ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരെ യുഎസ് പ്രഖ്യാപിച്ച പകരതീരുവയാണ് ഇന്നു പ്രാബല്യത്തിൽ വരുന്നത്. ഇന്ത്യൻ സമയം രാവിലെ ഒമ്പതരയ്ക്കാണ് പുതിയ നിരക്ക് പ്രാബല്യത്തിലാകുക. ഇന്ത്യയടക്കം 86 രാജ്യങ്ങൾക്കെതിരെയാണ് അമേരിക്ക പകര തീരുവകൾ പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്ക് 26 ശതമാനമാണ് പകരതീരുവ ചുമത്തിയിരിക്കുന്നത്. 11 മുതൽ 84 ശതമാനം വരെ പകര തീരുവ മിക്ക രാജ്യങ്ങളും നേരിടുമ്പോൾ ചൈനയിൽ 104 ശതമാനം ആണ് പകര തീരുവ. ചില ചൈനീസ് ഉൽപന്നങ്ങൾക്ക് 125 ശതമാനം വരെ തീരുവ വർധിക്കും.
യുഎസ് ഉൽപന്നങ്ങൾക്ക് 34 ശതമാനം തീരുവ ചുമത്താനുള്ള തീരുമാനം 24 മണിക്കൂറിനകം പിൻവലിച്ചില്ലെങ്കിൽ ചൈനയ്ക്കുള്ള പകരതീരുവ 104 ശതമാനമാക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. മുൻപ് ചുമത്തിയ 20 ശതമാനവും ഈ മാസം രണ്ടിന് പ്രഖ്യാപിച്ച 34 ശതമാനവുമുൾപ്പെടെ 54 ശതമാനമായിരുന്നു ചൈനയ്ക്കുണ്ടായിരുന്ന തീരുവ. ഇതിനൊപ്പം 50 ശതമാനം കൂടിയാണ് പുതിയതായി ചുമത്തിയിരിക്കുന്നത്. ചൈനയ്ക്കുമേലുള്ള യുഎസിന്റെ പകരതീരുവ അടിസ്ഥാനരഹിതമാണെന്നും ഏകപക്ഷീയമായ ഭീഷണിപ്പെടുത്തല്‍ രീതിയാണെന്നും ചൈനീസ് വാണിജ്യമന്ത്രാലയം പ്രതികരിച്ചു. അമേരിക്കയുടെ ഭീഷണി തെറ്റിനു മുകളിലെ തെറ്റാണെന്നും ഇതിനു ബ്ലാക്ക്മെയിലിങ്ങിന്റെ സ്വഭാവമാണെന്നും മന്ത്രാലയം പറഞ്ഞു.
ഏപ്രിൽ 2ന് ട്രംപ് തീരുവ ചുമത്താനുള്ള പ്രഖ്യാപനം നടത്തിയതിന് പിന്നാലെ അമേരിക്കൻ വിപണിയിൽ ഇടിവ് തുടരുകയാണ്. എന്നാൽ സ്റ്റോക്ക് മാർക്കറ്റിലെ നഷ്ടത്തേക്കുറിച്ചുള്ള ആശങ്ക സംബന്ധിയായ വാർത്തകൾ വൈറ്റ് ഹൌസും ട്രംപും തള്ളി. അമേരിക്ക ഉടനേ തന്നെ വൻ സാമ്പത്തിക നേട്ടത്തിലെത്തുമെന്നാണ് ചൊവ്വാഴ്ച ട്രംപ് പ്രതികരിച്ചത്. ട്രംപിന്റെ നടപടിയിൽ നിക്ഷേപകരുടെ ആശങ്ക തുടരുകയാണ്.