തൃശൂർ: റഷ്യൻ കൂലിപട്ടാളത്തിലേക്ക് പോയ തൃശൂർ സ്വദേശി മരിച്ചു. റഷ്യൻ അധിനിവേശ യുക്രെയ്‌നിൽ നടന്ന ഷെൽ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന തൃശൂർ കുട്ടനെല്ലൂർ സ്വദേശി ബിനിൽ ബാബുവാണ് മരിച്ചത്. ബിനിലിന്റെ സുഹൃത്തായ ജയിൻ പരുക്കോടെ ആശുപത്രിയിൽ കഴിയുകയാണ്. യുക്രെയ്നിലുണ്ടായ ഷെല്ലാക്രമണത്തിൽ ജയിന് പരുക്കേറ്റിരുന്നു. ശേഷം കുറച്ച് നാൾ അവിടെയുള്ള ആശുപത്രിയിൽ ചികിത്സയിലായിരുന്നു രണ്ട് ദിവസം മുൻപാണ് മോസ്കോയിലുള്ള ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലുള്ള ഫോട്ടോയും ജയിൻ ബന്ധുക്കൾക്ക് അയച്ചു കൊടുത്തിരുന്നു. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ബിനിലിന്റെ മരണവാർത്ത എത്തുന്നത്.
ബിനിൽ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചതായി ബന്ധുക്കൾ അറിയിച്ചു. ഇന്ത്യൻ എംബസിയിൽ നിന്ന് അറിയിപ്പ് ലഭിച്ചുവെന്നാണ് ബന്ധുക്കൾ പറയുന്നത്. യുക്രെയ്‌നിലുണ്ടായ ഷെൽ ആക്രമണത്തിൽ ബിനിലിന് ഗുരുതരമായി പരുക്കേറ്റതായി നേരത്തെ ബന്ധുക്കൾക്ക് വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് ഇരുവരും റഷ്യൻ കൂലിപ്പട്ടാളത്തിന്റെ ഭാഗമായത്.