ബീജിംഗ്: ചൈനയിൽ ഹ്യൂമൻ മെറ്റാപ് ന്യൂമോവൈറസ് (എച്ച്എംപിവി) അതിവേഗം പടരുന്നതായി റിപ്പോർട്ട്. ചൈനയിലെ ആശുപത്രികളും ശ്മശാനങ്ങളും നിറഞ്ഞിരിക്കുകയാണെന്നാണ് ചില സോഷ്യൽ മീഡിയ പോസ്റ്റുകളിൽ പറയുന്നത്. ചൈന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു എന്നു പോലും ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നു. എന്നാൽ ഇതൊന്നും ചൈനയോ ലോകാരോഗ്യ സംഘടനയോ സ്ഥിരീകരിച്ചിട്ടില്ല.
ചൈനയിലെ കുട്ടികളുടെ ആശുപത്രിയില്‍ ന്യുമോണിയ ബാധ ഉയരുന്നതായാണ് വിവരം. തിരക്കേറിയ ആശുപത്രികളില്‍ മാസ്ക് ധരിച്ച രോഗികളുള്ള വിഡിയോകളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. SARS‑CoV‑2 (COVID-19) എന്ന എക്സ് ഹാന്‍ഡിലില്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നുണ്ട്. അതേസമയം ഉറവിടമറിയാത്ത ന്യുമോണിയ കേസുകൾക്കായി നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയെന്ന് ചൈനയുടെ രോഗ നിയന്ത്രണ അതോറിറ്റി പറഞ്ഞതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. 14 വയസിന് താഴെ പ്രായമുള്ള കുട്ടികളില്‍ എച്ച്എംപിവി കേസുകള്‍ വര്‍ധിക്കുന്നുവെന്നാണ് ലഭ്യമായ വിവരങ്ങള്‍ വിശകലനം ചെയ്തുള്ള റോയിട്ടേഴ്സ് റിപ്പോര്‍ട്ട്. ചൈനയുടെ വടക്കന്‍ പ്രവിശ്യയിലാണ് കൂടുതല്‍ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.
ശ്വാസകോശത്തെ ബാധിക്കുന്ന അണുബാധയാണ് എച്ച്എംപിവി. എല്ലാ പ്രായത്തിലുമുള്ള ആളുകളെയും വൈറസ് ബാധിക്കുമെങ്കിലും ചെറിയ കുട്ടികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരെയാണ് ഈ വൈറസ് കൂടുതലായി ബാധിക്കുന്നതെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. ചിലർക്ക് ജലദോഷത്തിന് സമാനമായ നേരിയ ലക്ഷണങ്ങൾ മാത്രമേയുണ്ടാവൂ. ചിലരിൽ കൊവിഡിന് സമാനമായ ലക്ഷണങ്ങൾ ഉണ്ടാവും. നിലവിൽ ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസിന് പ്രത്യേക ചികിത്സയോ വാക്‌സിനോ ലഭ്യമല്ലെന്നും വിദഗ്ധർ പറയുന്നു. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ വായും മൂക്കും മൂടുക, ഇടയ്ക്കിടെ കൈകഴുകുക തുടങ്ങിയ ചില മുൻകരുതലുകൾ സ്വീകരിക്കേണ്ടത് അനിവാര്യമാണ്.