കാലിഫോർണിയ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന ബഹിരാകാശയാത്രികർ സുനിത വില്യംസും ബുച്ച് വിൽമോറും ഉടൻ ഭൂമിയിലേക്ക് മടങ്ങും. അവരുടെ മടങ്ങിവരവിന് നാസ ഔദ്യോഗികമായി തീയതി പ്രഖ്യാപിച്ചു. അടുത്ത തിങ്കളാഴ്ച (March 17) ഇന്ത്യൻ സമയം വൈകിട്ട് 6.35 ന് ക്രൂ-9 ദൗത്യസംഘം ബഹിരാകാശ നിലയത്തിൽ നിന്ന് പുറപ്പെടും. എന്നാൽ കാലാവസ്ഥാ സാഹചര്യങ്ങളെ ആശ്രയിച്ച് ഈ തീയതിയും സമയവും മാറ്റാവുന്ന സാഹചര്യമുണ്ടെന്നും നാസ അറിയിച്ചു.
ഇന്നലെ പുലർച്ചെയുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് മാറ്റിവച്ച സ്പേസ് എക്സ് ക്രൂ-10 ദൗത്യത്തിന്റെ വിക്ഷേപണം നാളെ രാവിലെ നടക്കുമെന്നും നാസ അറിയിച്ചു. നാലംഗ സംഘമാണ് ഈ ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശ നിലയത്തിലേക്ക് പോകുന്നത്. ഇന്ത്യൻ സമയം പുലർച്ചെ 4.56 നാണ് വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്.
ബോയിംഗിന്റെ സ്റ്റാർലൈനർ പേടകത്തിൽ യാത്ര തുടങ്ങിയ സുനിതയും വിൽമോറും കഴിഞ്ഞ ജൂൺ 5 -നാണ് ബോയിംഗിന്റെ സ്റ്റാർലൈനർ പേടകത്തിൽ ബഹിരാകാശത്തിലേക്ക് പുറപ്പെട്ടത്. എന്നാൽ പേടകത്തിന്റെ പ്രൊപ്പൽഷൻ സംവിധാനത്തിലെ തകരാറും ഹീലിയം ചോർച്ചയും മൂലം, നിശ്ചയിച്ചിരുന്ന എട്ട് ദിവസത്തെ ദൗത്യത്തിന് ശേഷം ഇരുവർക്കും നിർദിഷ്ട സമയത്ത് ഭൂമിയിലേക്ക് മടങ്ങാനായില്ല.
നിരവധി തവണ ഇവരെ തിരികെയെത്തിക്കാൻ നാസ ശ്രമിച്ചെങ്കിലും സ്റ്റാർലൈനറിന്റെ സുരക്ഷാ പ്രശ്‌നങ്ങൾ പരിഗണിച്ച് മടക്കയാത്ര പുനർനിശ്ചയിക്കേണ്ടിവന്നു. ഒടുവിൽ, 2024 സെപ്റ്റംബർ 7-ന്, നാസയും ബോയിംഗും ചേർന്ന് സ്റ്റാർലൈനറിനെ ആളില്ലാതെ ന്യൂ മെക്സിക്കോയിൽ ലാൻഡ് ചെയ്യുകയായിരുന്നു. ഇതോടെ സുനിത വില്യംസിനും ബുച്ച് വിൽമോറിനും ബഹിരാകാശ നിലയത്തിൽ തുടരേണ്ടി വന്നു.
ബഹിരാകാശ യാത്രയ്ക്കിടെ സുനിത വില്യംസ് ഒരു പുതിയ ലോക റെക്കോർഡും സ്ഥാപിച്ചു. ഏറ്റവും കൂടുതൽ സമയം ബഹിരാകാശ നടത്തം പൂർത്തിയാക്കിയ വനിത എന്ന റെക്കോർഡ് സുനിത വില്യംസ് സ്വന്തമാക്കി. നിരവധി സാങ്കേതിക ബുദ്ധിമുട്ടുകൾ നേരിട്ട ശേഷമാണ് സുനിത വില്യംസും ബുച്ച് വിൽമോറും ബഹിരാകാശ ദൗത്യത്തിൻ്റെ അവസാന ഘട്ടത്തിലേക്ക് എത്തുന്നത്. അവരുടെ സുരക്ഷിത മടങ്ങിവരവിനായി നാസയും ബോയിംഗും കൃത്യമായ സന്നാഹങ്ങളൊരുക്കിക്കഴിഞ്ഞു.