101
ബ്രിസ്ബേൻ: ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് സ്നേഹ സമ്മാനവുമായി ഓസ്ട്രേലിയയിലെ ക്വീൻസ്ലാന്റിലെ ടാനം സാൻഡ്സിലെ (Tannum Sands) സെൻ്റ് ഫ്രാൻസിസ് കാത്തലിക് പ്രൈമറി സ്കൂളിലെ വിദ്യാർഥികൾ. കൈകൊണ്ട് നിർമ്മിച്ച ഒരു വിരിപ്പാണ് സമ്മാനമായി നൽകിയത്. ഓസ്ട്രേലിയയുടെ ഔദ്യോഗിക മൃഗമായ കങ്കാരു ഉൾപ്പെടെയുള്ള വിവിധ മൃഗങ്ങളുടെ ചിത്രങ്ങളാണ് കുട്ടികൾ വിരിപ്പിൽ തുന്നിച്ചേർത്തിരുന്നത്.
വത്തിക്കാന്റെ ഓസ്ട്രേലിയൻ അംബാസഡർ കീത്ത് പിറ്റ് വഴിയാണ് വിദ്യാർഥികൾ സ്നേഹ സമ്മാനം പാപ്പയ്ക്ക് കൈമാറിയത്. ഔദ്യോഗിക രേഖകൾക്കൊപ്പം മക്കാഡമിയ നട്സ്, ഉണക്കമുന്തിരി, റെഡ് വൈൻ, ടിം ടാം ചോക്ലേറ്റുകൾ എന്നിവയാണ് അംബാസഡർ പിറ്റ് പാപ്പയ്ക്ക് സമ്മാനമായി നൽകിയത്. മാർപാപ്പയുമായുള്ള കൂടിക്കാഴ്ച ഊഷ്മളവും ആകർഷകവുമാണെന്ന് അംബാസഡർ പിറ്റ് പറഞ്ഞു.