Saturday, November 29, 2025
Mantis Partners Sydney
Home » പാർലമെൻ്റ്  സംഘര്‍ഷത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസ്.
രാഹുല്‍ ഗാന്ധി

പാർലമെൻ്റ്  സംഘര്‍ഷത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസ്.

by Editor

ന്യൂ ഡൽഹി: പാർലമെൻ്റ്  സംഘർഷത്തിൽ രാഹുൽ ഗാന്ധിക്കെതിരെ കേസ്. ബിജെപിയുടെ ഗുജറാത്തിൽ നിന്നുള്ള എംപി ഹേമങ് ജോഷി നല്‍കിയ പരാതിയിൽ ദില്ലി പൊലീസാണ് കേസെടുത്തത്. മുറിവേല്‍പിക്കല്‍, അപായപ്പെടുത്താന്‍ ശ്രമം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

അംബേദ്കറെച്ചൊല്ലി നടത്തുന്ന പ്രതിഷേധത്തിനിടെ സഭക്ക് അകത്തും പുറത്തും ഭരണപക്ഷ പ്രതിപക്ഷ എംപിമാര്‍ തമ്മില്‍ കയ്യാങ്കളിയും വാക്കേറ്റവുമുണ്ടായിരുന്നു. പാര്‍ലമെന്‍റ് കവാടത്തില്‍ ഭരണപക്ഷ എംപിമാരും ഇന്ത്യ സഖ്യം എംപിമാരും ഏറ്റുമുട്ടി. ഇരുപക്ഷത്തെ എംപിമാര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യ സഖ്യം എംപിമാര്‍ പാര്‍ലമെന്‍റിലേക്ക് കയറാന്‍ ശ്രമിച്ചതോടെ സംഘര്‍ഷം വര്‍ധിച്ചു. സംഘർഷത്തിൽ ബിജെപി എംപിമാരായ പ്രതാപ് സാരംഗിക്കും, മുകേഷ് രാജ് പുതിനും പരിക്കേറ്റു. രാഹുല്‍ ഗാന്ധി തൊഴിച്ചിട്ടെന്ന് എംപിമാര്‍ ആരോപിച്ചു. പരിക്കേറ്റ എംപിമാരെ ആര്‍എംഎല്‍ ആശുപത്രിയിലേക്ക് മാറ്റി.

സ്ത്രീത്വത്തെ അപമാനിക്കും വിധം രാഹുല്‍ പെരുമാറിയെന്ന് നാഗാലന്‍ഡിലെ വനിത എംപി ഫാംഗ്നോന്‍ കൊന്യാക് രാജ്യസഭയില്‍ പറഞ്ഞു. ചെയര്‍മാന് രേഖാമൂലം പരാതിയും നല്‍കി. പ്രിയങ്ക ഗാന്ധിയേയും, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയേയും ഭരണപക്ഷ എംപിമാര്‍ തള്ളിയിട്ടെന്ന് കോണ്‍ഗ്രസും ആരോപിച്ചു. തന്‍റെ മുട്ടിന് പരിക്കേറ്റെന്ന് ഖര്‍ഗെ പറഞ്ഞു. തനിക്കെതിരായ ആരോപണങ്ങള്‍ വാര്‍ത്താ സമ്മേളനം വിളിച്ച് നിഷേധിച്ച രാഹുല്‍ ഗാന്ധി, പ്രശ്നമുണ്ടാക്കിയത് ബിജെപി അംഗങ്ങളാണെന്ന് ആരോപിച്ചു. സ്ത്രീത്വത്തെ അപമാനിച്ചുവെന്നും ബലപ്രയോഗം നടത്തിയെന്നുമാണ് ബിജെപി എംപിമാര്‍ക്കെതിരായ കോണ്‍ഗ്രസ് വനിത എംപിമാരുടെ പരാതി.

ചൊവ്വാഴ്ച രാജ്യസഭയിലായിരുന്നു അംബേദ്കറെ ചൊല്ലി അമിത് ഷായുടെ വിവാദ പരാമർശം ഉണ്ടായത്. അംബേദ്കര്‍ എന്നതിന് പകരം ദൈവത്തെ വിളിച്ചാല്‍ കോണ്‍ഗ്രസുകാര്‍ക്ക് സ്വര്‍ഗത്തില്‍ പോകാം എന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം. ഇതിനെതിരെ പ്രതിപക്ഷം വ്യാപക പ്രതിഷേധം അഴിച്ചുവിട്ടത്തോടെ അമിത് ഷായ്ക്ക് പത്രസമ്മേളനം വിളിച്ച് കാര്യങ്ങൾ വിശദീകരിക്കേണ്ടിവന്നിരുന്നു. ഭരണഘടനയെ അംഗീകരിച്ച് മുന്നോട്ടുപോയ സര്‍ക്കാരാണ് ബിജെപിയുടേതെന്നും ഭരണഘടനയേയും അംബേദ്കറേയും അപമാനിക്കുന്നത് കോണ്‍ഗ്രസ് ആണെന്നും സത്യം അസത്യം കൊണ്ട് മൂടി കോൺഗ്രസ് കള്ളപ്രചാരണം നടത്തുകയാണെന്നും അമിത് ഷാ പറഞ്ഞിരുന്നു.

Send your news and Advertisements

You may also like

error: Content is protected !!