Mantis Partners Sydney
Friday, March 6, 2026
Mantis Partners Sydney
Home » 100 കോടിയുടെ തട്ടിപ്പ്: മൂന്നാം പ്രതി സിന്ധു നായർ പിടിയിൽ
100 കോടിയുടെ തട്ടിപ്പ്: മൂന്നാം പ്രതി സിന്ധു നായർ പിടിയിൽ

100 കോടിയുടെ തട്ടിപ്പ്: മൂന്നാം പ്രതി സിന്ധു നായർ പിടിയിൽ

by Editor
Send your news and Advertisements

ജി ആൻഡ് ജി ഫിനാൻസ് തട്ടിപ്പുകേസില്‍ മൂന്നാം പ്രതി സിന്ധു വി നായരും അറസ്റ്റിലായി. നൂറു കോടി രൂപയോളം തട്ടിപ്പ് നടത്തിയെന്ന കേസിലെ ഒന്നാം പ്രതി ഡി. ഗോപാലകൃഷ്ണൻ നായരുടെ ഭാര്യയാണ് സിന്ധു. ഒന്നര വർഷത്തോളമായി ഇവർ ഒളിവിലായിരുന്നു. തമിഴ്നാട് പോണ്ടിച്ചേരി അതിർത്തിയിലുള്ള കൊയിലപ്പാളയത്ത് നിന്നാണ് ഇവരെ ഇന്നലെ അറസ്റ്റ് ചെയ്തത്.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ സ്റ്റേറ്റ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലാണ് സിന്ധുവിനെ അറസ്റ്റ് ചെയ്തത്. കൊയിലപ്പാളയത്ത് ഫ്ലാറ്റില്‍ യോഗാ പരിശീലക എന്ന രീതിയില്‍ ഒറ്റയ്ക്കു കഴിയുകയായിരുന്നു ഇവർ. നാഗർകോവിലില്‍ ഒളിവില്‍ കഴിഞ്ഞശേഷം ഒരുമാസം മുൻപാണ് ഇവിടെ ഫ്ലാറ്റ് എടുത്തത്. ഇന്നലെ ഉച്ചയോടെ അറസ്റ്റ് ചെയ്ത ഇവരെ അഞ്ചു മണിയോടെ തമിഴ്നാട് വില്ലുപുരം ജില്ലയിലെ വാനൂർ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി. ഇന്ന് പത്തനംതിട്ട കോടതിയില്‍ ഹാജരാക്കിയേക്കും.

100 കോടിയോളം രൂപയുടെ തട്ടിപ്പാണ് നടത്തിയെന്നാണ് വിവരം. പല ജില്ലകളിലായി 876 കേസുകളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. കേസില്‍ ഒന്നും രണ്ടും പ്രതികളായ ഡി. ഗോപാലകൃഷ്ണൻ നായർ, മകൻ ഗോവിന്ദ് ജി. നായർ എന്നിവർ 2024 ഫെബ്രുവരിയില്‍ അറസ്റ്റിലായിരുന്നു. നാലാം പ്രതിയും ഗോവിന്ദിന്റെ ഭാര്യയുമായ ലക്ഷ്മി ലേഖകുമാർ ഇതുവരെ പിടിയിലായിട്ടില്ല. ഇവർ വിദേശത്താണെന്നാണ് സൂചന.

ക്രൈംബ്രാഞ്ച് കൊല്ലം, പത്തനംതിട്ട ജില്ലകളുടെ ചുമതലയുള്ള എസ്പി എസ്. സുരേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കൊല്ലം ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പെക്ടർ എസ്. സനൂജ്, എസ്‌ ഐ സി. എസ്. ബിനു, പത്തനംതിട്ട യൂണിറ്റിലെ എസ്‌ ഐ ഇ. അല്‍ത്താഫ്, സിപിഒമാരായ അശ്വതി വിജയൻ, അനീഷ് കുമാർ എന്നിവരുടെ സംഘമാണ് ഇവരെ കണ്ടെത്തിയത്.

ജി ആൻഡ് ജി ഫിനാൻസ് എന്ന സ്ഥാപനത്തിന്റെ പേരില്‍ അമിതപലിശ വാഗ്ദാനം ചെയ്താണ് പ്രതികള്‍ വ്യാപകമായി നിക്ഷേപം സ്വീകരിച്ചതെന്നാണ് പറയപ്പെടുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം ജില്ലകളിലായി 48 ബ്രാഞ്ചുകളാണ് പ്രവർത്തിച്ചിരുന്നത്. ഒരു കൊല്ലത്തെ സ്ഥിരനിക്ഷേപത്തിന് 14 ശതമാനം, രണ്ട് കൊല്ലത്തേക്ക് 15 ശതമാനം, മൂന്ന് കൊല്ലത്തേക്ക് 16 ശതമാനം എന്നിങ്ങനെയാണ് പലിശ വാഗ്ദാനം ചെയ്തത്.

നിക്ഷേപം പിടിച്ചുകൊടുക്കുന്നവർക്ക് ഒരു ശതമാനം കമ്മിഷൻ വാഗ്ദാനംചെയ്തിരുന്നു. ആദ്യകാലത്ത് നിക്ഷേപം നടത്തിയവർക്ക് കൃത്യമായി മുതലും പലിശയും നല്‍കി. കാലാവധി പൂർത്തിയായിട്ടും പണം മടക്കി നല്‍കാത്തതിനെ തുടർന്ന് 2024 ആദ്യം നിക്ഷേപകർ കൂട്ടത്തോടെയെത്തി പണം തിരികെ ആവശ്യപ്പെട്ടു. ജനുവരി 13-ന് നിക്ഷേപകരുടെ യോഗം വിളിച്ച്‌ മാസംതോറും നിക്ഷേപത്തിന്റെ ഒരു ശതമാനം മടക്കി നല്‍കാമെന്ന് വാഗ്ദാനംചെയ്തു. നിക്ഷേപകർ ഇത് അംഗീകരിക്കാഞ്ഞതിനെ തുടർന്ന് രണ്ടുശതമാനം നല്‍കാമെന്ന ധാരണയിലായി. എന്നാല്‍ 2024 ജനുവരി 30 മുതല്‍ സ്ഥാപനങ്ങള്‍ തുറന്നില്ല. ഇതോടെയാണ് നിക്ഷേപകർ പരാതിയുമായി പൊലീസിനെ സമീപിച്ചത്. അപ്പോഴേക്കും പ്രതികള്‍ ഒളിവില്‍ പോയിരുന്നു.

You may also like

error: Content is protected !!