മാഞ്ചസ്റ്റർ: പ്രവാസി മലയാളിയെ യുകെയിലെ മാഞ്ചസ്റ്ററിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം ജില്ലയിലെ പിറവം പാമ്പാക്കുട സ്വദേശിയായ പി. റ്റി. ദീപു (47) ആണ് മരിച്ചത്. മാഞ്ചസ്‌റ്ററിലെ സ്വകാര്യ റസ്‌റ്ററൻ്റിൽ ഷെഫായി ജോലി ചെയ്തു വരികയായിരുന്നു. ചിക്കൻ പോക്സ‌് ബാധിച്ചതിനെ തുടർന്നുള്ള അവധിയിലായിരുന്നു. അവധിക്ക് ശേഷം വെള്ളിയാഴ്‌ച രാവിലെ ജോലിക്ക് എത്താതിനെ തുടർന്ന് റസ്‌റ്ററൻ്റ് ജീവനക്കാരൻ താമസ സ്‌ഥലത്ത് അന്വേഷിച്ചു എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാകാമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം തുടർ നടപടികൾക്കായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
2023 -ലാണ് ദീപു ലിങ്കൺ ഷെയറിലെ സ്വകാര്യ കെയർ ഹോമിൽ ഷെഫായി ജോലിക്ക് എത്തുന്നത്. നാല് മാസം മുൻപ് ജോലി നഷ്ടപ്പെട്ടുവെങ്കിലും ഒരു മാസം മുൻപ് മാഞ്ചസ്റ്ററിലെ സ്വകാര്യ റസ്റ്ററന്റിൽ ഷെഫായി ജോലി ലഭിച്ചിരുന്നു. ഇതിനിടയിൽ നടന്ന ദുരൂഹ സാഹചര്യത്തിലെ മരണം മാഞ്ചസ്റ്ററിലെ മലയാളികളെയും നാട്ടിലുള്ള കുടുംബത്തെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. നാട്ടിൽ വിവിധ റസ്റ്ററന്റുകളിൽ മികച്ച ഒരു ഷെഫായി ജോലി ചെയ്തിരുന്ന ദീപു സുഹൃത്തുക്കളുടെ സഹായത്തോടെയാണ് യു കെയിൽ എത്തിച്ചേർന്നത്.
കഴിഞ്ഞ വർഷം അമ്മയുടെ മരണം നടന്നതോടെ, കടുത്ത ഡിപ്രഷനിലേക്ക് എത്തപ്പെട്ടയാളാണ് ദീപു. ഇതിനിടയിൽ ചിക്കൻപോക്സ് കൂടെ പിടിപെട്ടതോടെ, ഒപ്പം താമസമുണ്ടായിരുന്ന സുഹൃത്തും രോഗം പകരാതെയിരിക്കാൻ വേറെ വീട്ടിലേക്ക് പോയി. ഇതോടെ വീട്ടിൽ തീർത്തും ഒറ്റപ്പെട്ട് പോയ അവസ്ഥയിലേക്കും, കടുത്ത ഡിപ്രഷനിലേക്കും ദീപു എത്തപ്പെടുകയാണ് ഉണ്ടായത്. ഡിപ്രഷൻ ഉണ്ടാക്കിയ മാനസിക ആഘാതത്തിനൊടുവിൽ ദീപു സ്വയം ജീവൻ നഷ്ടപ്പെടുത്തി എന്നാണ് സുഹൃത്തുക്കൾ കരുതുന്നത്.
ഭാര്യ: നിഷ ദീപു. മക്കൾ: കൃഷ്ണപ്രിയ, വിഷ്‌ദത്തൻ, സേതുലക്ഷ്മി. പിറവം പാമ്പാക്കുട മേമ്മുറി പുലിക്കുന്നുമലയിൽ പരേതരായ പി. എ. തങ്കപ്പൻ, വി.എസ്. ശാരദ എന്നിവരാണ് മാതാപിതാക്കൾ. പി. റ്റി. അനൂപ് ഏക സഹോദരനാണ്.