കെപിസിസി അധ്യക്ഷ സ്ഥാനത്തെ സംബന്ധിച്ചു ചർച്ചകൾ സജീവമാകുമ്പോൾ, ജില്ലാ കോൺഗ്രസ് കമ്മിറ്റികളിലും അഴിച്ചുപണിയുണ്ടാകുമെന്നു സൂചന. കെപിസിസിയിലെ നേതൃമാറ്റത്തിൽ ഏപ്രിലിനു മുമ്പ് തീരുമാനം വന്നേക്കുമെന്നാണ് വിവരം. കഴിഞ്ഞ മാസം കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി സംസ്ഥാനത്തെ നേതാക്കളെ പ്രത്യേകം കണ്ടിരുന്നു. കെപിസിസി അധ്യക്ഷ സ്ഥാനത്ത് മാറ്റം വേണമെന്നും വേണ്ടെന്നും അഭിപ്രായമുണ്ടായി. രണ്ട് ഏജൻസികളുടെയും എഐസിസി സെക്രട്ടറിമാരുടെയും വിലയിരുത്തൽ അനുസരിച്ചുള്ള നിർദ്ദേശങ്ങൾ കോൺഗ്രസ് ഹൈക്കമാൻഡ് നല്കും. 10 ഡിസിസി അധ്യക്ഷന്മാരെ മാറ്റിയേക്കുമെന്നും സൂചനയുണ്ട്.
തെക്കൻ ജില്ലകളിൽ ഡിസിസി തലപ്പത്ത് പൂർണമായി മാറ്റമുണ്ടായേക്കും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയം നേടിയെങ്കിലും ബൂത്തുതല പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലായിരുന്നുവെന്നാണ് സുനിൽ കനഗോലുവിന്റെ റിപ്പോർട്ട്. സർക്കാർവിരുദ്ധ വികാരമുണ്ടായിരുന്ന വോട്ടർമാരെ ബൂത്തുകളിൽ എത്തിക്കാനായില്ലെന്നും റിപ്പോർട്ടിലുണ്ട്. പ്രായം, പ്രവർത്തനമികവ്, സാമുദായിക സമവാക്യം എന്നിവ പരിഗണിക്കാതെയാണ് കഴിഞ്ഞതവണ ഡിസിസി പ്രസിഡന്റുമാരെ തീരുമാനിച്ചതെന്ന വിമർശനമുണ്ട്. ഇതെല്ലാം പരിഗണിച്ചാകും അഴിച്ചുപണി. പരമാവധി യുവാക്കളെ ജില്ലാ അധ്യക്ഷന്മാരാക്കണമെന്ന താൽപര്യമാണ് ദേശീയ നേതൃത്വത്തിനുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പിനുള്ള പ്രവർത്തനങ്ങൾക്ക് ഊർജം നൽകാൻ പുതിയ നേതൃത്വം വരട്ടെയെന്നാണ് എഐസിസി നിലപാട്. സുനിൽ കനഗോലുവിന്റെ റിപ്പോർട്ടിനു പുറമെ, ഏതെല്ലാം ഡിസിസി പ്രസിഡന്റുമാരെയാണ് മാറ്റേണ്ടതെന്ന റിപ്പോർട്ട് എഐസിസി സെക്രട്ടറിമാർ സമർപ്പിച്ചിട്ടുണ്ട്.
പുതിയ കെപിസിസി അധ്യക്ഷനെ നിയമിക്കണമെങ്കിൽ സംസ്ഥാനത്തെ നേതാക്കള്‍ക്കിടയിൽ ധാരണയുമുണ്ടാക്കണം. സുധാകരനെ മാറ്റിയാൽ പകരം എന്തു പദവി എന്നതിൽ അദ്ദേഹത്തിന്‍റെ മനസ്സു കൂടി അറിയണം. പകരം ആര് എന്നതിൽ സാമുദായിക സമവാക്യവും നോക്കും. പകരം പരിഗണിക്കുന്നവർ അടൂര്‍ പ്രകാശ്, ബെന്നി ബെഹ്നനാൻ, സണ്ണി ജോസഫ്, കൊടിക്കുന്നിൽ സുരേഷ് എന്നിവരുടെ പേരുകൾ ആണ്. ആദ്യഘട്ടത്തില്‍ ആന്റോ ആന്റണി, റോജി എം.ജോണ്‍ എന്നിവരുടെ പേരുകളും ഉയര്‍ന്നു കേട്ടിരുന്നു. സുധാകരൻ മാറിയാലും ഈഴവ പ്രാതിനിധ്യം നിലനിര്‍ത്തണമെന്ന് അഭിപ്രായം വന്നാൽ അടൂര്‍ പ്രകാശിനാകും പരിഗണന. നേതൃത്വത്തിൽ ക്രിസ്ത്യൻ നേതാക്കളുടെ അഭാവം പരിഹരിക്കണമെന്ന നിലപാടിനാണ് മുന്‍തൂക്കമെങ്കിൽ ബെന്നി ബെഹ്നനാൻ, സണ്ണി ജോസഫ് എന്നിവരിൽ ഒരാളെ പരിഗണിക്കേണ്ടി വരും. ദളിത് വിഭാഗത്തെ പരിഗണിച്ച് മാറ്റത്തിന്‍റെ സന്ദേശം നൽകണമെന്ന് തീരുമാനിച്ചാൽ പ്രവര്‍ത്തക സമിതി അംഗമായ കൊടിക്കുന്നിൽ സുരേഷ് കെപിസിസി പ്രസിഡന്‍റ് കസേരയിലെത്തും. എന്നാൽ ഇവരോട് ഒരു ആശയവിനിമയവും നേതൃത്വം നടത്തിയിട്ടില്ല എന്നാണ് സൂചന.
കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കുന്നത് ഹൈക്കമാന്റിന്റെ തീരുമാനമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഹൈക്കമാന്റിന്റെ എന്തു തീരുമാനവും അനുസരിക്കും. മാറ്റിയാൽ എന്താണ് കുഴപ്പം. ഹൈക്കമാൻ്റിന് മാറ്റണം എന്നാണെങ്കിൽ സ്വീകരിക്കാൻ താൻ തയ്യാറാണ്. തനിക്കൊരു പരാതിയുമില്ലെന്നും താൻ തൃപ്തനാണെന്നും കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. കനഗോലുവിൻ്റെ റിപ്പോർട്ടിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കണമെന്നും തന്നോട് മാറണമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.