Wednesday, July 2, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » ഇന്ത്യൻ നടപടിക്ക് തിരിച്ചടിയുണ്ടാകുമെന്ന് പാക്കിസ്ഥാൻ; സംയമനം പാലിക്കണമെന്ന് ലോകരാജ്യങ്ങൾ.
ഇന്ത്യൻ നടപടിക്ക് തിരിച്ചടിയുണ്ടാകുമെന്ന് പാക്കിസ്ഥാൻ; സംയമനം പാലിക്കണമെന്ന് ലോകരാജ്യങ്ങൾ.

ഇന്ത്യൻ നടപടിക്ക് തിരിച്ചടിയുണ്ടാകുമെന്ന് പാക്കിസ്ഥാൻ; സംയമനം പാലിക്കണമെന്ന് ലോകരാജ്യങ്ങൾ.

by Editor

ഇസ്ലാമാബാദ്: ഭീകര കേന്ദ്രങ്ങൾ ആക്രമിച്ച ഇന്ത്യൻ നടപടിക്ക് തിരിച്ചടിയുണ്ടാകുമെന്ന് പാക്കിസ്ഥാൻ. ഇന്ത്യയുടെ നടപടിക്ക് എതിരെ തിരിച്ചടിക്കാൻ പാക്കിസ്ഥാന് അവകാശമുണ്ടെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. ‘ഇന്ത്യൻ നടപടിക്ക് എതിരെ പാക്കിസ്ഥാൻ ശക്തമായ മറുപടി നൽകും. മുഴുവൻ രാഷ്ട്രവും പാക്കിസ്ഥാൻ സായുധ സേനയ്ക്കൊപ്പം നിൽക്കും. ശത്രുവിനെ എങ്ങനെ നേരിടണമെന്ന് പാക്കിസ്ഥാനും പാക് സൈന്യത്തിനും അറിയാം. എതിരാളികളുടെ ദുഷ്‌ട ലക്ഷ്യങ്ങൾ വിജയിക്കാൻ ഒരിക്കലും അനുവദിക്കില്ല.’-ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.

ഇന്ത്യൻ ആക്രമണത്തോടുള്ള പ്രതികരണങ്ങൾക്ക് ജനങ്ങളുടെ പിന്തുണയുണ്ടാകുമെന്ന് പാക്കിസ്ഥാൻ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അത്തൗല്ല തരാർ പ്രതികരിച്ചു. പ്രകോപനമില്ലാതെ ഇന്ത്യ യുദ്ധത്തിന് മുതിരുന്നു എന്നാണ് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പ്രതികരിച്ചത്. ഇന്ത്യയുടെ നടപടികളോട് യുഎൻ ചാർട്ടറിൻ്റെ ആർട്ടിക്കിൾ-51 അനുസരിച്ചും അന്താരാഷ്ട്ര നിയമം അനുസരിച്ചും പ്രതികരിക്കാനുള്ള അവകാശം പാക്കിസ്ഥാനുണ്ട്. പാക്കിസ്ഥാൻ്റെ പരമാധികാരവും പ്രാദേശിക സമഗ്രതയും സംരക്ഷിക്കുന്നതിന് വേണ്ട നടപടികളുമായി മുന്നോട്ട് പോകുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

അതേസമയം ആണവായുധ ഭീഷണി മുഴക്കിയ പാക് പ്രതിരോധമന്ത്രി നിലപാട് മാറ്റി രംഗത്തുവന്നു. പാക്കിസ്ഥാൻ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും ഇന്ത്യ തിരിച്ചടി നിർത്തിയാൽ തങ്ങളും പ്രശ്‌നപരിഹാരത്തിന് തയാറാണെന്ന് പാക്കിസ്ഥാൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് അറിയിച്ചു. “പാക്കിസ്ഥാൻ യുദ്ധം ആഗ്രഹിക്കുന്നില്ല. നമ്മുടെ സൈന്യം സജ്ജമാണ്. പക്ഷെ സംയമനം പാലിക്കാൻ ഞങ്ങൾ തയാറാണ്. ഇന്ത്യ നിലവിലെ സൈനിക നടപടികൾ നിർത്തിവച്ചാൽ ഞങ്ങളും നിർത്തും,” ഇസ്ലാമാബാദിൽ നടന്ന ഒരു പത്രസമ്മേളനത്തിൽ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു.

ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ലോകരാജ്യങ്ങൾ ആവശ്യപ്പെട്ടു. രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശമായ ആക്രമണമാണിതെന്ന് ഫ്രാൻസ് വിദേശകാര്യ മന്ത്രി ജീൻ-നോയൽ ബാരറ്റ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഭീകരവാദത്തിന്റെ വിപത്തിൽ നിന്നും സ്വയം രക്ഷനേടാനാണ് ഇന്ത്യ ശ്രമിച്ചതെന്ന് അറിയാം. പക്ഷേ സംഘർഷം രൂക്ഷമാകുന്നത് ഒഴിവാക്കാനും സാധാരണക്കാരെ സംരക്ഷിക്കാനും ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്നും ജീൻ-നോയൽ ബാരറ്റ് പറഞ്ഞു.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ രൂക്ഷമാകുന്നതിൽ വളരെയധികം ആശങ്കയുണ്ടെന്ന് റഷ്യ അറിയിച്ചു. ഭീകരപ്രവർത്തനങ്ങളെ റഷ്യ ശക്തമായി അപലപിക്കുകയും എതിർക്കുകയും ചെയ്യുന്നതായി റഷ്യൻ വിദേശകാര്യ മന്ത്രാലയ പ്രസ്താവനയിൽ പറഞ്ഞു.

ഇന്ത്യയുടെ നടപടി ഖേദകരമെന്നും ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്നാണ് ചൈന ആവശ്യപ്പെട്ടത്. സ്ഥിതിഗതികൾ ഗുരുതരമാക്കുന്ന എല്ലാ സാഹചര്യങ്ങളിൽ നിന്നും രാജ്യങ്ങൾ വിട്ടുനിൽക്കണമെന്നും ചൈന ആവശ്യപ്പെട്ടു. ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവിന്റേതാണ് പ്രതികരണം.

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യക്ക് പിന്തുണയുമായി ഇസ്രയേൽ രം​ഗത്തെത്തി. ഭീകരർക്ക് ഒളിച്ചിരിക്കാനാകില്ലെന്നും സ്വയം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണയ്ക്കുന്നുവെന്നും ഇസ്രയേൽ അറിയിച്ചു.

ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം വർധിക്കുന്നത് നാണക്കേടാണെന്നും സംഘർഷം വളരെ വേഗം അവസാനിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നത് എന്നുമാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും പ്രതികരിച്ചിരുന്നു.

ഏപ്രിൽ 22 -ന് കശ്മീരിൽ നടന്ന ഭീകരാക്രമണത്തെ അപലപിക്കുന്നതായി ജപ്പാൻ മന്ത്രിസഭാ സെക്രട്ടറി യോഷിമാസ ഹയാഷി. ഇന്ത്യയും പാക്കിസ്ഥാനും കൂടുതൽ പ്രതികാര നടപടികളിലേക്ക് കടക്കുന്നതിലും സൈനിക സംഘർഷത്തിലും ആശങ്കയുണ്ടെന്ന് യോഷിമാസ ഹയാഷി പറഞ്ഞു. ദക്ഷിണേഷ്യയുടെ സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടി ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കാൻ അഭ്യർത്ഥിക്കുന്നു. സംസാരിച്ച് സ്ഥിതിഗതികൾ സുസ്ഥിരമാക്കാനും ജപ്പാൻ മന്ത്രിസഭാ സെക്രട്ടറി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

പഹല്‍ഗാം ഭീകരാക്രമണത്തിൽ പാക്കിസ്ഥാൻ ഭീകര കേന്ദ്രങ്ങൾ ആക്രമിച്ച ഇന്ത്യയുടെ തിരിച്ചടിയിൽ ആശങ്ക പ്രകടിപ്പിച്ച് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ഗുട്ടെറസ് പറഞ്ഞു. ‘നിയന്ത്രണ രേഖയ്ക്കും അന്താരാഷ്ട്ര അതിർത്തിക്കും അപ്പുറമുള്ള ഇന്ത്യൻ സൈനിക നടപടികളിൽ സെക്രട്ടറി ജനറൽ വളരെയധികം ആശങ്കാകുലനാണ്. ഇരു രാജ്യങ്ങളും പരമാവധി സൈനിക സംയമനം പാലിക്കണം. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ ലോകത്തിന് താങ്ങാനാവില്ലെ’ന്ന് യുഎൻ സെക്രട്ടറി പറഞ്ഞതായി മേധാവിയുടെ വക്താവ് സ്റ്റീഫൻ ഡുജാറിക് മാധ്യമങ്ങളോട് പറ‍ഞ്ഞു.

പഹൽഗാമിൽ നമ്മുടെ നിരപരാധികളായ സഹോദരങ്ങളെ ക്രൂരമായി കൊലപ്പെടുത്തിയവർക്കുള്ള ഇന്ത്യയുടെ മറുപടിയാണ് ഓപ്പറേഷൻ സിന്ദൂറെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച ആഭ്യന്തരമന്ത്രി ഇന്ത്യക്കും രാജ്യത്തെ ജനങ്ങൾക്കും നേരെയുള്ള ഏത് ആക്രമണത്തിനും ഉചിതമായ മറുപടി നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ദൃഢനിശ്ചയം ചെയ്‌തിട്ടുണ്ടെന്ന് ആവർത്തിച്ചു. ഭീകരവാദത്തെ അതിന്റെ വേരോടെ ഉന്മൂലനം ചെയ്യാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാക് ഭീകര കേന്ദ്രങ്ങൾ തകർത്ത ഇന്ത്യൻ സൈന്യത്തിന് ബിഗ് സല്യൂട്ടെന്നും ഭീകരർക്കെതിരായ ഏത് നീക്കത്തിലും രാജ്യം ഒറ്റക്കെട്ടാണെന്നും മുൻ പ്രതിരോധവകുപ്പ് മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ കെ ആന്റണി പറഞ്ഞു. ഇന്ത്യൻ സേനയിൽ പൂർണ വിശ്വാസമുണ്ട്. ഇനിയും ഭീകരർക്കെതിരായ കൂടുതൽ നടപടികൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യ നടത്തുന്നത് യുദ്ധമല്ല, ഭീകരർക്കെതിരായ നടപടിയാണ്. ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഭീകരതയാണ്. ഇന്ത്യയ്ക്കൊപ്പം ലോക മനസാക്ഷി ഉണ്ടാകും. തുടർന്നുള്ള കാര്യങ്ങൾ സൈന്യം ചെയ്യും, കേന്ദ്രം അവർക്ക് വിട്ടുകൊടുത്തിട്ടുണ്ടെന്നും എകെ ആന്റണി കൂട്ടിച്ചേർത്തു.

പഹൽ​ഗാം ആക്രമണത്തിൽ ഇന്ത്യ നടത്തിയത് തിരിച്ചടിയല്ല, ലോക നീതിയായിട്ടാണ് കണക്കാക്കുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി പറഞ്ഞു. പാക്കിസ്ഥാൻ ഇത് ആവർത്തിക്കില്ല എന്ന ഉറപ്പു കൂടിയാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ ആത്മാഭിമാനം സംരക്ഷിക്കാനായെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറ‍ഞ്ഞു. നിലവിൽ ഡൽഹിയിലേക്ക് അടിയന്തരമായിട്ട് എത്താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും
ഡൽഹിയിൽനിന്ന് വ്യക്തമായ നിർദ്ദേശങ്ങൾ മന്ത്രിമാർക്ക് ലഭ്യമാകുന്നുണ്ടെന്നും സുരേഷ് ഗോപി അറിയിച്ചു

ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ ജെയ്‌ഷെ തലവൻ മസൂദ് അസറിന്റെ സഹോദരി അടക്കം 10 കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടതായി പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. നാല് സഹായികളും കൊല്ലപ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ അസ്ഹറിന്റെ മൂത്ത സഹോദരിയും ഭർത്താവും ഉൾപ്പെടുന്നതായി ജെയ്‌ഷെ മേധാവിയുടെ പ്രസ്താവന ഉദ്ധരിച്ച് ബിബിസി ഉറുദു റിപ്പോർട്ട് ചെയ്തു.

ഇന്ന് പുലർച്ചെ ആയിരുന്നു പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാക്കിസ്ഥാൻ ഭീകര കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചത്. ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന് പേരിട്ട സൈനിക ആക്രമണത്തില്‍ പാക് അധീന കശ്മീരിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തായിരുന്നു ഇന്ത്യയുടെ തിരിച്ചടി. പഹൽഗാമിന് മറുപടിയായി ലഷ്‌കർ-ഇ-തൊയ്ബ, ഹിസ്ബുൾ മുഹാജിദീൻ, ജയ്ഷ്-ഇ-മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകളുടെ പാക്കിസ്ഥാനിലെ പരിശീലന കേന്ദ്രങ്ങളും ലോജിസ്റ്റിക് ബസുകളും ഉൾപ്പടെ ഒൻപത് ഭീകര താവളങ്ങളാണ് ഇന്ത്യൻ സൈന്യം തകർത്തത്. ഇന്ത്യയ്ക്കെ‌തിരായ ആക്രമണങ്ങൾ ആസൂത്രണം ചെയ്‌ത്‌ നടപ്പിലാക്കിയ ഭീകരവാദ ക്യാമ്പുകളെ മാത്രം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് സൈനിക വക്താവ് അറിയിച്ചു.

‘ഓപ്പറേഷന്‍ സിന്ദൂര്‍ പഹല്‍ഗാമിനുളള മറുപടി’; വിശദീകരിച്ച് വനിതാ സൈനിക മേധാവിമാർ

Send your news and Advertisements

You may also like

error: Content is protected !!