പത്തനംതിട്ട ചിറ്റാർ സ്വദേശി എബ്രഹാം ദാനിയേൽ (ഷാജി) മാർത്തോമ്മാ സഭയ്ക്കെതിരെ ഗുരുതരാരോപണവുമായി രംഗത്തെത്തി. തന്റെ മക്കളുടെ വിദേശപഠനത്തിന് ആവശ്യമായ മാമോദീസ സർട്ടിഫിക്കറ്റ് നൽകാൻ ഇടവക വികാരി റവ. സി കെ കൊച്ചുമോൻ മനപ്പൂർവ്വം വൈകിപ്പിച്ചുവെന്ന് ആരോപിച്ച അദ്ദേഹം, വിശ്വാസപരമായ വിയോജിപ്പുകളുടെ പേരിൽ സഭയിൽ നിന്ന് രാജിവച്ചതിന് പ്രതികാരനടപടിയാണിതെന്ന് ആരോപിച്ചു.
2013 വരെ ചിറ്റാർ സെന്റ് പോൾസ് മാർത്തോമ്മ പളളിയിലെ അംഗമായിരുന്ന എബ്രഹാം, പുതിയ സഭയിൽ ചേർന്നതോടെ തന്റെ മക്കൾക്ക് മാമോദീസ സർട്ടിഫിക്കറ്റ് വേണമെന്നായി. ഡിസംബർ 8-ന് അപേക്ഷിച്ചിരുന്ന സർട്ടിഫിക്കറ്റ് നീട്ടിക്കൊണ്ടുപോയതിനെതിരെ ഭദ്രാസന ബിഷപ്പിനും സഭാ മേലധ്യക്ഷനുമടക്കം കത്തുകൾ നൽകിയെങ്കിലും നടപടിയില്ല.
സർട്ടിഫിക്കറ്റ് ലഭിക്കാത്തതോടെ മകന്റെ വിദേശപഠന അവസരം നഷ്ടമായി. ഇതിനെ തുടർന്ന് കുടുംബസമേതം തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് സത്യാഗ്രഹം നടത്താനാണ് എബ്രഹാം ദാനിയേലിന്റെ തീരുമാനം. അവർക്കും കുടുംബത്തിനും സംരക്ഷണം ആവശ്യപ്പെട്ട് തിരുവല്ല പോലീസിൽ പരാതിയും നൽകിയിട്ടുണ്ട്.