പഞ്ചാഗ്നി, നഖക്ഷതങ്ങൾ, കാതോട് കാതോരം എന്നീ മൂന്ന് സിനിമകളിലായി ആകെ ഒമ്പതു പാട്ടുകളുണ്ട്. ഒമ്പതും എഴുതിയത് ഓഎൻവി യാണ്. ഓഎൻവി പ്രിയകവിയാകാൻ കാരണമായത് ആ പാട്ടുകളാണ്. ഊണിലും ഉറക്കിലും ആ വരികൾ മനസ്സിൽ താലോലിച്ച് എംടി യോട് തോന്നിയതു പോലൊരു മമത ഓഎൻവിയോടും തോന്നാൻ തുടങ്ങി.
കരിവെള്ളൂർ ഏവൺലൈബ്രറിയിൽ നിന്നും കഥകളോ നോവലുകളോ മാത്രം എടുത്ത് വായിച്ചിരുന്ന ഞാൻ കവിതാ പുസ്തകങ്ങളെടുക്കാൻ നിമിത്തമായത് എം ടി യുടെ സിനിമകളാണ് എന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിയാവില്ല. കഥയുടെ ഭാവുകത്വം മുഴുവൻ വാരിച്ചൂടുന്ന മാസ്മരികപദാവലിയാണ് ആ പാട്ടുകളിൽ വന്നു നിരന്നത്. ഓഎൻവിക്കവിതകളേക്കാൾ കാവ്യാത്മകത ആ ഗാനങ്ങളിൽ ഇന്നും അനുഭവപ്പെടുന്നു.
മർത്ത്യഭാഷ കേവലമാണെന്ന ഓഎൻവിയുടെ നിരീക്ഷണത്തിലെ കാവ്യാത്മകത അനിർവചനീയം. അതു കേൾക്കാത്ത ദേവദൂതികയായാണ് നഖക്ഷതങ്ങളിലെ സലീമയുടെ ചെവി കേൾക്കായ്കയെ കവി വാഴ്ത്തുന്നത്. ആരെയും ഭാവഗായകനാക്കുന്ന ആത്മസൗന്ദര്യം അവൾക്ക് മാത്രമല്ല – പഞ്ചാഗ്നി, നഖക്ഷതങ്ങളിലെ മുഴുവൻ ഗാനങ്ങൾക്കുമുണ്ട്.
ആരുടെ ആസ്വാദനബോധവും അവയ്ക്ക് മുന്നിൽ നമ്രശീർഷരായി നിൽക്കുന്ന കമ്രനക്ഷത്രകന്യകളാവും. ആ പാട്ടുകേട്ട് അപ്സരസ്സുകൾ താഴെ ചിത്രശലഭങ്ങളായി പുഷ്പങ്ങൾ തേടി വരും.
നിളയിൽ നീരാടുവാൻ വൈകിയെത്തിയ പൂന്തിങ്കളിൽ നിന്ന് ഏതൊക്കെ സുന്ദരകൽപ്പനകളിലേക്കാണ് കവിമനസ്സ് പറന്നുണരുന്നത് !
ഈറനാം വെൺനിലാവിൻ
പൂമ്പുടവയഴിഞ്ഞു ..
ഈ നദിതൻ പുളിനങ്ങൾ
ചന്ദനക്കുളിരണിഞ്ഞു.
നിലാവിൻ്റെ പുടവയഴിയുന്നത് കണ്ട് കുളിരണിയുന്ന പുളിനങ്ങൾ !
ആ പൂമ്പുടവത്തുമ്പിലെ കസവെടുത്ത് മുടിയിൽ വെക്കുകയാണ് പൂക്കൈതകന്യകൾ !
എന്തൊരു വശ്യതയാണ് ഈ ഗാനകൽപ്പനയിൽ വഴിഞ്ഞൊഴുകുന്നത് ! !
മർത്ത്യഭാഷ കേൾക്കാത്ത പാട്ടിൽ ഓഎൻവി സൃഷ്ടിച്ച ഒരു അപൂർവരൂപകമുണ്ട് –
അന്തരശ്രുസരസ്സ് – മനസ്സിലെ കണ്ണീർത്തടാകം. അവിടെ നീന്തിത്തുടിക്കുന്ന ഹംസഗീതികൾ. ഗീതികളെ മനസ്സിൽ നീന്തുന്ന ഹംസങ്ങളായി വിഭാവനം ചെയ്യുന്ന മാന്ത്രികത വിസ്മയാവഹം.
ശബ്ദസാഗരത്തിൽ അഗാധമായ നിശ്ശബ്ദ ശാന്തതയുണ്ട് എന്നതും ഭാവഭംഗിയാർന്ന കാവ്യ ദർശനമാണ്.
ശോണരേഖയായി മായുന്ന ചന്ദ്രലേഖയും കുന്നിമണിച്ചെപ്പിൽ നിന്ന് നുള്ളിയെടുത്ത ഒരു നുള്ള് കുങ്കുമവും വ്രീളാഭരിതയായി കൺചിമ്മിയുണർന്ന പുലർവേളയും കേട്ടു കേട്ടാണ് ഞാൻ ഓഎൻവിക്കവിതയിലേക്ക് ആകൃഷ്ടനായത്. അങ്ങനെ കഥയും നോവലും മാത്രം വായിക്കാറുളള ഞാൻ എം ടി യുടെ രണ്ട് സിനിമകളിലെ പാട്ടുകൾ നിമിത്തം കവിതാവായനക്കാരനായി.
ഏവൺലൈബ്രറിയിൽ നിന്ന് തുടരെത്തുടരെ ഉപ്പും അക്ഷരവും മയിൽപ്പീലിയും കറുത്ത പക്ഷിയുടെ പാട്ടും എടുത്ത എന്നെ നോക്കി ലൈബ്രേറിയൻ കൃഷ്ണാട്ടൻ അമ്പരന്നു – വായിച്ചാ മനസ്സിലാകുന്ന പുസ്തകമെടുത്താൽ പോരേ ….. ?
കൃഷ്ണാട്ടൻ മാത്രമല്ല, ഞാനും മറ്റ് പലരും ധരിച്ചിരുന്നത് അങ്ങനെയായിരുന്നു – കവിത വായിച്ചാൽ മനസ്സിലാവില്ലെന്ന്. എന്നാൽ ഓഎൻവിയെ പതിവായി വായിക്കാൻ തുടങ്ങിയപ്പോൾ കവിതയും മനസ്സിലാവാൻ തുടങ്ങി . അഥവാ മനസ്സിലാവത്തവ പോലും വായിക്കുന്നതിൽ ഒരു രസം തോന്നി.
സ്വസ്തി ഹേ സൂര്യ തേ
സ്വസ്തി
എന്നും
മണ്ട ചീയുമീ തെങ്ങിൻ നിരയാരുടെ ദൈന്യം?
എന്നും
കാണക്കാണെ വയസ്സാവുന്നു മക്കൾക്കെന്നും
എന്നാലമ്മേ
എന്നും
ഭൂമികന്യയെ വേൾക്കാൻ വന്ന മോഹമേ ഇന്ദ്ര കാർമുകമെടുത്തു കുലച്ചു നീ തകർത്തെന്നോ ?
എന്നുമൊക്കെ മനസ്സിൽ പതിഞ്ഞ വരികളാണ്.
എം ടിയോളം ആഴവും പരപ്പുമൊന്നും ഓഎൻവി യിൽ കണ്ടെത്താൻ കഴിയില്ല. എന്നാലും എംടിയെൻ ഭാവുകത്വത്തോട് ഒട്ടിനിൽക്കുന്ന ചില പ്രത്യേകതകൾ ഓഎൻ വി ക്കവിതകളിലുണ്ട്. കാവ്യാത്മക ഭാഷയിൽ കഥയും നോവലുമെഴുതുന്ന എം ടിയെപ്പോലെ കവിത കൊണ്ട് കഥ പറയാൻ ഓഎൻവിയും ശ്രമിച്ചിട്ടുണ്ട് – ഇടശ്ശേരിയുടെ പൂതപ്പാട്ടിനും വൈലോപ്പിള്ളിയുടെ മാമ്പഴത്തിനും ശേഷം കവിതയിലൂടെ പറഞ്ഞ ശ്രദ്ധേയചെറുകഥകളാണ് ഓഎൻവിയുടെ അമ്മയും കുഞ്ഞേടത്തിയും എവിടെപ്പോയ് മുത്തച്ഛനുമൊക്കെ.
കവിതക്കാസറ്റ് വാങ്ങാനും കേൾക്കാനും ഇടയാക്കിയതും ഈ കവിതകൾ തന്നെ. ഓഎൻവി കോതമ്പുമണികളിലെ പെൺകുട്ടിയെ ഗൗരിയോ ലക്ഷ്മിയോ സീതയോ രാധയോ എന്നൊക്കെ വിളിക്കാമെന്ന് പറയുന്നുണ്ട് – അത് പ്രകാരമാണ് എം ടി നഖക്ഷതങ്ങളിലെ നായികമാർക്ക് ഗൗരിയും ലക്ഷ്മിയും എന്നിങ്ങനെ പേരുകൾ നൽകിയതെന്ന് തോന്നുന്നു.
ഓഎൻവിയുടെ കുഞ്ഞേടത്തി കേൾക്കുമ്പോൾ ഞാൻ എം ടി യുടെ കുട്ട്യേടത്തിയും ഓർക്കാറുണ്ട്. പേരു കൊണ്ടല്ലാതെ വേറൊരു സാമ്യവും ആ രചനകൾക്കില്ലെങ്കിലും.
കൗമാരപ്രായത്തിൽ പ്രണയചിന്തകൾക്ക് ഒരു ഊന്നലുണ്ടല്ലോ – അത് കവിതകൾക്കിടയിലും തേടി. അങ്ങനെ കിട്ടിയതാണ് നീലമത്സ്യങ്ങളെ.
എൻകരൾച്ചില്ലുപാത്രത്തിൽ ഞാൻ സൂക്ഷിപ്പൂ
നിൻ്റെ നയനങ്ങളാം
നീലമത്സ്യങ്ങളെ.
ഓ എൻ വി യുടെ ഈ വരികൾ നിനവിൽ വരുമ്പോൾ അന്നത്തെ പതിനേഴുകാരൻ്റെ മനസ്സിലും രണ്ട് നീല മത്സ്യങ്ങൾ നീന്തിത്തുടിച്ചത് ഓർക്കുന്നു.
തുടരും..
പ്രകാശൻ കരിവെള്ളൂർ