാക്കി. ഗാസയിൽ ഇസ്രായേൽ സൈനികർക്കെതിരെ ആക്രമണം നടത്തിയ ഹമാസ് വെടി നിർത്തൽ ലംഘിച്ചതായി ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് ചെവ്വാഴ്ച വ്യക്തമാക്കിയിരുന്നു. സൈനികരെ ആക്രമിച്ചതിനും ജീവൻനഷ്ടപ്പെട്ട ബന്ദികളെ തിരികെ നൽകാനുള്ള കരാർ ലംഘിച്ചതിനും ഹമാസ് പലമടങ്ങ് വില നൽകേണ്ടിവരുമെന്നും ഇസ്രായേൽ കാറ്റ്‌സ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഗാസയ്ക്കുള്ളിൽ വെടിനിർത്തൽ കരാർ പ്രകാരം ഐഡിഎഫ് നിയന്ത്രണത്തിലുള്ള പ്രദേശം വേർതിരിക്കുന്ന “യെല്ലോ ലൈൻ” എന്നറിയപ്പെടുന്ന ഇസ്രായേൽ ഭാഗത്തുള്ള തെക്കൻ നഗരമായ റാഫയിലാണ് ആക്രമണം നടന്നതെന്നാണ് സൈന്യത്തെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. റഫയിൽ ഒരു ഭൂഗർഭ തുരങ്ക പാത പൊളിച്ചുമാറ്റുകയായിരുന്ന ഐഡിഎഫ് എഞ്ചിനീയറിംഗ് സംഘത്തിന്റെ വാഹനങ്ങളിലൊന്നിന് നേരെ ഹമാസ് നടത്തിയ വെടിവയ്പ്പിൽ സാർജന്റ് ഫെൽഡ്‌ബോം കൊല്ലപ്പെട്ടതായാണ് ഐ​ഡിഎഫ് ആരോപിക്കുന്നത്. ഇതിന് പിന്നാലെ പ്രദേശത്തെ സൈനികരുടെ മറ്റൊരു കവചിത വാഹനത്തിന് നേരെ നിരവധി ടാങ്ക് വേധ മിസൈലുകൾ തൊടുത്തുവിട്ടെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും ഇസ്രയേൽ സൈന്യത്തെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Send your news and Advertisements

You may also like

error: Content is protected !!