Mantis Partners Sydney
Saturday, February 28, 2026
Mantis Partners Sydney
Home » രാഷ്ട്രം ഉണ്ടെങ്കിലേ രാഷ്ട്രീയത്തിന് പ്രസക്തിയുള്ളൂ, രാഷ്ട്രത്തിനു വേണ്ടി എന്തെങ്കിലും ചെയ്യേണ്ടത് കടമയാണ്: ശശി തരൂർ
ശശി തരൂർ

രാഷ്ട്രം ഉണ്ടെങ്കിലേ രാഷ്ട്രീയത്തിന് പ്രസക്തിയുള്ളൂ, രാഷ്ട്രത്തിനു വേണ്ടി എന്തെങ്കിലും ചെയ്യേണ്ടത് കടമയാണ്: ശശി തരൂർ

by Editor
Send your news and Advertisements

ന്യൂഡൽഹി: പാക് ഭീകരത തുറന്ന് കാട്ടാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ വിദേശ പര്യടന സംഘത്തിൽ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് ഡോ.ശശി തരൂർ എംപി. വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രതിനിധി സംഘത്തിൽ തന്നെ ഉൾപ്പെടുത്തിയ കേന്ദ്ര സർക്കാർ തീരുമാനം ബഹുമതിയായി കാണുന്നുവെന്ന് ശശി തരൂർ പറഞ്ഞു. രാഷ്ട്രം ഉണ്ടെങ്കിലേ രാഷ്ട്രീയത്തിന് പ്രസക്തിയുള്ളൂ. രാഷ്ട്രത്തിനു വേണ്ടി എന്തെങ്കിലും ചെയ്യേണ്ടത് കടമയാണെന്ന് ശശി തരൂർ മാധ്യമങ്ങളോട് പറ‍ഞ്ഞു. സർക്കാർ തന്നെ വിളിച്ചത് പാർട്ടി നേതൃത്വത്തിൽ അറിയിച്ചിട്ടുണ്ട്. ഇതിൽ രാഷ്ട്രീയം കാണുന്നില്ലെന്ന് അദേഹം വ്യക്തമാക്കി

കോൺഗ്രസ് നിർദേശിച്ച പേരുകൾ തള്ളിയാണ് പ്രതിനിധി സംഘത്തിൽ കേന്ദ്ര സർക്കാർ തരൂരിനെ ഉൾപ്പെടുത്തിയത്. നാല് അംഗങ്ങളുടെ പേരാണ് കോൺഗ്രസ് കേന്ദ്ര സർക്കാരിനെ അറിയിച്ചത്. മുൻ കേന്ദ്രമന്ത്രിയായ ആനന്ദ് ശർമ, ഗൗരവ് ഗെഗോയി, സയ്‌ദ് നാസീർ ഹുസൈൻ, രാജ് ബ്രാർ എന്നിവരുടെ പേരുകളാണ് കോൺഗ്രസ് നിർദേശിച്ചത്. അതേസമയം കേന്ദ്ര സർക്കാർ പുറത്തുവിട്ട എംപിമാരുടെ പട്ടികയിൽ ശശി തരൂരിനെ ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രതിനിധി സംഘത്തിലേക്ക് കോൺഗ്രസ് പ്രതിനിധിയുടെ പേര് നിർദേശിക്കണമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയോട് ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് നാല് അംഗങ്ങളുടെ പേര് കോൺഗ്രസ് നിർദേശിച്ചത്. പാർട്ടി നിർദേശിച്ച പേരുകൾ കോൺഗ്രസ് വക്താവ് ജയറാം രമേഷ് എക്സിൽ കുറിക്കുകയും ചെയ്‌തു. കേന്ദ്രപ്രതിനിധി സംഘത്തിൽ ഒരു ഗ്രൂപ്പിനെ നയിക്കുക കോൺഗ്രസ് ശശി എംപി തരൂർ ആയിരിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഇന്ത്യാ – പാകിസ്ഥാൻ സംഘർഷവുമായി ബന്ധപ്പെട്ട് പാർട്ടി നിലപാടിന് വിരുദ്ധമായ അഭിപ്രായ പ്രകടനങ്ങൾ നടത്തിയതിന് തരൂരിനെ പാർട്ടി താക്കിത് ചെയ്തെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. തുടർന്ന് തരൂർ ഇത് നിഷേധിക്കുകയും ചെയ്‌തിരുന്നു. ഇതിനു പിന്നാലെയാണ് ശശി തരൂരിനെ മോദി സർക്കാർ പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്തിയത്. തരൂരിനെ കൂടാതെ സംഘത്തെ നയിക്കുക രവിശങ്കർ പ്രസാദ്, സഞ്ജയ് കുമാർ ഝാ, ബൈജയന്ത് പാണ്ഡ, കനിമൊഴി, സുപ്രിയ സുലെ എന്നിവരായിരിക്കുമെന്ന് കിരൺ റിജിജു എക്സിൽ കുറിച്ചിട്ടുണ്ട്.

അതിനിടെ ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട സര്‍വകക്ഷി വിദേശ പ്രതിനിധി സംഘത്തിന്റെ പട്ടിക കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടു. കോൺഗ്രസ് ഒഴിവാക്കിയ മനീഷ് തിവാരി, സൽമാൻ ഖുർഷിദ്, അമർ സിംഗ് എന്നിവർ പട്ടികയിലുണ്ട്. സർക്കാർ ക്ഷണം നിരസിച്ചിട്ടും സൽമാൻ ഖുർഷിദിനെ ഉൾപ്പെടുത്തി. ശശി തരൂർ നേതൃത്വം നൽകുന്ന സംഘം യു എസ്, ബ്രസീൽ, പാനമ, കൊളംബിയ തുടങ്ങിയ രാജ്യങ്ങളാണ് സന്ദർശിക്കുക. കോൺഗ്രസ് നൽകിയ പട്ടികയിൽ നിന്ന് ഉൾപ്പെടുത്തിയത് ആനന്ദ് ശർമ്മയെ മാത്രമാണ്.

സിപിഐഎം എംപി ജോൺ ബ്രിട്ടാസ് ഉൾപ്പെട്ട സംഘം ഇന്തോനേഷ്യ, മലേഷ്യ, കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾ സന്ദർശിക്കും. മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ ഉൾപ്പെട്ട സംഘം ഈജിപ്ത്, ഖത്തർ, എത്യോപ്യ, ദക്ഷിണാഫ്രിക്ക രാജ്യങ്ങളിലേക്കും മുസ്‌ലിം ലീഗ് എംപി ഇടി മുഹമ്മദ് ബഷീർ ഉൾപ്പെട്ട സംഘം യുഎഇ, കോംഗോ തുടങ്ങിയ രാജ്യങ്ങളിലും പോകും.

മനീഷ് തിവാരിയെ ഈജിപ്ത്, ഖത്തർ, എത്യോപ്യ രാജ്യങ്ങൾ സന്ദർശിക്കുന്ന പട്ടികയിലും സൽമാൻ ഖുർഷിദിനെ ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കുന്ന സംഘത്തിലുമാണ് ഉൾപ്പെടുത്തിയത്. ഗുലാം നബി ആസാദ് സൗദി, കുവൈറ്റ്, ബഹ്റിൻ, അൽജീരിയ രാജ്യങ്ങൾ സന്ദർശിക്കുന്ന പട്ടികയിലാണ് ഉൾപ്പെടുത്തിയത്. എം.ജെ അക്ബറും പട്ടികയിലുണ്ട്. ഏഴ് സംഘങ്ങളായി 59 അംഗ പ്രതിനിധികൾ വിദേശരാജ്യങ്ങൾ സന്ദർശിച്ച് ഇന്ത്യയുടെ നിലപാട് വിശദീകരിക്കും.

You may also like

error: Content is protected !!