ദില്ലി: വഖഫ് നിയമ ഭേദഗതിക്ക് സംയുക്ത പാർലമെൻ്ററി സമിതി (ജെപിസി) -യുടെ അംഗീകാരം. പ്രതിപക്ഷം നിർദേശിച്ച ഭേദഗതികളെല്ലാം വോട്ടിനിട്ട് തള്ളി. 44 ഭേദഗതികളാണ് ആകെ നിർദേശിച്ചത്. ഇന്ന് ചേർന്ന പാർലമെൻ്ററി സമിതി യോഗത്തിൽ വഖഫ് നിയമ ഭേദഗതി ബില്ലിനെ അനുകൂലിച്ച് 16 എം പിമാർ നിലപാടെടുത്തു. ഭേദഗതിയെ എതിർത്ത് പത്ത് എംപിമാരും വോട്ട് ചെയ്തു. ഇതോടെ പ്രതിപക്ഷ എംപിമാർ ഉന്നയിച്ച 44 ഭേദഗതികൾ വോട്ടെടുപ്പിൽ തള്ളിയതായി ജെപിസിസി ചെയർമാൻ ജംഗദംബിക പാൽ അറിയിച്ചു. ഈ സാഹചര്യത്തിൽ ഭരണപക്ഷം നിർദേശിച്ച 14 ഭേദഗതികൾ ഉൾപ്പെടുത്തി ബില്ലിൽ റിപ്പോർട്ട് നൽകും. ഇതിന്റെ അന്തിമ റിപ്പോർട്ട് വരുന്ന പാർലമെന്റ് സമ്മേളനത്തിൽ സമർപ്പിക്കപ്പെടുമെന്നാണ് വിവരം.
നവംബര്‍ 29 -നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ജെപിസിയോട് ആദ്യം ആവശ്യപ്പെട്ടിരുന്നത്. പിന്നീട് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം അവസാനിക്കുന്ന ഫെബ്രുവരി 13 വരെയായി സമയപരിധി നീട്ടി നല്‍കുകയായിരുന്നു.
കഴിഞ്ഞ വർഷം ലോക്സഭയിൽ കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവാണ് വഖഫ് ഭേദഗതി ബിൽ അവതരിപ്പിച്ചത്. 1995-ലെ വഖഫ് നിയമത്തിൽ കാര്യപ്രസക്തമായ പല പരിഷ്കാരങ്ങളും വരുത്തിയതാണ് പുതിയ നിയമം. വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച വെല്ലുവിളികളും തർക്കങ്ങളും അഭിസംബോധന ചെയ്യപ്പെടുകയെന്ന ഉദ്ദേശ്യലക്ഷ്യത്തോടെയാണ് ബിൽ കൊണ്ടുവന്നത്. വഖഫ് ബോര്‍ഡുകളുടെ ഭരണരീതിയില്‍ നിരവധി മാറ്റങ്ങളാണ് ഭേദഗതി ബില്ലില്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതുപ്രകാരം അമുസ്‌ലിങ്ങളായ രണ്ടുപേരും വനിതാ അംഗങ്ങളും ഭരണസമിതിയില്‍ ഇടം നേടും. വഖഫ് കൗണ്‍സിലിന് ഭൂമി അവകാശപ്പെടാനും സാധിക്കില്ല.