ഇംഫാൽ: സംഘർഷം പടരുന്ന മണിപ്പൂരിൽ മുഖ്യമന്ത്രി ബിരേൻ സിംഗിന്റെ വീടിന് നേരെയും ആക്രമണം. ആരാധനാലയങ്ങൾക്ക് നേരെയും ആക്രമണം ഉണ്ടായി. സംഘർഷം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുകയാണ്. മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും വീടുകൾക്ക് നേരെ വ്യാപക ആക്രമണമാണ് ഉണ്ടാകുന്നത്. സായുധ സംഘം തട്ടിക്കൊണ്ടുപോയ ആറ് പേരുടെ മൃതദേഹങ്ങൾ ജിരിബാമിൽ കണ്ടെത്തിയിരുന്നു. മണിപ്പൂർ-അസം അതിർത്തിയോട് ചേർന്ന ജിരിബാം ജില്ലയിലെ ജിരിമുഖ് എന്ന വിദൂര ഗ്രാമത്തിലെ നദിക്ക് സമീപം വെള്ളിയാഴ്ച വൈകുന്നേരമാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ഇതോടെയാണ് സംഘർഷം പടർന്നത്. അഴുകി തുടങ്ങിയ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി അസമിലെ സിൽച്ചാർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഡിഎൻഎ പരിശോധനയ്ക്ക് ശേഷം മാത്രമേ കൊല്ലപ്പെട്ടവർ ആരാണെന്ന് സ്ഥിരീകരിക്കാൻ കഴിയു. മണിപ്പൂരിൽ ഒരു കുടുംബത്തിൽ നിന്ന് ആറുപേരെ വിഘടന വാദികൾ തട്ടിക്കൊണ്ടു പോയിരുന്നു. ഇവരുടേതാകാം മൃതദേഹങ്ങൾ എന്നാണ് പ്രാഥമിക നിഗമനം.
അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മണിപ്പൂരിൽ ഇന്റർനെറ്റിന് നിരോധനം ഏർപ്പെടുത്തി. ഏഴ് ജില്ലകളിലെ ഇൻ്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, ബിഷ്ണുപൂർ, തൗബൽ, കാക്‌ചിംഗ്, കാങ്‌പോക്‌പി, ചുരാചന്ദ്പൂർ ജില്ലകളിലാണ് രണ്ട് ദിവസത്തേക്ക് ഇൻ്റർനെറ്റ് താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നത്. ഇംഫാൽ വെസ്റ്റിലും ഇംഫാൽ ഈസ്റ്റിലും കർഫ്യൂവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇംഫാൽ താഴ്‌വരയിൽ അക്രമ സംഭവങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി. സമാധാനം പുനസ്ഥാപിക്കാൻ കർശന നടപടിയെടുക്കണമെന്ന് സുരക്ഷാസേനയ്ക്ക് ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി. കലാപം ഉണ്ടാക്കുന്നവർക്കെതിരെ കടുത്ത നടപടിയെടുക്കണമെന്നും നിർദ്ദേശമുണ്ട്. പ്രധാന കേസുകൾ ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറി. കിംവദന്തികളിൽ വിശ്വസിക്കാതെ, സുരക്ഷാ ഉദ്യോഗസ്ഥരോട് സഹകരിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. ഇതിനിടെ, സായുധ സേനകൾക്കുള്ള പ്രത്യേക അധികാര നിയമം (അഫ്സ്പ) പിൻവലിക്കണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാർ രംഗത്തെത്തി.ഇക്കാര്യം ഉന്നയിച്ച് സംസ്ഥാന ആഭ്യന്തര ജോയിന്റ് സെക്രട്ടറി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചു.
മെയ്തേയ് , കുക്കി വിഭാഗങ്ങൾ തമ്മിലുള്ള വംശീയ സംഘർഷത്തിന് 2023 മെയ് 3 -നാണ് തുടക്കം കുറിച്ചത്. മെയ്തേയ് വിഭാഗക്കാർക്ക് പട്ടികവർഗ പദവി നൽകണമെന്ന ആവശ്യം ശക്തമായി ഉയർന്നതോടെയാണ് സംഘർഷത്തിന് തുടക്കം. 200-ല്‍ അധികം മരണമാണ് കലാപവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 800-ല്‍ അധികം പേരെ കാണാതായി 5000-ത്തിൽ അധികം തീവെയ്പ്പ് കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 40,000-ത്തോളം പേർ പലായനം ചെയ്തു.