Thursday, July 31, 2025
Mantis Partners Sydney
Home » ഹഷ് മണി കേസിൽ ട്രംപിന് നിരുപാധികം വിട്ടയയ്ക്കൽ ‘ശിക്ഷ’; തടവുമില്ല, പിഴയുമില്ല!
ട്രംപ്

ഹഷ് മണി കേസിൽ ട്രംപിന് നിരുപാധികം വിട്ടയയ്ക്കൽ ‘ശിക്ഷ’; തടവുമില്ല, പിഴയുമില്ല!

by Editor

ന്യൂയോർക്ക്: അമേരിക്കയിൽ വലിയ വിവാദമായ ഹഷ്-മണി കേസിൽ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നിരുപാധികം വിട്ടയയ്ക്കൽ ‘ശിക്ഷ’. ന്യൂയോർക്ക് കോടതിയുടേതാണ് കുറ്റവിമുക്തനാക്കികൊണ്ടുള്ള വിധി പ്രഖ്യാപിച്ചത്. അധികാരത്തിലേറാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് നിർണായക വിധി. പോൺതാരം സ്റ്റോമി ഡാനിയേൽസുമായുള്ള വിവാഹേതരബന്ധം വെളിപ്പെടുത്താതിരിക്കാൻ പണം നൽകിയെന്ന കേസിൽ കുറ്റക്കാരനെന്ന് തെളിഞ്ഞ ട്രംപിനെ, ശിക്ഷയിൽ നിന്നും നിരുപാധികം ഒഴിവാക്കിക്കൊണ്ടുള്ള വിധിയാണ് ന്യൂയോർക്ക് കോടതി ജഡ്ജി ജുവാൻ മെർച്ചൻ പുറപ്പെടുവിച്ചത്. ഫലത്തിൽ ട്രംപ് കുറ്റക്കാരനാണെന്നു കോടതി വിധിച്ചെങ്കിലും ജയിൽശിക്ഷയുടെയോ പിഴയുടെയോ ഭീഷണിയില്ലാതെ ട്രംപിനു വൈറ്റ് ഹൗസിൽ ചുമതല ഏറ്റെടുക്കാനാകും.

നിരുപാധികം വിട്ടയയ്ക്കലാണു ട്രംപിനു വിധിച്ച ‘ശിക്ഷ’. മുൻ പ്രസിഡന്റും ഭാവി പ്രസിഡന്റുമായ അദ്ദേഹത്തിനെതിരെ 34 കുറ്റങ്ങളാണു ചുമത്തപ്പെട്ടത്. 2 മാസത്തോളം വിചാരണ നടന്നു. എല്ലാ കുറ്റങ്ങളിലും കുറ്റക്കാരനായും കണ്ടെത്തി. എന്നാൽ, കേസുകളെ ജനം കണക്കിലെടുത്തില്ല, വൻ ഭൂരിപക്ഷത്തിൽ പ്രസി‍ഡന്റ് സ്ഥാനത്തേക്കു ജയിപ്പിച്ചു. ഇതോടെയാണു ശിക്ഷയിൽനിന്നു ട്രംപ് രക്ഷപ്പെട്ടത്. 78 വയസ്സുള്ള ട്രംപിനു 4 വർഷം വരെ ജയിൽ ശിക്ഷ കിട്ടാവുന്ന കുറ്റത്തിലാണു വെറുതെവിട്ടതെന്നതും ശ്രദ്ധേയം.

ജനുവരി 20 -ന് പ്രസിഡന്റ് സ്ഥാനാരോഹണം നടത്താനിരിക്കുന്ന ട്രംപ്, ഒരു ക്രിമിനൽ വിചാരണ നേരിടുന്ന ആദ്യത്തെ യു. എസ് നിയുക്ത പ്രസിഡന്റാണ്. കേസിൽ ശിക്ഷ വൈകിപ്പിക്കാനുള്ള ട്രംപിന്റെ ശ്രമം സുപ്രീംകോടതി വ്യാഴാഴ്ച തള്ളിയിരുന്നു. അമേരിക്കൻ പ്രസിഡന്‍റായി വീണ്ടും അധികാരത്തിലേറാനിരുന്ന ഡോണൾഡ് ട്രംപിന്, ഹഷ് മണി കേസ് വലിയ വെല്ലുവിളിയായിരുന്നു.

പോൺ താരം സ്റ്റോമി ഡാനിയേൽസുമായുള്ള വിവാഹേതര ബന്ധം വെളിപ്പെടുത്താതിരിക്കാൻ അവർക്ക് പണം നൽകിയെന്നതാണ് വിവാദമായ ഹഷ് മണി കേസ്. 2006 ലാണ് ട്രംപുമായി സ്റ്റോമിക്ക് ലൈംഗിക ബന്ധമുണ്ടായിരുന്നത്. ഈ ബന്ധം മറച്ചുവയ്ക്കാനായി 2016 ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ട്രംപ്, 1.30 ലക്ഷം ഡോളർ നൽകിയെന്നും ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടിയെന്നുമാണ് കേസ്. 2006-ൽ ഗോൾഫ് മത്സരവേദിയിലാണ് ട്രംപുമായി സ്റ്റോമി പരിചയത്തിലാകുന്നത്. അന്ന് റിയൽ എസ്റ്റേറ്റ് ബിസിനസ് രംഗത്തായിരുന്നു ട്രംപ് പ്രവർത്തിച്ചിരുന്നത്. തന്റെ ആത്മകഥ പുറത്തിറങ്ങാതിരിക്കാനാണ് ട്രംപ് തനിക്ക് പണം നൽകിയതെന്ന് സ്റ്റോമി കോടതിയിൽ വ്യക്തമാക്കിയിരുന്നു.

Send your news and Advertisements

You may also like

error: Content is protected !!