കണ്ണ് വേണം ഇരുപുറമെപ്പോഴും…
ഈയിടെ വല്ലാതെ അലട്ടിയിരുന്ന ഒരു വിഷയമാണ്. ധനു, മകരം മാസങ്ങളിൽ വിവാഹം, വീട് മാറ്റം തുടങ്ങിയ ചടങ്ങുകൾ ധാരാളം. ക്ഷണം കിട്ടുമ്പോഴേ ഉള്ളിൽ ചെറിയ ഭയമുണ്ടായി തുടങ്ങും, പ്രത്യേകിച്ച് വീഴാൻ സ്ഥലമന്വേഷിയ്ക്കുന്ന ഒരാളെന്ന നിലയിൽ.
കുസാറ്റ് കുട്ടികളുടെ അപകടം മുതൽ കുറിയ്ക്കണമെന്ന് കരുതിയതാണ്. സുരക്ഷാ മാനദണ്ഡങ്ങൾ പിന്നീട് നോക്കുമ്പോൾ വലിയ പ്രശ്നമുണ്ടാവില്ല. പുതിയ വീടുകളിൽ മുകൾഭാഗം കാണാൻ വിളിച്ചാൽ ശ്രദ്ധാലുവാകും. വീടുകളുടെ നിർമ്മാണച്ചെലവ് കുറയ്ക്കുന്ന പ്രധാനയിടം കോവണിയാണ്. കുത്തനെ ഒരു കാൽ ചെരിച്ച് വച്ച് മാത്രം കയറാവുന്ന വലിപ്പത്തിൽ തെന്നുന്ന തറയോടിൽ (tiles) മനോഹരമാക്കിയിട്ടുണ്ടാകും. ഒന്ന് പിടിച്ച് കയറുക. (ഇരുപത് വർഷം മുമ്പ് നടന്ന് പോകാവുന്ന പടിവച്ച്, വിമലാമേനോന്റെ പൊട്ട് പോലെ വലിയത് എന്ന് ഹാസ്യം.)
അടുത്തത് കല്യാണ സത്കാര ചടങ്ങുകൾ… ഓഡിറ്റോറിയങ്ങൾ കൺവെൻഷൻ സെന്ററുകളായപ്പോൾ അപകടസാദ്ധ്യത കൂടി. പല പല ലെവലുകൾ. ഭംഗിയ്ക്ക് കോട്ടം വരുമെന്നുള്ളത് കൊണ്ട് ഒരു അടയാളപ്പെടുത്തൽ പോലുമില്ല. ഇരിയ്ക്കുന്നിടത്ത് നിന്ന് ഒരുപാട് കാലമായി കാണാത്ത ഒരു സുഹൃത്തിനെ കണ്ട ആവേശത്തിൽ എഴുന്നേറ്റ് മുന്നോട്ടാഞ്ഞു പോയാൽ…. (ഉമാ തോമസ് MLA-യ്ക്ക് അതാണ് സംഭവിച്ചത്.)
വൈകിട്ട് സ്വീകരണച്ചടങ്ങുകൾ അതിലും ഭയാനകം. ഭ്രമാത്മകമായ വെളിച്ച ശബ്ദവിന്യാസങ്ങളിൽ സ്വന്തം സുരക്ഷ, കാല് കൊണ്ട് തപ്പിത്തടഞ്ഞായാലും സ്വയം നോക്കിയേ പറ്റൂ. ഫോട്ടോസെഷന് സ്റ്റേജിൽ കയറുന്നെങ്കിൽ വളരെ ശ്രദ്ധിയ്ക്കണം. കണ്ണിന്റേയും തലച്ചോറിന്റേയും കണക്ക്കൂട്ടലുകൾ തെറ്റിയ്ക്കും വിധമാണ് പടികളുടെ വലിപ്പവും അകലവും. ഒരു നിമിഷം മതി. …വേദന, പരാധീനത… സഹതാപം കഴിയുമ്പോൾ സ്വയം സഹിച്ചേ പറ്റൂ… ഒന്ന് ശ്രദ്ധിയ്ക്കാം.
ഇലക്ഷൻ ഡ്യൂട്ടിയ്ക്കിടെ രാത്രിയിൽ താഴേയ്ക്ക് മറിഞ്ഞു പോയ ടീച്ചറിന്റെ അവസ്ഥ അറിയില്ല.
MLA പെട്ടെന്ന് സുഖം പ്രാപിയ്ക്കട്ടെ.
ഗീത സിറ്റിസൺ ജേർണലിസ്റ്റ്