വാഷിങ്ടൻ: 2008 -ലെ മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന ആസൂത്രകനായ തഹാവൂർ ഹുസൈൻ റാണയെ ഇന്ത്യയ്ക്ക് കൈമാറുന്നതിന് യുഎസ് സുപ്രീം കോടതിയുടെ അനുമതി. തന്നെ ഇന്ത്യക്ക് കൈമാറുന്നതിനെതിരെ തഹാവൂർ റാണ സമർപ്പിച്ച ഹർജി കോടതി തള്ളി. ഏറെക്കാലമായി തഹാവൂർ റാണയെ വിട്ടുകിട്ടാനായി ഇന്ത്യ അന്തർദേശീയ തലത്തിൽ സമ്മർദ്ദം ചെലുത്തുന്നുണ്ടായിരുന്നു. രണ്ടുരാജ്യങ്ങളും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരമാണു റാണയെ കൈമാറ്റം ചെയ്യുക. യുഎസ് സോളിസിറ്റർ ജനറൽ എലിസബത്ത് ബി. പ്രിലോഗർ റാണയുടെ ഹർജി തള്ളണമെന്ന് യുഎസ് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുടെ ആവശ്യത്തിനെതിരെ യുഎസിൽ തഹാവൂർ ഹുസൈൻ റാണയ്‌ക്ക് നടത്താവുന്ന നിയമപോരാട്ടത്തിനുള്ള അവസാന വഴിയും ഇതോടെ അടഞ്ഞു. തീവ്രവാദികൾക്കെതിരെ കടുത്ത നിലപാട് പുലർത്തുന്ന ട്രംപ് ഭരണകൂടം കൂടി അധികാരത്തിലേറിയതോടെ റാണയുടെ ഇന്ത്യയിലേക്കുള്ള നാടുകടത്തൽ ഇനി എളുപ്പമാകും.
കനേഡിയൻ പൗരത്വമുള്ള പാക്കിസ്ഥാൻ വംശജനാണ് തഹാവൂർ റാണ. 64 -കാരനായ ഇയാൾ നിലവിൽ ലോസ് ആഞ്ചലസിലെ മെട്രോപൊളിറ്റൻ ജയിലിൽ തടവിൽ കഴിയുകയാണ്. 2008 നവംബർ 26-ലെ മുംബൈ ഭീകരാക്രമണത്തിൽ 6 യുഎസ് പൗരന്മാർ ഉൾപ്പെടെ 166 പേർ കൊല്ലപ്പെട്ടിരുന്നു. സുഹൃത്തായ യുഎസ് പൗരൻ ഡേവിഡ് ഹെഡ്‍ലിയുമൊത്ത് പാക്ക് ഭീകര സംഘടനകളായ ലഷ്കറെ തയിബ, ഹർക്കത്തുൽ മുജാഹിദീൻ എന്നിവയ്ക്കായി മുംബൈ ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയതിനാണ് റാണ അന്വേഷണം നേരിടുന്നത്.