കന്യാകുമാരി: വിവേകാനന്ദപ്പാറയിൽ നിന്ന് തിരുവള്ളുവർ പ്രതിമയിലേക്കുള്ള കണ്ണാടിപ്പാലം ഇന്നു തുറക്കുന്നു. കന്യാകുമാരിയിലെ തിരുവള്ളുവർ പ്രതിമ സ്ഥാപിച്ചിട്ട് 25 വർഷം തികയുകയാണ്. ഇതിന്റെ ഭാഗമായി ഇന്ന് (തിങ്കൾ) മുതൽ 2 ദിവസത്തെ ആഘോഷ ചടങ്ങുകൾ നടക്കും. തിരുവള്ളുവർ പ്രതിമയുടെ സിൽവർ ജൂബിലി പരിപാടിയുടെ ആദ്യ ദിനമായ ഇന്ന് കന്യാകുമാരിയിലെത്തുന്ന മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ തിരുവള്ളുവർ പ്രതിമയെയും വിവേകാനന്ദ പാറയെയും ബന്ധിപ്പിക്കുന്ന കണ്ണാടിപ്പാലവും പൂമ്പുഹാർ കമ്പനിയുടെ കരകൗശല ശാലയും ഉദ്ഘാടനം ചെയ്യും. പാലം തുറക്കുന്നതോടെ വിവേകാനന്ദപ്പാറയിൽ നിന്നു നടന്ന് തിരുവള്ളുവർ പ്രതിമയിലേക്ക് എത്താൻ കഴിയും. മുകളിലൂടെ സന്ദർശകർ കടന്നുപോകുമ്പോൾ കടലിന്റെ സൗന്ദര്യം കാണുന്ന തരത്തിലാനു പാലം നിർമിച്ചിരിക്കുന്നത്.
പാറകൾ കൂടുതലുള്ള സ്ഥലമായതിനാൽ പ്രതികൂല കാലാവസ്ഥയിൽ തിരുവള്ളുവർ പ്രതിമയിലേക്ക് ബോട്ട് സർവീസ് നിർത്തിവയ്‌ക്കേണ്ടി വരുന്നുണ്ട്. ഇതിനുള്ള ബദൽ മാർഗമായാണ് പാലം പണിയാൻ തമിഴ്‌നാട് സർക്കാർ തീരുമാനിച്ചത്. 72 മീറ്റർ നീളത്തിലും 10 മീറ്റർ വീതിയിലുമാണ് പാലം. സംസ്ഥാന ഹൈവേ വകുപ്പാണ് 37 കോടി രൂപ ചെലവിൽ കണ്ണാടിപ്പാലം നിർമ്മാണ പദ്ധതി ഏറ്റെടുത്ത് നടപ്പാക്കിയത്.