നിലമ്പൂർ എംഎൽഎയും ഡമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ) നേതാവുമായ പി.വി.അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. തൃണമൂൽ നേതാവും എംപിയുമായ അഭിഷേക് ബാനർജിയാണ് അൻവറിന് അംഗത്വം നൽകിയത്. ഇന്ന് കൊൽക്കത്തയിൽ മമത ബാനർജിയുമായി അൻവർ വാർത്താ സമ്മേളനം നടത്തും എന്നാണ് സൂചന. തൃണമൂൽ കോൺഗ്രസിന്റെ ഭാഗമാകാൻ നേരത്തെ പി വി അൻവർ ശ്രമങ്ങൾ തുടങ്ങിയിരുന്നു. കഴിഞ്ഞ മാസം ദില്ലി കേന്ദ്രീകരിച്ച് ഇതിനായി ചർച്ചകളും നടന്നു. ഇതിനിടെ കോൺഗ്രസിൽ ചേരാനുള്ള ശ്രമങ്ങൾ അൻവർ നടത്തിയെങ്കിലും ഇത് വിജയം കണ്ടിരുന്നില്ല. യുഡിഎഫിലേക്ക് എത്താനുള്ള നീക്കവും അൻവർ നടത്തി. ലീഗിന്റെ പിന്തുണ അൻവറിന് ലഭിച്ചിരുന്നെങ്കിലും യുഡിഎഫ് പ്രവേശനത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിലാണ് തൃണമൂലിലേക്ക് അൻവർ നീങ്ങിയത്.
അൻവറിനെ സ്വാഗതം ചെയ്ത തൃണമൂൽ, രാജ്യക്ഷേമത്തിനായി ഒരുമിച്ചു പ്രവർത്തിക്കാമെന്ന കുറിപ്പോടെ എക്സിൽ എക്സിൽ ചിത്രങ്ങളും പങ്കുവച്ചു. തനിക്കൊപ്പം കേരളത്തിൽനിന്ന് 4 എംഎൽഎമാരെക്കൂടി തൃണമൂലിലേക്ക് അൻവർ വാഗ്ദാനം ചെയ്തെന്നാണു വിവരം. തൃണമൂൽ യുവനേതാവും രാജ്യസഭാ എംപിയുമായ സുഷ്മിത ദേവിന്റെ നേതൃത്വത്തിലായിരുന്നു ചർച്ചകൾ എന്നാണു ലഭിക്കുന്ന സൂചന. പാർട്ടി പ്രവേശനത്തിന് മുന്നോടിയായി തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയുമായി അൻവർ ഫോണിൽ സംസാരിച്ചിരുന്നു. തൃണമൂലിന്റെ കേരള കോ-ഓർഡിനേറ്റർ സ്ഥാനം അൻവറിന് നൽകുമെന്നാണ് വിവരം. മമത ബാനർജിയെ കേരളത്തിൽ എത്തിച്ച് റാലിക്കും അൻവറിന് പദ്ധതിയുണ്ടെന്നാണ് വിവരം.
സ്വതന്ത്ര എംഎൽഎയായ അൻവറിന് നിയമസഭയുടെ കാലാവധി തീരും വരെ മറ്റൊരു പാർട്ടയിൽ ചേർന്നാൽ അയോഗൃത പ്രശ്നമുണ്ട്. അതിനാൽ ഔദ്യോഗികമായി മെബർഷിപ്പ് എടുക്കാതെ തൃണമൂലിന്റെ ഭാഗമാകാനാകും സാധ്യത. ഇതിൽ പി വി അൻവർ നിയമോപദേശം തേടിയെന്നാണ് വിവരം. അടുത്ത മാസം ആദ്യത്തോടെ മമതാ ബാനർജിയെ കേരളത്തിൽ എത്തിച്ച് റാലി നടത്താനാണ് അൻവറിന്റെ നീക്കം. പൂർണ്ണമായ അംഗത്വത്തിലേക്ക് നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്നതോടെയാണ് അൻവർ എത്തുക. നിലവിൽ ടിഎംസിയുടെ സംസ്ഥാന കോർഡിനേറ്റർ പദവിയാകും അൻവർ വഹിക്കുക. ഒപ്പം കേരളത്തിലെ പാർട്ടിയുടെ ചുമതലകൾ ഏകോപ്പിക്കാൻ എംപിമാരായ സുസ്മിത ദേവ്, മഹുവ മൊയ്ത്ര എന്നിവർക്ക് മമതാ ബാനർജി ചുമതല നൽകിയെന്നാണ് വിവരം. അൻവറിലൂടെയും ബാക്കി എംഎൽഎമാരിലൂടെയും കേരളത്തിൽ ശക്തമായ സാന്നിധ്യമാകാമെന്നാണു തൃണമൂലിന്റെ കണക്കുകൂട്ടൽ.