Thursday, July 31, 2025
Mantis Partners Sydney
Home » വയനാട് പുനരധിവാസം; വീടിനു 30 ലക്ഷമെന്ന് സർ‌ക്കാർ, അമിതമെന്ന് പ്രതിപക്ഷം.
വയനാട് പുനരധിവാസം

വയനാട് പുനരധിവാസം; വീടിനു 30 ലക്ഷമെന്ന് സർ‌ക്കാർ, അമിതമെന്ന് പ്രതിപക്ഷം.

നിര്‍മ്മാണ ചുമതല ഊരാളുങ്കല്‍ സൊസൈറ്റിക്ക്, നിര്‍മ്മാണ മേല്‍നോട്ടം കിഫ്‌കോണിന്

by Editor

വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുൾപൊട്ടലിലെ ദുരിതബാധിതർക്കു 2 ടൗൺഷിപ്പുകളിലും ഓരോ വീടിനുമുള്ള നിർമാണച്ചെലവ് സർക്കാർ 30 ലക്ഷം എന്നു കണക്കാക്കിയത് അമിതനിരക്കെന്നു പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയും ഡിവൈഎഫ്ഐ ഉൾപ്പെടെ സംഘടനകളും ചെലവു കൂടിപ്പോയെന്നു പറഞ്ഞു. ഇത്രയും ചെലവു കണക്കാക്കിയിരുന്നില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന നേതാക്കളും കർണാടക സർക്കാരിന്റെ പ്രതിനിധികളും, രാഹുൽ ഗാന്ധി എംപിയുടെ പ്രതിനിധിയായി യോഗത്തിൽ പങ്കെടുത്ത ടി.സിദ്ദിഖ് എംഎൽഎയും യോഗത്തിൽ വ്യക്തമാക്കി.

750 കോടി രൂപ ചിലവില്‍ കല്‍പറ്റയിലും നെടുമ്പാലയിലുമായി രണ്ട് ടൗണ്‍ഷിപ്പുകളാണ് സര്‍ക്കാര്‍ നിര്‍മിക്കുക. കല്‍പറ്റയില്‍ അഞ്ച് സെന്റിലും നെടുമ്പാലയില്‍ പത്ത് സെന്റിലും ആയിരം സ്‌ക്വയര്‍ഫീറ്റില്‍ ക്ലസ്റ്റര്‍ രൂപത്തിലാവും വീടുകളൊരുങ്ങുക. എന്നാൽ 2 ടൗൺഷിപ്പുകളിലും 10 സെന്റ് സ്ഥലത്തു തന്നെ 1000 ചതുരശ്രയടി വിസ്തീർണത്തിൽ വീടു നിർമിക്കണമെന്ന് വി.ഡി. സതീശൻ യോഗത്തിൽ ആവശ്യപ്പെട്ടു. മുഖ്യ സ്പോൺസർമാരായി യോഗത്തിൽ പങ്കെടുത്ത മിക്കവരും പരമാവധി 15 ലക്ഷം രൂപയാണ് ഓരോ വീടിന്റെയും നിർമാണച്ചെലവായി കണക്കാക്കിയതെന്നു സൂചന. എന്നാൽ, ചെലവ് 30 ലക്ഷം രൂപയാണു സർക്കാർ കണക്കാക്കുന്നതെന്നു മുഖ്യമന്ത്രി വെളിപ്പെടുത്തിയതോടെ സ്പോൺസർമാരിൽ പലർക്കും അമ്പരപ്പായി.

പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കണമെന്നും ഇനിയും നീട്ടിക്കൊണ്ടു പോകാനാകില്ലെന്നും യോഗത്തിൽ ആവശ്യപ്പെട്ടതാണ്. വീടുകൾ നിർമ്മിച്ച് നൽകിയാൽ മാത്രം തീരുന്ന പ്രശ്നമല്ല വയനാട്ടിലേത്. വരുമാനവും ഉപജീവനവും ഉണ്ടാക്കിക്കൊടുക്കണം. കൂടുതൽ സ്ഥലമാണ് അവർക്ക് ആവശ്യം. കാലിത്തൊഴുത്ത് പോലും നിർമ്മിക്കാൻ സ്ഥലമില്ലാത്ത അവസ്ഥയുണ്ടാകരുത്. അവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള പദ്ധതികൾ നടപ്പിലാക്കണം. മൈക്രോ ലെവൽ ഫാമിലി പാക്കേജ് വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. പക്ഷെ അതിന് ആവശ്യമായ പദ്ധതികളൊന്നും തയാറാക്കിയിട്ടില്ല. പുനരധിവാസത്തിൽ സർക്കാരുമായി യോജിച്ച് പോകാൻ തീരുമാനിച്ചതു കൊണ്ടാണ് പലതും പറയാത്തതെന്നും വി ഡി സതീശൻ വ്യക്തമാക്കി.

മുണ്ടക്കൈ പുനരധിവാസത്തിന്റെ ഭാഗമായുള്ള ടൗൺഷിപ്പ് പദ്ധതിയുടെ നിർമാണ ചുമതല ഊരാളുങ്കൽ സൊസൈറ്റിക്ക്. കിഫ്ബിയുടെ കൺസൾട്ടൻസിയായ കിഫ്‌കോൺ ആണു നിർമാണപ്രവൃത്തികളുടെ മേൽനോട്ടം വഹിക്കുക. 2 ടൗൺഷിപ്പുകളിലായി എത്ര വീടുകൾ വേണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. പദ്ധതിയുടെ ഭാഗമായ വിവിധ ഏജൻസികളുമായി ചർച്ച ചെയ്ത് ഏതാനും ആഴ്ചയ്ക്കുള്ളിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ആവശ്യമായ അത്രയും വീടുകൾ നിർമിക്കാനുള്ള സ്ഥലം എസ്റ്റേറ്റുകളിൽ ഇല്ലെന്നാണു വിലയിരുത്തൽ. വീടുകളുടെ ഉടമസ്ഥാവകാശം ദുരന്തബാധിതർക്കായിരിക്കും. വീടുകൾ അവർ ഉടൻ വിൽക്കുന്നില്ലെന്ന് ഉറപ്പാക്കും. മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കു പുനരധിവാസത്തിനായി കണ്ടെത്തിയ എസ്റ്റേറ്റ് ഭൂമിയിൽ സർവേ തുടങ്ങി. ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിനായി കൽപറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റും മേപ്പാടിയിൽ എച്ച്എംഎൽ ഉടമസ്ഥതയിലുള്ള നെടുമ്പാല എസ്റ്റേറ്റുമാണ് ഏറ്റെടുക്കുന്നത്.

പുനരധിവാസം വൈകില്ല, ഉപജീവനമാര്‍ഗം ഉള്‍പ്പെടെയുള്ള പുനരധിവാസപദ്ധതിയാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Send your news and Advertisements

You may also like

error: Content is protected !!