കൊച്ചി: ഹണി റോസിന് എതിരായ പരാമർശത്തിൽ രാഹുൽ ഈശ്വർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി പൊലീസിന്റെ നിലപാട് തേടി. രാഹുൽ ഈശ്വറിനെതിരെ പൊലീസ് ഇതുവരെ കേസടുത്തിട്ടില്ല. അറസ്റ്റ് തടയണമെന്ന രാഹുൽ ഈശ്വറിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഹർജി ഫയലിൽ സ്വീകരിച്ച കോടതി ഈ മാസം 27-ന് പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്. രാഹുലിന്‍റെ അറസ്റ്റ് കോടതി തടഞ്ഞിട്ടില്ല. എന്നാൽ ഹർജിക്കാരനെതിരെ നിലവിൽ കേസ് ഇല്ലെന്നും അതിനുളള സാധ്യത മുന്നിൽക്കണ്ടാണ് കോടതിയെ സമീപിച്ചതെന്നുമാണ് അഭിഭാഷകൻ അറിയിച്ചത്.
എറണാകുളം സെന്‍ട്രൽ പൊലീസിലാണ് ഹണി റോസ് പരാതി നൽകിയത്. നിലവിൽ കേസെടുത്തിട്ടില്ലെന്ന് രാഹുലിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. പരാതിയിൽ കേസെടുത്തശേഷമുള്ള അറസ്റ്റ് മുന്നിൽ കണ്ടാണ് ഹര്‍ജി നൽകിയതെന്നും അഭിഭാഷകൻ അറിയിച്ചു. തുടര്‍ന്നാണ് കോടതി ഹര്‍ജി ഫയലിൽ സ്വീകരിച്ചത്. തൃശ്ശൂർ സ്വദേശിയും രാഹുലിനെതിരെ പരാതി നൽകിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ രാഹുൽ ഈശ്വര്‍ തനിക്കെതിരെ സംഘടിത ആക്രമണം നടത്തുന്നുവെന്നാണ് ഹണി റോസിന്‍റെ പരാതി. നടിയുടെ വസ്ത്രധാരണത്തെയടക്കം വിമര്‍ശിച്ച് രാഹുൽ ഈശ്വര്‍ രംഗത്തെത്തിയിരുന്നു. ഇതിന് ചുവടുപിടിച്ച് സാമൂഹ്യമാധ്യമങ്ങളിൽ ഹണി റോസിനെതിരെ വ്യാപക പ്രചാരണമുണ്ടായി. ഇത് ചൂണ്ടികാണിച്ചാണ് നടി ഹണി റോസ് നിയമ നടപടിയുമായി മുന്നോട്ട് പോയത്.
പുരുഷന്മാര്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടിയുള്ള നിലപാടും പോരാട്ടവുമാണ് താന്‍ നടത്തുന്നതെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു. ഏത് കേസ് വന്നാലും ഒരിഞ്ച് പോലും പിന്നോട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു. ഹണി റോസിന്റെ വസ്ത്ര ധാരണത്തില്‍ ഉപദേശം നല്‍കുക മാത്രമാണ് ചെയ്തതെന്ന് രാഹുല്‍ ഈശ്വര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. ആര്‍ക്കെതിരെയും സൈബര്‍ അധിക്ഷേപം പാടില്ലെന്നാണ് തന്റെ നിലപാടെന്നാണ് ജാമ്യാപേക്ഷയില്‍ രാഹുല്‍ ഈശ്വറിന്റെ വാദം.
നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമർശം നടത്തിയതിന് റിമാൻഡിലായി ജയിലിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഹൈക്കോടതിയിൽ ബോബി ചെമ്മണ്ണൂർ ജാമ്യാപേക്ഷ നൽകിയത്. ബോബിക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ ആവശ്യപ്പെടും. എന്നാൽ അത്ര ഗുരുതരമായ ആരോപണങ്ങളല്ല തനിക്കെതിരെ ഉളളതെന്നും പൊലീസ് ചോദ്യം ചെയ്യൽ അവസാനിച്ചതിനാൽ ജാമ്യം നൽകണമെന്നുമാകും ബോബി ചെമ്മണ്ണൂരിന്‍റെ ആവശ്യം. നടിയോട് മോശമായി പെരുമാറിയിട്ടില്ല. തനിക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്നും മജിസ്ട്രേറ്റ് കോടതി താൻ ഹാജരാക്കിയ രേഖകൾ കൃത്യമായി പരിശോധിച്ചില്ലെന്നുമുള്ള വാദങ്ങളാണ് വെള്ളിയാഴ്ച ബോബി ചെമ്മണ്ണൂർ ഹൈക്കോടതിയിൽ ഉന്നയിച്ചത്. എന്നാൽ അടിയന്തരമായി ഹർജി പരിഗണിക്കേണ്ട എന്ത് സാഹചര്യം ആണുള്ളതെന്ന് ചോദിച്ച ശേഷമാണ് ഹൈക്കോടതി ഹർജി പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്. ഇതിനിടെ പൊതുവിടത്തിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കണ്ടേയെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.