Wednesday, July 2, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » സ്മരണാഞ്ജലി…. സൈമൺ ബ്രിട്ടോ
സ്മരണാഞ്ജലി.... സൈമൺ ബ്രിട്ടോ

സ്മരണാഞ്ജലി…. സൈമൺ ബ്രിട്ടോ

27 March 1954 – 31 December 2018

by Editor

കേരളത്തിലെ പന്ത്രണ്ടാം നിയമസഭയിൽ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായി നാമ നിർദ്ദേശം ചെയ്യപ്പെട്ട അംഗവും സിപി എം പ്രവർത്തകനുമായിരുന്ന സൈമൺ ബ്രിട്ടോ ഓർമ്മയായിട്ട് ഇന്ന് ആറാണ്ട്. സൈമൺ ബ്രിട്ടോ റോഡ്രിഗ്സ് എന്നാണു പൂർണ്ണനാമം. സി.പി.ഐ. (എം) നേതാവായിരുന്ന അദ്ദേഹം ജീവിതത്തിന്റെ നല്ലൊരു ഭാഗവും ചക്രക്കസേരയിലാണ് ചെലവഴിച്ചത്.

എറണാകുളത്തിനടുത്ത്‌ പോഞ്ഞിക്കരയിൽ നിക്കോളാസ് റോഡ്രിഗ്സിന്റെയും ഇറിൻ റോഡ്രിഗ്സിന്റെയും മകനായി 1954 മാർച്ച്‌ 27-ന്‌ ജനിച്ചു. പച്ചാളം സെന്റ്‌ ജോസഫ്‌ എച്ച്‌.എസ്‌, എറണാകുളം സെന്റ്‌ ആൽബർട്ട്‌സ്‌ കോളേജ്‌, ബീഹാറിലെ മിഥില യൂണിവേഴ്‌സിറ്റി, തിരുവനന്തപുരം ലോ അക്കാദമി, എറണാകുളം ലോ കോളേജ്‌ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം.

എൽ.എൽ.ബി. പഠനം പൂർത്തിയാക്കിയിട്ടില്ല. എസ്‌.എഫ്‌.ഐ. സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌, കേരള ഗ്രന്ഥശാലാ സംഘം സംസ്ഥാന പ്രതിനിധി, കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് കൗൺസിൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്‌.

1983 ഒക്‌ടോബർ 14-ന്‌ കത്തിക്കുത്തേറ്റ്‌ അരയ്‌ക്ക്‌ താഴെ സ്വാധീനം നഷ്ടപ്പെട്ടു. തുടർന്നുള്ള കാലം മുഴുവൻ അദ്ദേഹം ചക്രക്കസേരയിലായിരുന്നു. എങ്കിലും പൊതുജീവിതത്തിൽ നിറസാന്നിദ്ധ്യമായിരുന്നു അദ്ദേഹം. ഇക്കാലത്ത് അദ്ദേഹം ഗ്രന്ഥരചനയും ആരംഭിച്ചു. ‘അഗ്രഗാമി‘ എന്ന നോവലിലൂടെയാണ് അദ്ദേഹം ഗ്രന്ഥരചന തുടങ്ങിയത്. ഇതിന് 2003-ൽ അബുദാബി ശക്തി അവാർഡ് അദ്ദേഹം നേടി.  2006-ലാണ് പന്ത്രണ്ടാം നിയമസഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. ഹൃദയാഘാതത്തെത്തുടർന്ന് 2018 ഡിസംബർ 31-ന് തൃശ്ശൂരിലെ ദയാ ആശുപത്രിയിൽ വച്ച് അദ്ദേഹം അന്തരിച്ചു. ആയിടെയുണ്ടായ ഒരു യാത്രയെക്കുറിച്ച് പുസ്തകം രചിയ്ക്കുന്നതിനിടയിലാണ് അദ്ദേഹത്തിന് ഹൃദയാഘാതം അനുഭവപ്പെട്ടത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും അല്പസമയത്തിനകം അന്ത്യം സംഭവിയ്ക്കുകയായിരുന്നു. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിന് കൈമാറി.

സീന ഭാസ്കറാണ് ഭാര്യ. 1995-ലായിരുന്നു ഇവരുടെ വിവാഹം. ഇവർക്ക് നിലാവ് എന്നൊരു മകളുണ്ട്.

2003-ൽ നോവലിനുള്ള അബുദാബി ശക്തി അവാർഡ്‌ (പ്രഥമനോവൽ ‘അഗ്രഗാമി’ക്ക്‌ .)
2006-ലെ സമഗ്രസംഭാവനക്കായുള്ള പാട്യം അവാർഡ്‌  എന്നിവയാണ് ലഭിച്ച പ്രധാന പുരസ്ക്കാരങ്ങൾ.
കലാലയരാഷ്ട്രീയത്തിലെ നീറുന്ന ഒരോർമ്മയായ ബ്രിട്ടോയുടെ ഓർമ്മക്കുമുമ്പിൽ പ്രണാമം.

പ്രസാദ് എണ്ണയ്ക്കാട്

 

Send your news and Advertisements

You may also like

error: Content is protected !!