ഇന്ന് ബക്രീദ്. ഈദുൽ അദ്ഹ അഥവാ ആത്മസമർപ്പണത്തിന്റെ ആഘോഷം. അതാണ് ബക്രീദ്. ഒരേസമയം വിനയത്തിന്റെ പാഠവും മനുഷ്യകാരുണ്യത്തിന്റെ ആഘോഷവുമായി അത് മാറുന്നു. പ്രവാചനായ ഇബ്രാഹിം നബി തന്റെ പ്രിയ പുത്രൻ ഇസ്മായിലിനെ അള്ളാഹുവിന്റെ കൽപന മാനിച്ച് ബലിയർപ്പിക്കാൻ സന്നദ്ധനായതിന്റെ ഓർമ്മ പുതുക്കുന്ന ദിനമാണ് ബക്രീദ്. അള്ളാഹുവിനോടുള്ള അചഞ്ചലമായ ഭക്തി പ്രകടിപ്പിച്ച ഇബ്രാഹിമിനെ നാഥൻ ചേർത്തുപിടിച്ചതായാണ് വിശ്വാസം.
ഭാഷയുടെയും ദേശത്തിന്റെയും അതിരുകൾ ഇല്ലാതെ മക്കയിൽ ഒരുമിക്കുന്ന വിശ്വാസികളുടെ ഹജ്ജ് തീർത്ഥാടനത്തിന്റെ പരിസമാപ്തി കൂടിയാണ് ബലി പെരുന്നാൾ. ആത്മീയ ശുദ്ധീകരണത്തിനായുള്ള ഈ ദിവസം ദൈവഹിതത്തോടുള്ള വിശ്വാസിയുടെ പ്രതിബദ്ധതയും ഓർമ്മിപ്പിക്കുന്നു.
മലയാളികൾക്ക് ബക്രീദ് ആശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
ത്യാഗത്തിന്റേയും സഹനത്തിന്റേയും ആത്മസമര്‍പ്പണത്തിന്റെയും സ്മരണ പുതുക്കിക്കൊണ്ട് നാം ബക്രീദ് ആഘോഷിക്കുകയാണ്. ലോക മുസ്ലീങ്ങളുടെ പരിശുദ്ധ ആഘോഷമായ ബക്രീദ് മലയാളികളുടെ ബലി പെരുന്നാൾ അല്ലെങ്കിൽ വലിയ പെരുന്നാൾ ആണ്. വിശുദ്ധ ഹജ്ജ് കർമ്മത്തിന്റെ പരിസമാപ്തിയായ ബക്രീദ് മനുഷ്യത്വത്തിന്റെ ഏറ്റവും ഉദാത്തമായ ആവിഷ്കാരം ത്യാഗമാണെന്ന് ഓർമിപ്പിക്കുന്ന ദിനം കൂടിയാണ്.
സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃകകളാണ് ഓരോ ബക്രീദ് ആഘോഷവും. വിശ്വാസികൾ തങ്ങളുടെയത്രയും ശേഷിയില്ലാത്തവരെ ഓർക്കുന്നതും ചേർത്തുപിടിക്കുന്നതും അവരുമായി ഭക്ഷണവും സന്തോഷവും പങ്കുവയ്ക്കുന്നതും അനുകരണീയമാണ്.
സ്വന്തം സുഖ സന്തോഷങ്ങളുപേക്ഷിച്ച് മറ്റുള്ളവരുടെ നന്മയ്ക്കായി ആത്മാർപ്പണം ചെയ്യുന്ന മനുഷ്യരാണ് ലോകത്തെ പ്രകാശമാനമാക്കുന്നതെന്ന ഏറ്റവും മഹത്തായ സന്ദേശമാണ് ഓരോ ബക്രീദ് ദിനവും പകരുന്നത്. ജനങ്ങളില്‍ കൂടുതല്‍ ഐക്യവും സൗഹാര്‍ദവും അര്‍പ്പണ മനോഭാവവും ഉണ്ടാകാന്‍ ഈദിന്‍റെ സന്ദേശം ഉപകരിക്കട്ടെ.
ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും പരസ്പര സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും വലിയ പെരുന്നാൾ ആശംസകൾ നേരുകയാണ്.