Wednesday, July 2, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » രാജ്യം അതീവ ജാഗ്രതയിൽ; പ്രധാനമന്ത്രി സേനയെ അഭിനന്ദിച്ചു.
പ്രധാനമന്ത്രി സേനയെ അഭിനന്ദിച്ചു.

രാജ്യം അതീവ ജാഗ്രതയിൽ; പ്രധാനമന്ത്രി സേനയെ അഭിനന്ദിച്ചു.

by Editor

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ രാജ്യത്തിന്റെ അഭിമാനത്തിന്റെ കാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടിയന്തരമായി ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പ്രധാനമന്ത്രി സേനയെ അഭിനന്ദിച്ചത്. പ്രധാനമന്ത്രി രാഷ്ട്രപതി ഭവനിൽ എത്തി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി. അദ്ദേഹം ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് രാഷ്ട്രപതിയോട് വിശദീകരിച്ചു.

ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാൻ നാളെ കേന്ദ്രസർക്കാർ സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. പാർലമെൻ്റിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം നടക്കുമെന്നാണ് കരുതുന്നത്. ഇതര രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തി. ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബിഹാർ, സിക്കിം, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, ഡിജിപി, കാബിനറ്റ് സെക്രട്ടറിമാർ അടക്കമുള്ളവരുമായാണ് അമിത് ഷാ കൂടിക്കാഴ്ച നടത്തിയത്. അതിർത്തിയിൽ പാക് പ്രകോപനം തുടരുന്ന സാഹചര്യത്തിലാണ് ഓൺലൈൻവഴി ഉന്നതതല യോഗം ചേർന്നത്.

അതിനിടെ കശ്മീർ അതിർത്തിയിൽ ഇന്ത്യാ-പാക് സേനകൾ തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലാണ് നടക്കുന്നത്. ഒരു സ്ത്രീയും കുട്ടിയുമടക്കം പൂഞ്ചിൽ 10 പേർ കൊല്ലപ്പെട്ടു. പാക്കിസ്ഥാൻ്റെ ഷെല്ലാക്രമണത്തിൽ 44 പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. ഇന്ത്യയുടെ പ്രത്യാക്രമണത്തിൽ മൂന്ന് പാക്കിസ്ഥാൻ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം. വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. സ്ഥിതിഗതികള്‍ വഷളാവുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ഗ്രാമം വിട്ടുപോവാനും ബങ്കറുകളിലേക്ക് മാറാനും നിര്‍ബന്ധിതരായി. ഇന്ത്യയുടെ സൈനിക നടപടിക്ക് ശേഷമാണ് ഷെല്ലിങ് രൂക്ഷമായത്. ആദ്യം അതിര്‍ത്തി മേഖലകളിലായിരുന്നു ഷെല്ലിങ് നടന്നത്. പിന്നീട് ഉറി ടൗണിന് സമീപത്തുവരെ ഷെല്ലുകള്‍ പതിച്ചതായി ഉറി പ്രദേശവാസികള്‍ പറഞ്ഞു. സംഘര്‍ഷം രൂക്ഷമാവാനുള്ള സാധ്യത കണക്കിലെടുത്ത് കൂടുതല്‍ സുരക്ഷിതമായ മേഖലകളിലേക്ക് മാറാനുള്ള ശ്രമത്തിലാണ് ജനങ്ങള്‍.

അതിര്‍ത്തിയിലെ കനത്ത ഏറ്റുമുട്ടലിനിടെ ജമ്മു കശ്മീരിലടക്കം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാജ്യതലസ്ഥാനത്തും സുരക്ഷ ശക്തമാക്കി. കൂടുതൽ കേന്ദ്ര സേനയെ ഡൽഹിയിൽ വിന്യസിച്ചു. ഡൽഹിയിലെ ലാൽ ചൗക്കിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 16 വിമാനത്താവളങ്ങൾ സുരക്ഷാമുൻകരുതലിന്‍റെ ഭാഗമായി അടച്ചു. ലേ, തോയിസ്, ശ്രീനഗർ, ജമ്മു, അമൃത്സർ, പത്താൻകോട്ട്, ചണ്ഡിഗഡ്, ജോധ്പൂർ, ജയ്‌സാൽമേർ, ജാംനഗർ, ഭട്ടിൻഡ, ഭുജ്, ധരംശാല, ഷിംല, രാജ്കോട്ട്, പോർബന്തർ വിമാനത്താവളങ്ങൾ അടച്ചു. ഈ വിമാനത്താവളങ്ങളിലേക്കുള്ള ഇവിടേക്കുള്ള എയർ ഇന്ത്യ ഇൻഡിഗോ, സ്പൈസ് ജെറ്റ് വിമാന സർവീസുകൾ പൂർണമായും റദ്ദാക്കിയിട്ടുണ്ട്. അതേസമയം, ശ്രീനഗർ വിമാനത്താവളത്തെ പാക് സേന ലക്ഷ്യം വെച്ചതായുള്ള റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രം അറിയിച്ചു.

സുരക്ഷ മുൻനിര്‍ത്തി ജമ്മു കശ്മീര്‍ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ജമ്മു മേഖലയിലെ ജമ്മു, സാംബ, കത്വ, രജൗരി, പൂഞ്ച് എന്നിവിടങ്ങളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ചത്. സ്കൂളുകളും കോളേജുകളുമടക്കമുള്ള എല്ലാ സ്കൂളുകള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചത്. കശ്മീര്‍ മേഖലയിലെ കുപ്വാര, ബാരാമുള്ള, ഗുരേസ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കശ്മീര്‍ ഡിവിഷണൽ കമ്മീഷണര്‍ അവധി പ്രഖ്യാപിച്ചു.

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ പാക്കിസ്ഥാന് തിരിച്ചടി നൽകിയത്. 23 മിനിറ്റ് നീണ്ട ആക്രമണം പുലർച്ചെ 1.44-ഓടെയായിരുന്നു ആരംഭിച്ചത്. പാക്കിസ്ഥാനിലെ സാധാരണക്കാരെയോ പാക് സൈനിക കേന്ദ്രങ്ങളെയോ ഉന്നംവെയ്ക്കാതെ, ഭീകരരെ അവരുടെ താവളങ്ങളില്‍വെച്ച് തന്നെ തീര്‍ക്കുകയെന്ന ഇന്ത്യയുടെ തീരുമാനമാണ് ഓപ്പറേഷന്‍ സിന്ദൂറിലൂടെ നടപ്പാക്കിയത്.

ഇന്ത്യൻ നടപടിക്ക് തിരിച്ചടിയുണ്ടാകുമെന്ന് പാക്കിസ്ഥാൻ; സംയമനം പാലിക്കണമെന്ന് ലോകരാജ്യങ്ങൾ.

Send your news and Advertisements

You may also like

error: Content is protected !!