ന്യൂ ഡൽഹി: പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനം ആചരിച്ച് രാജ്യം. ‘യോഗ ഭൂമിക്കും ആരോഗ്യത്തിനും‘ എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പ്രമേയം. യോഗ ചെയ്യുന്നതിലൂടെ മനുഷ്യർക്ക് ഉന്മേഷത്തോടെ കാര്യങ്ങൾ നിർവഹിക്കാനും, ജീവിത ശൈലീ രോഗങ്ങളിൽ നിന്നും പകർച്ചവ്യാധി ഉൾപ്പെടെയുള്ള രോഗങ്ങളിൽ നിന്നും ഫലപ്രദമായി രക്ഷനേടാനും സാധിക്കും. യോഗയുടെ പ്രാധാന്യം പൊതു സമൂഹത്തിലെത്തിക്കാനാണ് അന്താരഷ്ട്ര യോഗാ ദിനം ആചരിക്കുന്നത്.
രാഷ്‌ട്രപതി ദ്രൗപദി മുർമു ഉത്തരാഖണ്ഡിൽ യോഗാദിനാചരണത്തിൽ പങ്കെടുത്തു. ഗവർണർ ഗുർമീത് സിംഗിനും മറ്റ് പൊലീസ് ഉദ്യോഗസ്ഥർക്കുമൊപ്പമാണ് രാഷ്‌ട്രപതി യോഗയിൽ പങ്കെടുത്തത്. സംസ്ഥാനത്തെ നിരവധി പേർ യോഗയുടെ ഭാഗമായി.
വിശാഖപട്ടണത്ത് നടന്ന യോഗാദിനാചരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുകയും ജനങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്തു. സംഘർഷം വർധിക്കുന്ന ലോകത്ത് യോഗയ്ക്ക് സമാധാനം കൊണ്ടുവരാൻ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. “യോഗ എല്ലാവർക്കുമുള്ളതാണ്. അതിന് അതിർത്തികളോ, പ്രായമോ, പശ്ചാത്തലമോ ഇല്ല. നിർഭാഗ്യവശാൽ ഇന്ന് ലോകം മുഴുവൻ സംഘർഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അനേകം സ്ഥലങ്ങളിൽ അശാന്തിയും അസ്‌ഥിരതയും വർധിക്കുന്നു. അങ്ങനെയുള്ള സമയങ്ങളിൽ യോഗ സമാധാനത്തിന്റെ ദിശാബോധം നൽകുന്നു. മനുഷ്യരാശിക്ക് ശ്വാസമെടുക്കാനും, സന്തുലിതാവസ്‌ഥ വീണ്ടെടുക്കാനും, വീണ്ടും പൂർണമാകാനും ആവശ്യമായൊരു ബട്ടൺ ആണ് യോഗ”- പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
യോഗ അടിസ്ഥാനമാക്കിയുള്ള തെറാപ്പിയും സർക്കാർ പ്രോത്സാഹിപ്പിക്കുന്നു. ഡൽഹി എയിംസ് ഇക്കാര്യത്തിൽ സജീവ പങ്കാളിയാകുന്നുണ്ട്. യോഗ അഭ്യസിക്കുന്നതിലൂടെ ഹൃദയ-നാഡീ പ്രശ്നങ്ങളുള്ളവർക്ക് മാറ്റങ്ങളുണ്ടയാതായും സ്ത്രീകളുടെ മാനസികാരോഗ്യത്തിന് ഉത്തമമാണെന്ന് എയിംസ് ആശുപത്രി നടത്തിയ ഗവേഷണങ്ങളിലൂടെ തെളിയിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. വിശാഖപട്ടണത്തെ ചടങ്ങിൽ മൂന്നു ലക്ഷത്തിലേറെപേർ പങ്കെടുത്തു.
കശ്മീരിലെ ഉധംപൂരിൽ നടന്ന യോഗാദിന സംഗമത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പങ്കെടുത്തു. ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തിയിൽ ബിഎസ്എഫ് ജവാന്മാർ അന്താരാഷ്‌ട്ര യോഗാ ദിനം ആചരിച്ചു. ജമ്മു കശ്മീരിലെ ആർഎസ് പുര സെക്ടറിലെ ഇന്ത്യ-പാക്കിസ്ഥാൻ അന്താരാഷ്‌ട്ര അതിർത്തിയിലായിരുന്നു സൈനികരുടെ യോഗാ ദിനാചരണം. ആർഎസ് പുരയ്‌ക്ക് പുറമേ, കതുവയിലെ രവി നദിക്ക് കുറുകെയുള്ള പോണ്ടൂൺ പാലത്തിലും സാംബയിലെ രാംഗഡ് സെക്ടറിലും ബിഎസ്‌എഫ് സൈനികർ യോഗ പ്രകടനം നടത്തി. ബാരാമുള്ള ഉൾപ്പെടെ ജമ്മു കശ്മീരിലെ മറ്റ് സ്ഥലങ്ങളിലും ബിഎസ്എഫ് ഉദ്യോഗസ്ഥരുടെയും പ്രാദേശിക ജനങ്ങളുടെയും പങ്കാളിത്തത്തോടെ യോഗ സെഷനുകൾ സംഘടിപ്പിച്ചു.
രാജ്യാന്തര യോഗാ ദിനാഘോഷങ്ങളുടെ ഭാഗമായി ഡൽഹി നഗരത്തിലുടനീളം സംസ്ഥാന സർക്കാർ 11 ഇടങ്ങളിൽ യോഗാഭ്യാസ പരിപാടികൾ സംഘടിപ്പിച്ചു. പുലർച്ചെ 5 മുതൽ പരിപാടികൾ തുടങ്ങി.
രാജ്യാന്തര യോഗ ദിനത്തിൽ കുട്ടികൾക്കൊപ്പം വിശ്വശാന്തി ഫൗണ്ടേഷന്റെ യോഗ ദിനാചരണത്തിലും ലഹരി വിരുദ്ധ ക്യാംപെയ്നിലും നടൻ മോഹൻലാൽ പങ്കെടുത്തു. കൊച്ചി സിയാൽ കൺവെൻഷൻ സെൻ്ററിൽ നടന്ന യോഗ ദിനാചരണത്തിലാണ് മോഹൻലാൽ പങ്കെടുത്തത്. ഈ യോഗദിനത്തിൽ ഞങ്ങൾ മുന്നോട്ട് വയ്ക്കുന്ന സന്ദേശം ലഹരിവിരുദ്ധ കേരളം ആണെന്ന് മോഹൻലാൽ പറഞ്ഞു. Be a Hero Say no to Drugs എന്ന പ്രമേയത്തിൽ നടന്ന യോഗ ദിനാചരണത്തിൽ മേജർ രവിയും മറ്റ പ്രമുഖരും പങ്കെടുത്തു.