കൊച്ചി: ഷൈൻ ടോം ചാക്കോയ്ക്ക് നോട്ടീസ് നൽകി വിളിപ്പിക്കാൻ പോലീസ് തീരുമാനിച്ചു. ഇന്നു തന്നെ ഷൈനിന് നോട്ടീസ് കൈമാറും. ഷൈനിന്റെ വീട്ടിലെത്തിയാവും നോട്ടിസ് നൽകുക. ചോദ്യം ചെയ്യലിന് ഉടൻ ഹാജരാകണമെന്ന് ആവശ്യപ്പെടും. പരിശോധനയ്ക്കിടെ എന്തിന് ഓടിപ്പോയെന്ന് താരം വിശദീകരിക്കണമെന്നാണ് പൊലീസ് പറയുന്നത്. ഷൈനിന്റെ പേരിൽ നിലവിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടില്ലാത്തതിനാൽ സംസ്ഥാനത്തിന് പുറത്ത് പോയി നടനെ പിടികൂടേണ്ട ആവശ്യമില്ലെന്ന് നാർക്കോട്ടിക്സ് എസിപി അബ്ദുൾ സലാം പറയുന്നു. തുടർനടപടികൾ മേലുദ്യോഗസ്ഥരുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഷൈൻ ടോം ചാക്കോ ഇന്നലെ രാത്രി പൊള്ളാച്ചിയിൽ എത്തിയതായാണ് വിവരം. പൊള്ളാച്ചിയിലെ റിസോർട്ടിലാണ് താമസം. ടവർ ലൊക്കേഷൻ വഴിയാണ് പൊലീസ് ഇക്കാര്യം അറിഞ്ഞത്. ഇന്നലെ പുലർച്ചെ തൃശൂരിൽ നിന്ന് തമിഴ്നാട്ടിലേക്കു പോവുകയായിരുന്നു.
അതേസമയം പരാതിയിൽ പറയുന്ന നടന്റെ പേര് പുറത്തുവിട്ടത് ശരിയായ നടപടിയല്ലെന്ന് നടി വിൻസി അലോഷ്യസ് പറഞ്ഞു. സിനിമാ സംഘടനകളിന്മേലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും നടൻ ഭാഗമായ സിനിമകളുടെ ഭാവിയെ ഈ പ്രശ്നം ബാധിക്കുമെന്ന ആശങ്ക തനിക്കുണ്ടെന്നും വിൻസി മാധ്യമങ്ങളോട് പ്രതികരിച്ചു. വ്യക്തിയുടെ പേര് പുറത്ത് വന്നത് ‘അമ്മ’യിൽ നിന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ നിന്നും അല്ല എന്ന് ആണ് ഞാൻ അറിയുന്നത്, വ്യക്തമായി അറിയില്ല. ആരാണ് ആ പേര് പുറത്തു വിട്ടതെങ്കിലും ഏറ്റവും വലിയ വിശ്വാസമില്യായ്മയാണ് കാണിച്ചിരിക്കുന്നത്. ഞാൻ ഇപ്പോൾ വറചട്ടിയിൽ നിന്ന് എരിതീയിലേക്ക് വീണ അവസ്ഥയിലാണ് എന്നും വിൻസി പറഞ്ഞു.
ഹോട്ടലിൽ ലഹരി പരിശോധന, മുറിയിൽനിന്ന് നടൻ ഷൈൻ ടോം ചാക്കോ ഇറങ്ങിയോടി