ഫോബ്‌സിന്റെ 2025 സമ്പന്ന പട്ടികയിൽ ആദ്യ പത്തിൽ നിന്ന് മുകേഷ് അംബാനി പുറത്തായി. സ്പേസ് എക്‌സ്, ടെസ്‌ല സിഇഒയായ ഇലോൺ മസ്‌ക് 342 ബില്യൺ യുഎസ് ഡോളർ ആസ്തിയുമായി പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. 21,600 കോടി ഡോളർ ആസ്തിയുമായി മെറ്റ മേധാവി മാർക്ക് സക്കർബർഗ് രണ്ടാമതെത്തി. 21,500 കോടി ഡോളർ ആസ്തിയുള്ള ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെ പിന്തള്ളിയാണ് മാർക്ക് സക്കർബർഗ് രണ്ടാമതെത്തിയത്. ഓറക്കിളിന്റെ ലാറി എലിസൺ (19,200 കോടി ഡോളർ), ഫ്രഞ്ച് ഫാഷൻ ബ്രാൻഡ് എൽവിഎംഎച്ചിന്റെ മേധാവി ബെർണാഡ് ആർണോയും കുടുംബവും (17,800 കോടി ഡോളർ) എന്നിവരാണ് യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങളിൽ.
ഏറ്റവും കൂടുതൽ കോടീശ്വരന്മാരുള്ളത് അമേരിക്കയിലാണ്; 902 ശതകോടീശ്വരന്മാരാണ് യുഎസിൽ മാത്രം. 516 കോടീശ്വരന്മാരുള്ള ചൈന രണ്ടാമതും 205 ഇന്ത്യൻ കോടീശ്വരന്മാരുമായി ഇന്ത്യ മൂന്നാമതുമാണ്. ഒരാഴ്ച മുമ്പ് പുറത്തിറങ്ങിയ ഹുറൂൺ പട്ടികയിലും മുകേഷ് അംബാനി ആദ്യ പത്തിൽ നിന്നും പുറത്തായിരുന്നു. 92.5 ബില്യൺ ഡോളർ ആസ്തിയോടെ ഇപ്പോൾ അദ്ദേഹം 18-ാം സ്ഥാനത്താണ്. മുകേഷ് അംബാനിയാണ് ഇന്ത്യക്കാരിൽ മുന്നിൽ. 5630 കോടി ഡോളർ ആസ്തിയോടെ ഗൗതം അദാനി, 3550 കോടി ഡോളർ ആസ്തിയോടെ ജിൻഡാൽ ഗ്രൂപ്പ് മേധാവി സാവിത്രി ജിൻഡാൽ, എച്ച്സിഎൽ സ്ഥാപകൻ ശിവ് നാടാർ (3450 കോടി ഡോളർ), സൺഫാംർമ്മ മേധാവി ദിലീപ് സാംഘ്വി തുടങ്ങിയവരാണ് ആദ്യ പട്ടികയിലുള്ള മറ്റ് ഇന്ത്യക്കാർ.