മുളന്തുരുത്തി: ചെങ്ങോലപ്പാടം റെയിൽവേ ഗേറ്റിലെ യാത്രക്കാരുടെ കാത്തിരിപ്പ് ഇന്ന് അവസാനിക്കും. റെയിൽവേ മേൽപാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഇന്ന് നാടിനു സമർപ്പിക്കും. ചടങ്ങിൽ അനൂപ് ജേക്കബ് എംഎൽഎ അധ്യക്ഷത വഹിക്കും. എംപിമാരായ ഫ്രാൻസിസ് ജോർജ്, ജോസ് കെ. മാണി എന്നിവർ പങ്കെടുക്കും.
കേരള റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷന്റെ മേൽനോട്ടത്തിൽ 100% പണികളും പൂർത്തിയാക്കിയാണു പാലം തുറന്നു കൊടുക്കുന്നത്. കോട്ടയത്തു നിന്നു കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരുടെ പ്രധാന പ്രതിസന്ധിക്കാണു പാലം തുറക്കുന്നതോടെ പരിഹാരമാകുന്നത്. ചെങ്ങോലപ്പാടത്തിനു കുറുകെ 365 മീറ്റർ നീളത്തിലാണു പാലത്തിന്റെ നിർമാണം. 7.5 മുതൽ 8.1 മീറ്റർ വരെയാണു വീതി. ഒരു വശത്ത് നടപ്പാതയും റെയിൽപാളത്തിന്റെ ഇരുവശങ്ങളിലും പാലത്തിലേക്കു കയറാൻ സ്റ്റെയറും നിർമിച്ചിട്ടുണ്ട്. സർവീസ് റോഡുകളും സജ്ജമാണ്.