Monday, September 1, 2025
Mantis Partners Sydney
Home » യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് ട്രംപ് 25 ശതമാനം തീരുവ പ്രഖ്യാപിച്ചു.
ട്രംപ്

യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് ട്രംപ് 25 ശതമാനം തീരുവ പ്രഖ്യാപിച്ചു.

by Editor

വാഷിങ്ടണ്‍: അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധിക തീരുവ പ്രഖ്യാപിച്ചു. യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്കും കാര്‍ ഭാഗങ്ങൾക്കും 25 ശതമാനം തീരുവ ചുമത്തും, എന്നാൽ കാറിന്റെ നിർമാണം യു.എസിലാണ് നടത്തുന്നതെങ്കിൽ ഒരു നികുതിയും ബാധകമാവില്ലെന്നും ട്രംപ് പറഞ്ഞു. യു.എസിൽ വാഹന നിർമാണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പുതിയ തീരുവ ഏപ്രില്‍ രണ്ടു മുതല്‍ പ്രാബല്യത്തില്‍ വരും. കാർ ഭാഗങ്ങൾക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന തീരുവ മെയ് മാസം മുതലാകും പ്രാബല്യത്തിൽ വരുന്നത്.

അമേരിക്കയുടെ വിഭവങ്ങൾ മറ്റ് രാജ്യങ്ങൾ കവർന്നെടുക്കുന്നുവെന്ന വാദഗതിക്കാരാണ് പ്രസിഡൻ്റ്. യുഎസ് വ്യാവസായിക മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനും വരുമാനം ഉണ്ടാക്കുന്നതിനുമുള്ള ഒരു മാർഗമായി താരിഫുകളെ അദ്ദേഹം കാണുന്നു. 2.5 ശതമാനത്തിൽ നിന്നാണ് നികുതി 25 ശതമാനമാക്കി ഉയർത്തിയത്. ഇതിലൂടെ രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചയ്ക്ക് വേഗം കൂടുമെന്ന് ട്രംപ് പ്രതീക്ഷിക്കുന്നു. എന്നാൽ വിദേശ കമ്പനികൾ അമേരിക്കയിൽ തന്നെ കാർ നിർമിക്കാൻ തയ്യാറായാൽ ഈ നികുതി ഭാരത്തിൽ നിന്ന് രക്ഷ നേടാനാവും.

പുതിയ തീരുവ പ്രഖ്യാപനം യു.എസിലേക്കുള്ള കാര്‍ ഇറക്കുമതിയില്‍ മുൻ പന്തിയിലുള്ള മെക്‌സിക്കോ, ദക്ഷിണ കൊറിയ, ജപ്പാൻ, കാനഡ, ജര്‍മനി എന്നീ രാജ്യങ്ങൾക്ക് തിരിച്ചടിയായേക്കും. 2024-ല്‍ മാത്രം യു.എസിലേക്ക് ഏകദേശം 80 ലക്ഷം കാറുകള്‍ ഇറക്കുമതി ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ കാറുകളുടെ വില ഉയർത്താൻ യു.എസിലെ കമ്പനികൾ നിർബന്ധിതരാവും. വില വർധനവ് വിൽപനയിൽ ഇടിവുണ്ടാക്കുമോയെന്നാണ് കമ്പനികളുടെ ആശങ്ക.

 

Send your news and Advertisements

You may also like

error: Content is protected !!