വാഷിംഗ്ടൺ: യുക്രൈനുമായുള്ള യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് റഷ്യക്ക് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മുന്നറിയിപ്പ്. യുദ്ധം തുടരുകയാണെങ്കിൽ റഷ്യയുടെ അമേരിക്കയിലേക്കുള്ള ഇറക്കുമതിയിൽ അധിക നികുതി, തീരുവ ചുമത്തൽ അടക്കമുള്ള സാമ്പത്തിക നിയന്ത്രണ നടപടികളെടുക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. കൂടാതെ യുക്രെയ്നെതിരായ യുദ്ധത്തിൽ റഷ്യയെ സഹായിക്കുന്ന രാജ്യങ്ങൾക്കും തീരുവ ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. സംഘർഷം അവസാനിപ്പിക്കാൻ പുടിനുമായി ചർച്ച നടത്താൻ തയ്യാറാണെന്നും ട്രംപ് വ്യക്തമാക്കി.
ഡൊണാൾഡ് ട്രംപിന്റെ ട്രൂത്ത് പോസ്റ്റിന്റെ പൂർണരൂപം
റഷ്യൻ പ്രസിഡന്റ് പുടിനുമായി എല്ലായിപ്പോഴും വളരെ നല്ല ബന്ധം നിലനിർത്തുന്ന വ്യക്തിയാണ് ഞാൻ. അതുപോലെ തന്നെ റഷ്യൻ ജനതയെയും ഞാൻ സ്നേഹിക്കുന്നു. അതിനാൽ അവരെ ഉപദ്രവിക്കാൻ ഞാൻ താത്പര്യപ്പെടുന്നില്ല. രണ്ടാം ലോകമഹായുദ്ധം വിജയിക്കാൻ 60,000,000ത്തോളം പേരുടെ ജീവൻ നഷ്ടപ്പെടുത്തി റഷ്യ നമ്മളെ സഹായിച്ചത് ഒരിക്കലും വിസ്മരിക്കാൻ കഴിയില്ല. സമ്പദ്‌വ്യവസ്ഥ തകർന്നു കൊണ്ടിരിക്കുന്നതിനാൽ റഷ്യയെയും പ്രസിഡന്റ് പുടിനെയും താൻ സഹായിക്കാൻ ആഗ്രഹിക്കുന്നു. യുദ്ധം നിർത്തുന്നതാണ് നല്ലത്. അല്ലെങ്കിൽ അവസ്ഥ കൂടുതൽ മോശപ്പെട്ട നിലയിലേക്ക് നയിക്കപ്പെടും. യുദ്ധം തുടരുകയാണെങ്കിൽ റഷ്യയുടെ അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ ഉയർന്ന താരിഫുകളും നികുതിയും ഏർപ്പെടുത്തും. മാത്രമല്ല യുക്രെയ്നെതിരായ യുദ്ധത്തിൽ റഷ്യയെ സഹായിക്കുന്ന രാജ്യങ്ങൾക്ക് തീരുവ ഏർപ്പെടുത്തുകയല്ലാതെ എനിക്ക് മറ്റ് മാർഗമില്ല. ഞാൻ പ്രസിഡൻ്റായിരുന്നെങ്കിൽ ഇങ്ങനെയൊരു യുദ്ധം ആരംഭിക്കില്ലായിരുന്നു. ഈ യുദ്ധം നമുക്ക് അവസാനിപ്പിക്കാം. എളുപ്പവഴിയാണ് എപ്പോഴും നല്ലത്. ഇനി ഒരു ജീവനും നഷ്ടപ്പെടാൻ പാടില്ല.
ട്രംപിന്റെ മുന്നറിയിപ്പിനോട് റഷ്യ ഇതുവരെ പ്രതികരിച്ചട്ടില്ല. ട്രംപ് അധികാരമേൽക്കും മുമ്പ് റഷ്യൻ എണ്ണ ഉൽപാദകർക്കും കപ്പലുകൾക്കുമെതിരെ യുഎസ് കൂടുതൽ ഉപരോധമേർപ്പെടുത്തിയിരുന്നു. റഷ്യൻ എണ്ണ ഉൽപ്പാദകരായ ഗാസ്‌പ്രോം നെഫ്റ്റ്, സുർഗുട്ട്‌നെഫ്റ്റെഗാസ്, റഷ്യൻ എണ്ണ കയറ്റുമതി ചെയ്ത 183 കപ്പലുകൾ എന്നിവയ്‌ക്കെതിരെയാണ് യുഎസ് ട്രഷറി വകുപ്പ് ഉപരോധം ഏർപ്പെടുത്തിയത്.
യുഎസ് പ്രസിഡൻ്റായി ഔദ്യോഗികമായി ചുമതലയേറ്റ ഡൊണാൾഡ് ട്രംപിനെ പുടിൻ അഭിനന്ദിച്ചിരുന്നു. യുക്രെയ്‌നെ സംബന്ധിച്ചും, ആണവായുധങ്ങളെ സംബന്ധിച്ചും യുഎസ് ഭരണകൂടവുമായി ചർച്ച തയ്യാറാണെന്നും പുടിൻ അറിയിച്ചിരുന്നു.
ഹൂതി വിമതരെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു
യെമനിലെ ഹൂതി വിമതരെ യുഎസിലെ ട്രംപ് ഭരണകൂടം വീണ്ടും ഭീകരസംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. പശ്ചിമേഷ്യയിലെ അമേരിക്കന്‍ ഉദ്യേഗസ്ഥര്‍ക്കും സമുദ്രവ്യാപാരത്തിനും ഭീഷണിയെന്നും യെമന്‍, സൗദി, യുഎഇ എന്നിവിടങ്ങളിലെ ആക്രമണങ്ങള്‍ക്ക് കാരണം ഹൂതികളെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഉത്തരവിറക്കിയിരിക്കുന്നത്. 2020-ൽ ഇത്തരത്തിൽ ഹൂതി വിമതരെ ഭീകര സംഘടനയായി പ്രഖ്യാപിച്ച ട്രംപിന്റെ തീരുമാനം ബൈഡൻ വന്നതോടെ എടുത്തുകളഞ്ഞിരുന്നു. യെമനിലെ നിരവധി പ്രദേശങ്ങളുടെ നിയന്ത്രണം ഹൂതി വിമതരുടെ കൈവശമാണ്. ഇവരുമായി സ്ഥിരം ആശയവിനിമയം നടത്തേണ്ടിവരുമെന്നതിനാൽ ഹൂതികളെ ഭീകരസംഘടനകളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നുള്ള മനുഷ്യാവകാശ സംഘടനകളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ബൈഡൻ ഇവരെ ഭീകരപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയത്.